ചെങ്കല്‍ സുധാകരന്‍
അനേകവര്‍ഷം തപം ചെയ്ത് സിദ്ധിനേടിയ മാമുനീന്ദ്രനാണ് മേധാവി. അന്വര്‍ത്ഥസമാവായ അദ്ദേഹത്തിന് തപോനിധിയായിട്ടും ‘അഹം’ എന്ന ശിലാഖണ്ഡത്തെ പൂര്‍ണ്ണമായും ഉടച്ചുമാറ്റാന്‍ കഴിഞ്ഞില്ല! സാത്വികഗുണത്തിന് അങ്ങനെയൊരവസ്ഥയുണ്ട്. രാജര്‍ഷിയോ സന്യാസിയോ യോഗിയോ ആരോ ആകട്ടെ, സത്വഗുണവാന്റെ ഉള്ളിന്റെയുള്ളില്‍ ഒരു ‘ഞാന്‍’ എപ്പോഴും ഉണര്‍ന്നിരിക്കും. വിവേകദൃഷ്ടിപൂര്‍ണ്ണമായി വികസിക്കുന്നതുവരെ ആ നില തുടരും. അത്തരമൊരന്തരാള ദശയിലായിരുന്ന മേധാവി. അദ്ദേഹത്തിനടുത്തേയ്ക്കാണ് ‘അപരാന്തരരാമന്‍’ എത്തുന്നത്. പരാപരവിദ്യകള്‍ തിരിച്ചറിഞ്ഞ് അതിന്റെ അറ്റത്തോളം എത്താന്‍ കഴിഞ്ഞ യതീന്ദ്രനാണദ്ദേഹം. എന്നാലും ചില സന്ദര്‍ഭങ്ങളില്‍, എരിഞ്ഞവിറകിന്റെ ആകൃതിയില്‍ കരിക്കട്ടെ ശേഷിക്കുംപോലെ, നിയതേന്ദ്രിയനെങ്കിലും, ഉള്ളില്‍, ‘അഹം’ കെടാതെ കിടന്നിട്ടുണ്ട്. അതിനാലാണ് തന്നെ ആദരിച്ചില്ലെന്നതില്‍ വിദ്വേഷം തോന്നിയത്. താന്‍ ആദരിക്കപ്പെടേണ്ടവനാണെന്നും അതു ചെയ്യാത്തവര്‍ അധര്‍മ്മികളാണെന്നും വിചാരിക്കത്തക്കവിധം ആ ഭാവം വിജൃംഭീതമായി. അതിനാലാണ് കോപിഷ്ടനായതും ശപിച്ചതും!
ശപിക്കുന്നതു നല്ല സ്വഭാവമല്ല. ശപിക്കുന്നവരുടെ ആര്‍ജ്ജിതപുണ്യം നശിച്ചുപോകുമെന്നാണ് സങ്കല്പം! അതറിയാത്തയാളല്ല അപരാന്തരതമന്‍. ‘ക്ഷോഭിക്കുന്നയാളുടെ സുസജ്ജമായി ഭാഷപോലും വികലമായിപ്പോകും. അതുകൊണ്ടാണ് അനുഗ്രഹം പരിചയിച്ച നാവ് ശാപസന്നദ്ധമായത്.
ശാപഗ്രസ്തനായ മേധാവി ശൈലരൂപത്തിലായി. വിഷ്ണുഭക്തകയാല്‍ അദ്ദേഹത്തിന് പൂര്‍വ്വസ്മരണ മങ്ങിയില്ല. ശൈലരൂപത്തില്‍ നിന്നുകൊണ്ടുതന്നെ ധ്യാനമഹന്നാദികളിലേര്‍പ്പെട്ടു. നാരായണഭജനത്തിലൂടെ പരഗതിയുണ്ടാകാന്‍ ആഗ്രഹിച്ചു. ദേവര്‍ഷിനാരദന്റെ സ്‌നേഹാദരങ്ങള്‍ നേടാനായത് ആ ഭക്തിയുടെ നിറന്നനിലാവ് കതിര്‍വീശിയതുകൊണ്ടാണ്. മഹര്‍ഷിയുടെ കാരുണ്യമാണ് ദ്വാരകാമാഹാത്മ്യം കേള്‍പ്പിച്ചതിലൂടെ വ്യക്തമായത്. ഭക്തനായ രൈവതത്തിന് വിഷ്ണുവിന്റെ ഭൂലോകസ്ഥാനമായ ദ്വാരകയില്‍ ചെന്നു വസിക്കണമെന്ന തോന്നലുണ്ടാവുക സ്വാഭാവികം! ശ്രീ ഭഗവാന്റെ ആസ്ഥാനവും പുണ്യതീര്‍ത്ഥങ്ങള്‍ പലതുന്നതമായ ദ്വാരകയില്‍ ആ ഗിരി ബലാലാകൃഷ്ടനായി. എങ്ങനെയെങ്കിലും അവിടെ ചെന്നെത്തണമെന്ന ഉദ്ദേശ്യത്തോടെ ഹരിഭജനമാരംഭിക്കുകയും ചെയ്തു. ഒപ്പം തന്നെ സഹായിക്കണമെന്ന് നാരദമഹര്‍ഷിയോടഭ്യര്‍ത്ഥിക്കകുയം ചെയ്തു.
മേധാവിയാണെങ്കിലും (ജ്ഞാനിയാണെങ്കിലും) അവിവേകിയായിപ്പോയ വ്യക്തിയെയാണ് നാം ഗൗതമശിഷ്യനില്‍ കാണുന്നത്. തജ്ജന്യമായ ‘അഹമാ’ണ് ഗുരുനിന്ദയ്ക്കു കാരണമായത്. അപരാന്തരതമന്‍ ഗുരുനാഥന്റെ പ്രതീകമാണ്. ശിഷ്യന്‍ തന്മയാര്‍ന്നവനും ഗുണപുഷ്‌ക്കലനുമായിരിക്കണമെന്നാണ് ഗുരുക്കന്മാര്‍ ആഗ്രഹിക്കുന്നത്. അതില്‍ ഏതംശം കുറഞ്ഞാലും അവര്‍ക്ക് തീരാത്ത വ്യസനമുണ്ടാകും. ശിഷ്യന്‍ വളര്‍ന്ന് ശ്രേഷ്ഠസ്ഥാനത്തെത്തണമെന്ന ഗുരുഭാവന തടസ്സപ്പെടുമ്പോള്‍ ‘ഉച്ചലജലധിതരംഗം’പോലെ മനമാടിയുലയുന്നു പിന്നെ മനസ്സ്, കൈപ്പിടിയിലില്ലാതായിപ്പോകുന്നു. ആ ദുര്‍ബ്ബലതയാണ് ശാപരൂപത്തില്‍, പ്രത്യക്ഷമായത്!
ഗുരുശാപം ശിഷ്യോന്നതി ലാക്കാക്കിയുള്ളതാണ്. ‘ത്വം ശൈലോ ഭവ ദുര്‍മ്മതേ’ എന്ന ശാപവാക്കുകളനുസരിച്ച് മേധാവി വലിയ പര്‍വ്വതമായി മാറി. ഈ ശൈലരൂപവും ആലോചനാകൃതമായ പ്രതീകമാണ്. ‘അചലം’ ചലിക്കാത്തതാണ്. മേധാവി അചലമായി. കഥാ സൗകര്യത്തിന്, പൂജ്യനായ മുനിയെ ആദരിച്ചില്ലെന്നും കണ്ടെന്നു നടിച്ചില്ലെന്നും പറഞ്ഞിരിക്കുന്നു. അതുവെളിവാക്കുന്നത് അറിവിന്റെ കുറവാണ്. നിറവാകേണ്ടതിനുപകരം കുറവുണ്ടായെങ്കില്‍ പരിഹരിക്കേണ്ട ചുമതല ഗുരുവിനാണ്. അപരാന്തരതമന്‍ നല്‍കിയ ശാപം, നിരന്തരപരിശ്രമത്തിലൂടെ ഹൃദയദൗര്‍ബ്ബല്യം പരിഹരിച്ച് ദാര്‍ഢ്യം നേടാനുള്ള പരിശീലനമാണ്. ആ അചലരൂപം, മനസ്സിളകാത്ത വിധത്തിലുള്ള തപസ്സാണ്. പ്രസ്തുത തപസ്സിന്റെ പ്രതിരൂപാത്മരൂപമാണ് അചലത്വം!
നാരദന്‍, യാദൃച്ഛികമായി, ശൈലരൂപിയായ മേധാവിയുടെ അടുക്കലെത്തി ദ്വാരകാ മാഹാത്മ്യമാണ് ഋഷിവര്യന്‍, അചലവരനോടുപറഞ്ഞത്. അതോടെ ശൈലത്തിന് ദ്വാരകയിലേക്കു പോയാല്‍ കൊള്ളാമെന്ന താല്പര്യം വളര്‍ന്നു. ഇത് സ്വാഭാവികമായ ഒരു പരിണാമമാണ്. ഗുരുപദേശമനുസരിച്ച് തപം ചെയ്ത മേധാവിക്ക് ഐശ്വര്യമായ താല്പര്യം വര്‍ദ്ധിച്ചു. ദ്വാരകാ പ്രയാണത്തിന് കൊതിപൂണ്ടു. ദ്വാരക മോക്ഷദ്വാരമാണ്. ഈശ്വരാവാസസ്ഥാനമാണ്. അവിടേയ്ക്ക് താല്പര്യം കൊള്ളുന്നത് ഭക്തന്റെ സ്വഭാവമാണ്. എത്രയും വേഗം ആ സന്നിധാനങ്ങളിലെത്താനാണ് ഈശ്വരാഭിമുഖ്യമുള്ള വ്യക്തി ആഗ്രഹിക്കുക! ഇച്ഛയുണ്ടാവുകയും വിധി അനുകൂലമാവുകയും ചെയ്താല്‍ അഭിലാഷങ്ങള്‍ സാദ്ധ്യമാവുകതന്നെ ചെയ്യും. ഗുരുകൃപയും ഈശ്വരകൃപയും അതിന് വേഗത വര്‍ദ്ധിപ്പിക്കും.
സ്വപുത്രനെ രൈവതന്‍ കൊണ്ടുപോകുന്നതു തടയാന്‍ ശ്രീശൈലം ഇതര ഗിരീന്ദ്രന്മാരുടെ സഹായം തേടി. അവരെല്ലാം ചേര്‍ന്ന് രൈവതനെ തടഞ്ഞു. യുദ്ധം ചെയ്തു. ‘രൈവത’ ശബ്ദം ചേര്‍ന്ന് രൈവതനെ തടഞ്ഞു. യുദ്ധം ചെയ്തു. ‘രൈവ’ ശബ്ദത്തിന് സ്വര്‍ണ്ണം, ധനം എന്നിങ്ങനെ പല അര്‍ത്ഥങ്ങളുണ്ട്, ‘വതഃ’ ശബ്ദത്തിന് സ്വര്‍ണ്ണത്തില്‍ സന്തോഷമുള്ളവന്‍ എന്നര്‍ത്ഥം കണ്ടെത്താം. ശബ്ദത്തിന്റെ വ്യാച്യാര്‍ത്ഥമുപേക്ഷിച്ച് ലക്ഷ്യാര്‍ത്ഥത്തിലേയ്ക്കു കടന്നാലേ സത്യം ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ! സ്വര്‍ണ്ണത്തിന് ധനമെന്ന സാമാന്യാര്‍ത്ഥത്തെക്കാള്‍ ജ്ഞാനം എന്ന അര്‍ത്ഥമെടുക്കുന്നതായാല്‍ കൂുടുതല്‍ യുക്തിയുണ്ടാകും. ജ്ഞാനി(വിവേകി) തിരയുന്നത് അചലാബുദ്ധിയെയാണ്. അനശ്വരമായ ജ്ഞാനാര്‍ജ്ജനമാണ് ജിജ്ജാസുവിന്റെ ലക്ഷ്യം! ജ്ഞാനസിദ്ധ സമ്പന്നനായ വ്യക്തി പാകജ്ഞാനം തേടിച്ചെന്ന് ശൈലാകൃതിപൂണ്ട മേധാവിയെ കൈക്കലാക്കിനടന്നു. എന്നാല്‍ ശ്രീശൈലവും കൂട്ടരും രൈവതന്റെ സുഖഗതിമുടക്കി. അദ്ദേഹം ശൈലവൃന്ദത്തെ പടയില്‍ തോല്പിച്ച് ഗിരിശ്രേഷ്ഠനേയുംകൊണ്ട് ദ്വാരകയിലേക്കു മടങ്ങി. ജ്ഞാനപ്രാപ്തിക്കായുള്ള ശ്രമത്തിനിടയില്‍ വന്നുചേരുന്ന തടസ്സങ്ങളെ തട്ടിനീക്കി ലക്ഷ്യം നേടാന്‍ ജ്ഞാനമാര്‍ഗ്ഗചാരിയായ യോഗി ശ്രമിക്കും. രൈവതന്‍ ശൈലരാജനേയും വഹിച്ചുകൊണ്ട് ദ്വാരകയിലെത്തി. ആ പര്‍വ്വതത്തിനെ ഉചിതസ്ഥാനത്തുപ്രതിഷ്ഠിച്ചു. നിരന്തരശ്രമിത്തിലൂടെ നേടിയ സത്യജ്ഞാനം, വേണ്ടപോലെ പ്രയോഗിച്ച് സിദ്ധിനേടിയെന്നു സാരം!
Discussion about this post