നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ രാജ്യാന്തര തുറമുഖത്തിനായി ഒരുക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ നീക്കം തുടങ്ങി. കുളച്ചല്‍ തുറമുഖം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജയലളിതയെ നേരില്‍കണ്ട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്രാധാകൃഷ്ണന്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനം അനിശ്ചിതത്വത്തിലായാല്‍ ഉടന്‍ കുളച്ചലിന് നറുക്കുവീഴുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ നീക്കം.
കുളച്ചലില്‍ മല്സ്യബന്ധനതുറമുഖവും രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്മിനലുമാക്കാനാണ് പ്രാഥമിക ശ്രമം. മുഖ്യമന്ത്രി ജയലളിത ഇവിടെ പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി തേടി.തൂത്തുക്കുടി ചിദംബരനാര്‍ തുറമുഖ ട്രസ്റ്റിന്റെ നേതണ്ടൃത്വത്തില് പ്രാഥമിക പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചു കഴിഞ്ഞു. അതിനിടെ കുളച്ചല്‍ തുറമുഖം കേന്ദ്രത്തിന് കൈമാറുകയാണെങ്കില്‍ ഇവിടെ രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയും കന്യാകുമാരി എം.പിയുമായി പൊന്രാധാകൃഷ്ണന് വ്യക്തമാക്കി.
വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 36 കിലോമീറ്റര്‍ മാത്രം. 19.8 നോട്ടിക്കല്ൈമല് മാത്രമാണ്. വിഴിഞ്ഞത്തെപ്പോലെ തന്നെ രാജ്യാന്തര കപ്പല്‍ചാലില്‍ നിന്ന് ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ കുളച്ചലിലേക്കും. എന്നാല്‍ സ്വാഭാവിക ആഴം കൂടുതല്‍ വിഴിഞ്ഞത്തിനാണ്. 20 മീറ്റര്‍ ആഴമുള്ള ഇവിടെ 22,000 ടി.ഇ .യു ശേഷിയുള്ള പടുകൂറ്റന്‍ കപ്പല്‍ അടുപ്പിക്കാനാകും. കുളച്ചലില്‍ 15 മീറ്ററാണ് ആഴം. മാത്രമല്ല രാജ്യാന്തര കപ്പല്‍ ചാലിലേക്കുള്ള മാര്‍ഗം തെളിക്കാന്‍ അടിത്തട്ടറിലെ പാറകള്‍ പൊട്ടിക്കേണ്ടിവരും. പക്ഷേ കേരളത്തിലെ തടസ്സങ്ങള്‍ മുതലെടുത്ത് ഏതുവിധേനയും തുറമുഖം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് തമിഴ്നാട്.
Discussion about this post