തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷലിപ്തമായ പച്ചക്കറികള്‍ കൊണ്ടുവരുന്നത് തടയുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി, സംസ്ഥാനതല സമിതിയും മേഖലാ സമിതികളും രൂപവല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയം നടത്തുമെന്നും ഉദ്യോഗസ്ഥതലത്തില്‍ അന്തര്‍സംസ്ഥാന ഏകോപനയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ഭക്ഷ്യസുരക്ഷാവകുപ്പിനെ ശക്തിപ്പെടുത്തും. 80 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി ലാബുകളുടെ നിലവാരം ഉയര്‍ത്തും. ലാബുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ഉപകരണങ്ങള്‍ വാങ്ങാന്‍ 2.45 കോടി രൂപ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലാബിലും എറണാകുളം റീജിയണല്‍ അനലറ്റിക്കല്‍ ലാബിലും ജിസിഎംഎസ്എംഎസ് മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കോഴിക്കോട് റീജിയണല്‍ അനലറ്റിക്കല്‍ ലാബിലും ഈ മെഷീന്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലാബുകളിലേക്ക് ഐ.സി.പി. മെഷീനുകളും ലഭ്യമാക്കും. ഹോട്ടല്‍ ഭക്ഷണങ്ങളില്‍ മായം ചേര്‍ക്കുന്നതു തടയാന്‍ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍, ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ, പരിശോധനകള്‍ കര്‍ശനമാക്കും. പൊതു വിപണിയിലെ കറി പൗഡറുകള്‍, മസാലക്കൂട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബ്രാന്‍ഡഡ് ഭക്ഷ്യോല്‍പ്പന്നങ്ങളും പരിശോധിക്കും.
കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുംവേണ്ടി വിപുലമായ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കും. പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. സ്‌കൂളുകളിലും മറ്റും ലഭ്യമായ സര്‍ക്കാര്‍വക ഭൂമിയില്‍ കഴിയുന്നത്ര പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിക്കും. അടുക്കളത്തോട്ടങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചത് ആശാവഹമാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പച്ചക്കറിയുല്പാദനം ആവശ്യത്തിന്റെ നാല്പതുശതമാനത്തില്‍നിന്നും എഴുപത് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ശേഷിക്കുന്ന മുപ്പതുശതമാനത്തിന്റെ ആവശ്യംകൂടി പരിഹരിക്കാന്‍ കൃഷിവകുപ്പ് നടപടികള്‍ സ്വീകരിക്കും. ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്തെ എല്ലാ പച്ചക്കറി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കും. പച്ചക്കറികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും, ഭക്ഷ്യസുരക്ഷാഗുണനിലവാരനിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. ഇതിന് ജൂലൈ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാകേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ടി.വി. അനുപമ, മറ്റു വകുപ്പുതല സെക്രട്ടറിമാര്‍, ഇതര ഉന്നതതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post