കൊച്ചി: ഫൈവ് സ്റ്റാർ ഒഴികെയുളള ബാർ ഹോട്ടലുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ മദ്യത്തിന്റെ അനധികൃതമായ ഉൽപ്പാദനവും വിപണനവും നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ മൂൺഷൈൻ എന്ന പേരിൽ എക്‌സൈസിന്റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി. ജൂലൈ 15 വരെ നീളുന്ന സ്‌പെഷ്യൽ ഡ്രൈവിൽ കള്ളുഷാപ്പുകൾ, ബാറുകൾ, ബിയർ ആന്റ് വൈൻ പാർലറുകൾ, വിദേശ മദ്യവില്പനശാലകൾ, അരിഷ്ടാസവങ്ങൾ നിർമാണ, വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ പി. ജയരാജൻ അറിയിച്ചു.
ഓപ്പറേഷന്റെ ഭാഗമായി എറണാകുളം ജില്ലയുടെ രണ്ട് ഭാഗങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ പ്രവർത്തനമാരംഭിച്ചു. എറണാകുളം ഡിവിഷൻ ഓഫീസിലും കൺട്രോൾ റൂം ആരംഭിച്ചു. വ്യാജമദ്യ-മയക്കുമരുന്ന് നിർമ്മാണം, വ്യാജമദ്യ മയക്കുമരുന്ന് വില്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസൻസ് ഇല്ലാതെയുളള വൈൻ നിർമ്മാണം, അനധികൃതമായി മയക്കുമരുന്ന് മദ്യം സംഭരിക്കൽ തുടങ്ങിയവ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ്-എക്‌സൈസ്-റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തും.
പ്രധാന റോഡുകളിൽ രാത്രികാല വാഹന പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ നമ്പറുകൾ: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ 0484-2390657, അസി.എക്‌സൈസ് കമ്മീഷണർ 0484 2627480, ജില്ലാ കൺട്രോൾ റൂം: 0484 2390657, 9447178059.
Discussion about this post