വില്ലുവണ്ടിയിലേറി ഒരു യുഗവിപ്ലവത്തിന്
അയ്യന്‍കാളിയെന്ന യുഗവിപ്ലവകാരിയുടെ ചരിത്രമാരംഭിക്കുന്നത് വില്ലുവണ്ടി വിപ്ലവത്തോടെയാണ്. സവര്‍ണര്‍ അയിത്ത ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച അനാചാരങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ സന്ദര്‍ഭത്തിലാണ് അയ്യന്‍കാളി രണ്ടും കല്പിച്ച് സന്നദ്ധ സംഘവുമായി വില്ലുവണ്ടിയിലേറി സവര്‍ണന്റെ അനീതിക്കെതിരെ പൊരുതുവാന്‍ തയ്യാറായത്. അയ്യന്‍കാളിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സവര്‍ണര്‍ അസഹിഷ്ണുതയും ഉത്കണ്ഠയും പ്രകടിപ്പിച്ചിരുന്നു. പരമ്പരാഗതമായി നിലനിന്നിരുന്ന ആചാരങ്ങള്‍ (അനാചാരങ്ങള്‍) ക്കെതിരെയുള്ള പ്രവര്‍ത്തനഫലമായി അയ്യന്‍കാളിയെ നിക്ഷേധിയെന്നും ധിക്കാരിയെന്നും സവര്‍ണര്‍ വിശേഷിപ്പിച്ചു. ഈ വിശേഷണം കൊണ്ടൊന്നും അയ്യന്‍കാളി തന്റെ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കുന്ന സ്വഭാവം അയ്യന്‍കാളിക്കില്ലായിരുന്നു. ഒന്നുകില്‍ പാറ അല്ലെങ്കില്‍ വെള്ളം. അതാണ് അയ്യന്‍കാളിയെ സമുദായക്കാര്‍ ഊര്‍പിള്ളയെന്നും മൂത്തപിള്ളയെന്നും വിളിച്ച് ആദരവു പ്രകടിപ്പിക്കാനും മറക്കാത്തത്.
സന്നദ്ധസംഘം രൂപീകരിച്ച് സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ അയ്യന്‍കാളിയില്‍ പ്രകടമായ മാറ്റം കണ്ടിരുന്നതായി ആ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സംഘം ആദ്യകാലത്ത് ചെയ്തിരുന്നത് അടിസ്ഥാനപരവും ക്രിയാത്മകവുമായ അന്വേഷണങ്ങളും ബോധവല്‍ക്കരണവുമായിരുന്നു. അയ്യന്‍കാളിയും സന്നദ്ധസംഘവും അതിനായി സാധുജനങ്ങളുടെ കുടിലുകള്‍ സന്ദര്‍ശിച്ച് അവരുടെ സങ്കടങ്ങളും സങ്കടകാരണങ്ങളും കേട്ടറിയുകയും പോംവഴികള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പൂച്ചയ്ക്കും പട്ടിക്കും യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുമായിരുന്ന പൊതു നിരത്തുകളിലൂടെ പുലയര്‍ തുടങ്ങിയ ജനങ്ങളെ വഴി നടക്കാന്‍ അനുവദിക്കാത്ത സവര്‍ണ നീതിയോട് അയ്യന്‍കാളിക്ക് പരമപുച്ഛമായിരുന്നു തോന്നിയത്. ഈ സമ്പ്രദായത്തെ എന്തുവിലകൊടുത്തും അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് അയ്യന്‍കാളി തന്റെ സന്നദ്ധ സംഘത്തോടൊപ്പം ദൃഢപ്രതിജ്ഞയെടുത്തു. പിന്നത്തെ ശ്രമങ്ങള്‍ അതിനുവേണ്ടിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ അയ്യന്‍കാളിയുടെ ജനനത്തിനു മുന്‍പുള്ള ഒരു നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെന്തു സംഭവിച്ചുവെന്നു കൂടി അറിയുന്നത് നന്നായിരിക്കും. 1783 സെപ്തംബറില്‍ രാമവര്‍മ്മയെന്ന ധര്‍മ്മരാജാവിനെ മുഖം കാണിക്കാന്‍ വന്ന ബര്‍ത്തലോമിയോ എന്ന വിദേശ മിഷനറിക്ക് പത്മനാഭപുരത്തെത്തി മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ പറ്റാത്ത രീതിയില്‍ പല്ലക്ക് വാഹകര്‍ കടന്നുകളഞ്ഞു. കാരണം വിദേശ മിഷനറിക്കും അന്ന് കടുത്ത അയിത്തമുണ്ടായിരുന്നു. അയിത്തമുള്ള ഒരു പള്ളിപ്പാതിരിയെ പല്ലക്കില്‍ കയറ്റാതിരിക്കാനാണ് പല്ലക്കുകാര്‍ മുങ്ങിയത്. ഒടുവില്‍ ബര്‍ത്തലോയിയോക്ക് 12 മൈല്‍ കാല്‍ നടയായി സഞ്ചരിച്ച് പത്മനാഭപുരത്തെത്തേണ്ടതായി വന്നു. അദ്ദേഹം എഴുതിയ കത്തില്‍ ബ്രാഹ്മണരൊഴികെ മറ്റാരും രാജപാതയില്‍ കാല്‍നടയാത്ര ചെയ്യാന്‍ ധൈര്യം കാട്ടിയിരുന്നില്ല എന്നാണ്. ബര്‍ത്തലോമിയോ കാല്‍നടയാത്രക്കിടയില്‍ അത് ശ്രദ്ധിച്ചിരുന്നു. പത്മനാഭപുരം കൊട്ടാരത്തിലെത്തിയാല്‍ അശുദ്ധമാകുമെന്ന് കരുതി രാമവര്‍മ്മ തമ്പുരാന്‍ ബര്‍ത്തലോമിയോയെ തന്റെ സെക്രട്ടറിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. 1 അപ്പോള്‍ പരമസാധുക്കളായ അയിത്ത ജാതിക്കാരുടെ അവസ്ഥയെന്തായിരുന്നുവെന്ന് ഊഹിക്കുകയേ വേണ്ടു. ബര്‍ത്തലോമിയോ സന്ദര്‍ശനം നടത്തിയ ഒരു നൂറ്റാണ്ടിനുള്ളില്‍ വച്ചായിരുന്നു അയ്യന്‍കാളി വില്ലുവണ്ടി തിരുവിതാംകൂറിലെ പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ഓടിച്ചത്.
പൊതുവഴികളിലൂടെ അവര്‍ണര്‍ക്കും മറ്റുള്ളവരോടൊപ്പം സഞ്ചരിക്കാനുള്ള സാമൂഹ്യ വിലക്കുകളെ പരസ്യമായി ലംഘിക്കാനായിരുന്നു അയ്യന്‍കാളിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിനു വേണ്ടി അയ്യന്‍കാളി ചിത്രപ്പണികള്‍ നടത്തിയ ഒരു വില്ലുവണ്ടി തമിഴ്‌നാട്ടില്‍ നിന്നും വിലയ്ക്കുവാങ്ങി. ഇത്തരം വില്ലുവണ്ടികള്‍ ആ കാലത്ത് ബ്രാഹ്മണരും നായന്മാരുമൊക്കെയേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. കാളവണ്ടിയുടെ തന്നെ പരിഷ്‌ക്കരിച്ച പതിപ്പായിരുന്നു വില്ലുവണ്ടികള്‍. ഈ വില്ലുവണ്ടികള്‍ സവര്‍ണര്‍ക്കു മാത്രമേ പാടുള്ളൂവെന്നാണ് കരുതിയിരുന്നതെങ്കിലും അയിത്ത ജാതിക്കാര്‍ വിചാരിച്ചാലും വില്ലുവണ്ടിവാങ്ങാനും ഓടിക്കാനും കഴിയുമെന്നു കൂടി അയ്യന്‍കാളി തെളിയിച്ചു. അയ്യന്‍കാളിക്ക് 28 വയസ്സായ കാലത്താണ് ഐതിഹാസികമായ വില്ലുവണ്ടി വിപ്ലവം തുടങ്ങിയത്. 1893-ല്‍ ഒരു ദിവസം അരോഗദൃഢഗോത്രരായ രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ അയ്യന്‍കാളി ഒറ്റയ്ക്കു കയറി നിന്നുകൊണ്ട് കാളകളെ തെളിച്ച് വെങ്ങാനൂരിലെ പൊതു നിരത്തിലൂടെ ചരിത്രത്തിലെ ആ വില്ലുവണ്ടി ആദ്യത്തെ കന്നി ഓട്ടം നടത്തി. പിന്നാലെ സന്നദ്ധ സംഘവും ഉണ്ടായിരുന്നു. വെള്ള അരകൈയ്യന്‍ ബനിയനും മുണ്ടും തലയില്‍ക്കെട്ടുമായിരുന്നു അയ്യന്‍കാളിയുടെ വേഷം. കൈയ്യില്‍ ചാട്ടവാറും പിടിച്ചിരുന്നു. അന്നുവരെ അവര്‍ണര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത പൊതുനിരത്തിലൂടെ ആ വില്ലുവണ്ടി പാഞ്ഞുവരുന്നതു കണ്ട വെങ്ങാനൂരിലെ നായര്‍ മാടമ്പിമാരും സവര്‍ണ തമ്പുരാക്കന്മാരും ആദ്യമൊന്നു പകച്ചുപോയി. ‘തടയാമെങ്കില്‍ തടയിനെടാ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അയ്യന്‍കാളിയുടെ പടപുറപ്പാട്.പകച്ചുപോയിരുന്ന സവര്‍ണ മാടമ്പിമാരുടെ വിരിമാറിലൂടെ ആയിരുന്നു അയ്യന്‍കാളി ഓടിച്ച യാഗാശ്വം പോലത്തെ ആ വില്ലുവണ്ടി മണികിലുക്കി പാഞ്ഞുകൊണ്ടിരുന്നത്.
സ്ഥലകാലബോധം വീണ്ടെടുത്ത സവര്‍ണര്‍ ‘ഈ ധിക്കാരിയെ പിടിച്ചു കെട്ടുവിന്‍’ എന്ന് ആര്‍ത്താര്‍ത്തു വിളിച്ചു. അപ്പോഴേയ്ക്കും ചരിത്രത്തിലെ ആ വില്ലുവണ്ടി അയ്യന്‍കാളിയേയും കൊണ്ട് അങ്ങുദൂരെ മറഞ്ഞു കഴിഞ്ഞിരുന്നു. ഏതാണ്ട് കല്ലിയൂര്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ വിവരമറിഞ്ഞെത്തിയ ഒരു സംഘം നായന്മാര്‍ പുലയന്‍ വില്ലുവണ്ടി ഓടിച്ചു വരുന്നുവെന്ന് പറഞ്ഞ് തടയാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അയ്യന്‍കാളിയുടെ ചാട്ടവാറിന്റെ ചൂട് നായന്മാരും നന്നായി അനുഭവിച്ചു. വില്ലുവണ്ടിയെ അനുഗമിച്ചെത്തിയ അയ്യന്‍കാളിസംഘവും ആവുന്നത്ര അടിചെറുത്തു. പക്ഷെ കുറച്ചുപേര്‍ക്ക് എണ്ണത്തില്‍ കുറവായിരുന്നതുകാരണം നായര്‍ സംഘത്തിന്റെ ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു. അവിടെവച്ച് നായര്‍ പടയെ അയ്യന്‍കാളി വെല്ലുവിളിച്ചു’ ഇതിനുപകരം ഞാന്‍ ഇവിടെ വന്നുവീട്ടും’ അപ്പോള്‍ നായര്‍ സംഘവും പറഞ്ഞു ‘അയ്യന്‍കാളിയും കൂട്ടരും ഇവിടെ വന്നാല്‍ അയ്യന്‍കാളിയുടെ വംശത്തെ ഞങ്ങള്‍ നശിപ്പിച്ചു കളയും’ അയ്യന്‍കാളിയും വിട്ടുകൊടുത്തില്ല. ‘ഇവിടെ വച്ച് നിങ്ങളുടെ ആള്‍ക്കാരെ ഞങ്ങള്‍ പകരം വീട്ടി എന്റെ കാതുകുത്തികടുക്കന്‍ ഇട്ട് വില്ലുവണ്ടിയില്‍ തന്നെ നിങ്ങളുടെ മുന്നില്‍ ഞാനെത്തും’. അയ്യന്‍കാളി പിന്നീട് കാതുകുത്തി ചുമന്ന കല്ലുവച്ച കടുക്കന്‍ ഇട്ടതിന്റെ രഹസ്യം സവര്‍ണറെ വെല്ലുവിളിച്ചതില്‍ നിന്നാണ്. അവിടെ നിന്നും വില്ലുവണ്ടിയില്‍ അയ്യന്‍കാളി തന്റെ ആദ്യത്തെ ജൈത്രയാത്ര തുടര്‍ന്നു.
വെള്ളായണി മുകളൂര്‍ മൂവര്‍ എന്ന സ്ഥലത്തുവച്ച് നായര്‍ സംഘം അയ്യന്‍കാളിയുടെ വില്ലുവണ്ടി വീണ്ടും ചെറുക്കുകയും കാളകളെ അടിച്ചോടിക്കുകയും മറ്റും ചെയ്തു. പകരം അയ്യന്‍കാളി ഒരു നായരുടെ തൊഴുത്തില്‍ കയറി ഒരു കാളയെ പിടിച്ചു കൊണ്ടുവരുകയും വഴി നീളെ അടിച്ച് അതിന് പകരം വീട്ടുകയും ചെയ്തു. തുടര്‍ന്നും വില്ലുവണ്ടിയില്‍ യാത്രതുടര്‍ന്നുവെങ്കിലും പുന്നമൂട് ജംഗ്ഷനില്‍ വച്ച് അയ്യന്‍കാളി ഓടിച്ചു വന്ന വില്ലുവണ്ടിയെ നായന്മാര്‍ സംഘടിതമായിതന്നെ തടഞ്ഞു. അയ്യന്‍കാളി ഒരു മിന്നല്‍പ്പിണര്‍പോലെ വില്ലുവണ്ടിയില്‍ നിന്നും ചാടി താഴെയിറങ്ങി. മുന്നും പിന്നും തിരിഞ്ഞു നോക്കിയില്ല ചാട്ടവര്‍ കൊണ്ട് നായന്മാര്‍ക്കെതിരെ അടിതുടങ്ങി. നായന്മാരും ആക്രമണോത്സുകരായി മുന്നോട്ടാഞ്ഞു. ഞൊടിയിടയില്‍ അയ്യന്‍കാളിപ്പടയും രംഗത്തെത്തിയതോടെ പൊരിഞ്ഞ സംഘട്ടനം നടന്നു.പലര്‍ക്കും പരിക്കേറ്റു നിലത്തു വീണു. പലരും ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. അടിതുടരുന്നതിനിടയില്‍ അയ്യന്‍കാളി വിളിച്ചുപറഞ്ഞു. ‘എന്റെ ജനങ്ങളെ പകല്‍ വെളിച്ചത്തില്‍ ഇറങ്ങിനടക്കാന്‍ അനുവദിക്കണം. അതല്ല ഞങ്ങളെ തടഞ്ഞാല്‍ ആരായാലും ഞങ്ങള്‍ എതിര്‍ക്കും’ ഒരു സിംഹഗര്‍ജ്ജനം പോലെ ആ ശബ്ദം മുഴങ്ങി. കാര്യം പന്തിയല്ലെന്ന് ഭയന്ന സവര്‍ണര്‍ പിന്നീട് പത്തിതാഴ്ത്തി പിരിഞ്ഞുപോയി. ആ വില്ലുവണ്ടി ആദ്യ ദൗത്യം പൂര്‍ത്തിയാക്കി പിന്നീട് പല വഴികളിലൂടെ സഞ്ചരിച്ച് വെങ്ങാന്നൂരിലെത്തിച്ചേര്‍ന്നു. 2
ആദ്യത്തെ വില്ലുവണ്ടി പ്രക്ഷോഭത്തോടെ പിന്നീടാരും വഴിതടയാന്‍ തയ്യാറായില്ല. അയ്യന്‍കാളി അതോടെ നാട്ടിലും അയല്‍നാട്ടിലും സവര്‍ണര്‍ക്കിടയിലുമെല്ലാം പ്രസിദ്ധനായി. അവര്‍ണര്‍ക്ക് അംഗീകരിക്കാന്‍ പോന്നൊരു നേതാവിന്റെ ഉയര്‍ത്തെഴുന്നേല്പായിരുന്നു ആ വില്ലുവണ്ടിയാത്രയിലൂടെ സംഭവിച്ചത്. പിന്നീട് വില്ലുവണ്ടി ഓടിക്കാന്‍ പറ്റിയ ഒരാളെ അയ്യന്‍കാളികണ്ടെത്തി. വെങ്ങാനൂര്‍ ചാവടി നട പുതുവല്‍വിളാകത്തുവീട്ടില്‍ കൊച്ചപ്പിയെന്ന കാളവണ്ടിക്കാരനെ. സ്വന്തമായികാളയും വണ്ടിയുമുണ്ടായിരുന്ന കൊച്ചപ്പിയുടെ തൊഴില്‍ വണ്ടിയടിപ്പായിരുന്നു. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതമായിരുന്നു കൊച്ചപ്പിയുടേത്. അതുകൊണ്ട് കൊച്ചപ്പിയെ ജനങ്ങള്‍ ചണ്ടിക്കൊച്ചപ്പിയെന്നാണ് വിളിച്ചിരുന്നത്. അയാളുടെ ഒരു ചണ്ടി സംഭവം പറയാം. വെങ്ങാനൂര്‍ സ്വദേശി കരുണാകരന്‍നായരുടെ അച്ചന്‍ ചെക്കിലാട്ടിയ എണ്ണയും കൊണ്ടു വരുമ്പോള്‍ ചണ്ടിക്കൊച്ചപ്പിയുമായി എന്തോ കാര്യത്തില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കു തര്‍ക്കം മൂത്തപ്പോള്‍ കൊച്ചപ്പി എണ്ണ കൊണ്ടുവന്ന ചരുവം പിടിച്ചുവാങ്ങി അയാളുടെ മുഖമടക്കി അടിച്ചു. അടിയുടെ ഊക്കില്‍ അയാളുടെ ഒരു കണ്ണ് വെളിയില്‍ ചാടിപ്പോയി. ഇത്തരത്തിലുള്ള ഒരു വില്ലനായിരുന്നു ചണ്ടിക്കൊച്ചപ്പി. ഈ സന്ദര്‍ഭത്തിലാണ് അയ്യന്‍കാളിക്കു ബോധിച്ച കൊച്ചപ്പിയെ വില്ലുവണ്ടി ഓടിക്കാന്‍ ഏല്പിച്ചത്. കൊമ്പന്‍ മീശയും കറുത്ത ശരീരവും ആരേയും കൂസാത്ത പ്രകൃതക്കാരനും നല്ല കായികാഭ്യാസിയുമായിരുന്നു കൊച്ചപ്പി. അയ്യന്‍കാളി ഒഴികെ മറ്റാരു പറഞ്ഞാലും കൊച്ചപ്പി കേള്‍ക്കാറില്ല. പക്ഷെ ഒരിക്കല്‍ പെണ്‍വിഷയത്തില്‍ കൊച്ചപ്പി അയ്യന്‍കാളിയെ ധിക്കരിക്കുകയും തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. അത് വളരെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ആ ഒത്തുപിരിയലുണ്ടായത്. അയ്യന്‍കാളിയുടെ വില്ലുവണ്ടി പോരാട്ട ചരിത്രത്തില്‍ ഒരു നിര്‍ണായക സ്ഥാനമാണ് ചണ്ടിക്കൊച്ചപ്പിക്കുണ്ടായിരുന്നത്. അയ്യന്‍കാളിയുടെ വില്ലുവണ്ടിയില്‍ ആ കാലത്ത് വണ്ടിക്കാരന്‍ കൊച്ചപ്പിയെ കൂടാതെ പയറുമൂട് കൊച്ചപ്പി, ഇന്‍ട്രി ആശാന്‍, ചാര്‍ളി, കേഡിഭാനു എന്നിവരായിരുന്നു അയ്യന്‍കാളിയുടെ ബോഡിഗാര്‍ഡായി എപ്പോഴും വില്ലുവണ്ടിയില്‍ ഉണ്ടായിരുന്നത്.3
അവര്‍ണ ജാതികള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ അയ്യന്‍കാളി അന്നത്തെ സാമൂഹ്യ അനീതികളെ പരസ്യമായി ധിക്കരിച്ചു കൊണ്ട് പൊതുനിരത്തിലൂടെ ഓടിച്ച ചിത്രപ്പണികളുള്ള വില്ലുവണ്ടിക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നതായി ആ കാലത്തു അതുകണ്ട അയ്യന്‍കാളിയുടെ അളിയന്‍ ചുടുകണ്ടംവിള വെളുത്ത മാനേജരുടെ മകന്‍ ബാലകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഒരു കിലോമീറ്റര്‍ ദൂരത്തു നിന്നേ വില്ലുവണ്ടി വരുമ്പോള്‍ അതിന്റെ മണിയൊച്ചകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ്. രണ്ട് കാളകളെ പൂട്ടുന്ന അഗ്രത്തില്‍ അലംകൃതമായ ചിത്രപ്പണികളുള്ള സ്വര്‍ണ നിറമാര്‍ന്ന തകിട്. അതിന്റെ ഒത്ത നടുക്ക് മൂന്ന് ചിലങ്കകള്‍ തൂക്കിയിരുന്നു. വണ്ടിചക്രം ഘടിപ്പിക്കുന്ന ഇരുവശത്തേയും ചാവികളില്‍ ഘടിപ്പിച്ച പിച്ചളകമ്പിയുടെ അറ്റത്തും മൂന്നു ചിലങ്കകള്‍ വീതം കോര്‍ത്തിട്ടിരുന്നു. കൂടാതെ രണ്ടു ഭാഗത്തെ വശങ്ങളിലും മനോഹരമായ ചിത്രപ്പണികള്‍കൊണ്ട് അലംകൃതമായിരുന്നു. വില്ലുവണ്ടിയുടെ മേല്‍ക്കൂര ഓറഞ്ചും ഗോള്‍ഡും കലര്‍ന്ന നിറം കൊടുത്തിരുന്നു. ആരോഗ്യമുള്ള രണ്ട് വെള്ളക്കാളകളെ പൂട്ടിയിരുന്നു. അവയുടെ കൊമ്പുകളിലും ചിത്രപ്പണികള്‍ ചെയ്തിരുന്നു. ഓരോ കാളകളുടെയും കഴുത്തില്‍ വിശേഷപ്പെട്ട ഓരോ മണിയും മണിയുടെ ഇരുഭാഗത്തും മുമ്മൂന്ന് ചിലങ്കകളും കോര്‍ത്തു കെട്ടിയിരുന്നു. വില്ലുവണ്ടി ഓടുമ്പോള്‍ മണികളും ചിലങ്കകളും ഉണ്ടാക്കിയ അഭൗമമായ ശബ്ദം പ്രത്യേകതകള്‍ ഉള്ളതാണ്. രാത്രികാലത്തെ സഞ്ചാരത്തിനായി വില്ലുവണ്ടിയില്‍ ഒരു പാരീസ് തൂക്കുവിളക്കും ഘടിപ്പിച്ചിരുന്നു. 4
സഞ്ചാര സ്വാതന്ത്ര്യം പിടിച്ചുപറ്റാന്‍ അയ്യന്‍കാളി നടത്തിയ സാഹസികമായ പ്രക്ഷോഭത്തോടെഅദ്ദേഹത്തില്‍ അക്ഷീണനായ ഒരു നേതാവുണ്ടെന്ന തോന്നല്‍ അയിത്ത ജാതിക്കാര്‍ക്കുണ്ടായി. അയല്‍ ഗ്രാമങ്ങളിലും അയ്യന്‍കാളി വീരനായകനായി. അവിടങ്ങളില്‍ നിന്നുള്ള അവര്‍ണ ജാതിക്കാര്‍ തങ്ങളുടെ സങ്കടങ്ങളും പരാതികളുമായി വെങ്ങാനൂര്‍ പെരുങ്കാറ്റു വിളയിലെത്തി അയ്യന്‍കാളിയെ നേരില്‍ കണ്ട് തങ്ങളുടെ ആവലാതികള്‍ ബോധിപ്പിച്ചു. അവരെയെല്ലാം അയ്യന്‍കാളി ആശ്വസിപ്പിച്ചു വിട്ടു. ഇതോടുകൂടി അയ്യന്‍കാളിയും സംഘവും കൂടുതല്‍ കരുത്തുനേടി കര്‍മ്മമണ്ഡലത്തില്‍ പ്രവേശിക്കാന്‍ സന്നദ്ധരായി. സകല സന്നാഹത്തോടും ബാലരാമപുരത്ത് ആറാലുംമൂട് ചന്തലക്ഷ്യമാക്കി പുറപ്പെടാന്‍ തീരുമാനമെടുത്തു. ഇതിനിടെ ആറാലുംമൂട് ചന്തയില്‍ മറ്റൊരു സംഭവമുണ്ടായി. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ അര്‍ദ്ധ നഗ്നയായ ഒരു പുലയ സ്ത്രീയുടെ മാറില്‍ സവര്‍ണനല്ലാത്ത ഒരു മുസ്ലിം മടമ്പി കടന്നുപിടിച്ചു. ആ കാലത്ത് പുലയസ്ത്രീകള്‍ക്ക് മാറില്‍ ശീല പാടില്ലായിരുന്നുവെന്നാണ് സവര്‍ണ നീതി. ഈ നിതി ലംഘിച്ച് റൗക്കധരിച്ചെത്തിയ പുലയ സ്ത്രീയെ ആണ് സവര്‍ണനല്ലാത്ത മുസ്ലീം മാടമ്പി ചക്കിലിയരുടെ സഹായത്തോടെ പീഡിപ്പിക്കാന്‍ മുതിര്‍ന്നത്. ബാലരാമപുരത്തും പരിസരത്തും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് നെയ്ത്തുകാരായ ചക്കിലിയ സമുദായക്കാരെക്കൊണ്ട് പാര്‍പ്പിച്ചിരുന്നു. അവര്‍ക്ക് അവര്‍ണരോട് രോഷം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ലെങ്കിലും സവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് ചക്കിലിയര്‍ മുസ്ലിം മാടമ്പിമാരോടൊപ്പം അവര്‍ണ സ്ത്രീയെ ആക്രമിക്കാന്‍ മുതിര്‍ന്നത്. ഈ സംഭവം കൂടി അയ്യന്‍കാളി അറിഞ്ഞതോടെ ആറാലുംമൂട് ചന്തയിലേക്ക് തന്റെ സന്നദ്ധ സംഘത്തോടൊപ്പം സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടും അവര്‍ണ സ്ത്രീകളുടെ മാനം ആവശ്യപ്പെട്ടും ജാഥയായിട്ടെത്തി. ബാലരാമപുരം ചാലിയത്തെരുവില്‍ അയ്യന്‍കാളിയും സംഘവും പ്രവേശിച്ചതോടെ നേരത്തെ അവിടെ കേന്ദ്രീകരിച്ചിരുന്ന മുസ്ലീം മാടമ്പിമാരും ചക്കിലിയന്മാരും ചേര്‍ന്ന് ചെറുത്തു. അതോടെ സംഘട്ടനമാരംഭിച്ചു. വളരെ ശക്തമായ അടിതന്നെയുണ്ടായി. ഇരുഭാഗത്തും അടിയേറ്റ് ആളുകള്‍ക്ക് പരിക്കേറ്റു. പലരും ശരീരത്തില്‍ മുറിവേറ്റു വീണു. പൊരിഞ്ഞ സംഘട്ടനത്തിനൊടുവില്‍ അയ്യന്‍കാളിക്കും സംഘത്തിനും എണ്ണത്തില്‍ കൂടുതലുള്ള പിന്നോക്കക്കാരെ നേരിടാനാവാതെ തിരിച്ചുപോരേണ്ടതായി വന്നു. അല്ലെങ്കില്‍ അയ്യന്‍കാളി സംഘത്തിലെ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്നാണ് പഴമക്കാരില്‍ നിന്നും കേട്ടറിഞ്ഞതും അന്വേഷണത്തില്‍ ലഭിച്ച വിവരവും. 1899-ല്‍ നടന്ന ഈ സാധുജനവിമോചന പോരാട്ടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് മുറിവുകള്‍ ഏറ്റിരുന്നു.
ഈ സംഭവം കാട്ടുതീപോലെ തിരുവിതാംകൂറിലെങ്ങും പരന്നു കഴിഞ്ഞു. പലേടത്തും അവര്‍ണരും സവര്‍ണരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. കഴക്കൂട്ടം, കണിയാപുരം, ചെന്നിത്തല, നെടുമങ്ങാട്,കാവാലം, നേമം, മണക്കാട്, പേട്ട, പാറശ്ശാല,പരശുവയ്ക്കല്‍, അമരവിള, നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതോടെ ഭീകരമായ ഏറ്റുമുട്ടലുകള്‍ (ലഹളകള്‍) പടര്‍ന്നു പിടിച്ചു. വളരെ കൂടുതല്‍ അവര്‍ണര്‍ ക്രൂരമായി സവര്‍ണരുടെ ആക്രമണങ്ങള്‍ക്ക് വിധേയരായി. അവര്‍ണ കുടിലുകള്‍ അഗ്നിക്കിരയാക്കി. സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി. അയ്യന്‍കാളിയും അയ്യന്‍കാളിപ്പടയും അടങ്ങിയിരുന്നില്ല. ലഹള ബാധിതപ്രദേശങ്ങളില്‍ അയ്യന്‍കാളി വില്ലുവണ്ടിയില്‍ പടയോടൊപ്പം കടന്നു ചെന്നു അടിച്ചൊതുക്കുകള്‍ തുടരുമ്പോള്‍ സവര്‍ണര്‍ ചരിത്രത്തിലെ ഏറ്റവും നെറികെട്ടതും മൃഗീയവുമായ മര്‍ദ്ദനമുറകള്‍ പുലയര്‍ തുടങ്ങിയ അവര്‍ണരുടെ മേല്‍ അഴിച്ചുവിട്ടു. അവര്‍ണരുടെ സംഘടിതമായ ചെറുത്തുനില്പും നിശ്ചയദാര്‍ഢ്യവും ഇത്തരം സംഘര്‍ഷങ്ങളെ ചെറുക്കാന്‍ കാരണമായി. നെടുമങ്ങാട് ചന്തയില്‍ പോലും അയ്യന്‍കാളിയും അയ്യന്‍കാളി പടയുമെത്തി സവര്‍ണര്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയതിനെത്തുടര്‍ന്നാണ് അവര്‍ണരുടെ മേലുള്ള സവര്‍ണ അതിക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞുള്ളൂ.
അയിത്ത ജാതികള്‍ക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനുള്ള പ്രക്ഷോഭ സമാനമായ സമരമാര്‍ഗ്ഗങ്ങള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അടുക്കല്‍ സവര്‍ണര്‍ എത്തിച്ചിരുന്നുവെങ്കിലും പ്രജാക്ഷേമതല്പരനായ മഹാരാജാവ് സവര്‍ണ നീതിക്കനുകൂലമായ നിലപാടാണ് ആദ്യകാലത്ത് സ്വീകരിച്ചുപോന്നിരുന്നത്. വിശാഖം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്തെ സാമൂഹ്യ നീതി തന്നെ തുടക്കത്തില്‍ ശ്രീമൂലം തിരുനാളും പിന്‍തുടര്‍ന്നതെന്ന കാര്യം പറയാതെ വയ്യ. 1886 ലാണ് ശ്രീമൂലം തിരുനാള്‍ സ്ഥാനാരോഹണം ചെയ്തത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാനാരോഹണം കഴിഞ്ഞ് 13 വര്‍ഷം കടന്നപ്പോഴാണ് അയ്യന്‍കാളി സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി വിപ്ലവം തുടങ്ങിയത്. പക്ഷെ ഇതൊന്നും അറിഞ്ഞിട്ടും രാജ്യത്തെ സകല നികുതികളുടെയും ഉറവിടമായ അവര്‍ണരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു രാജാധികാരിയെന്ന നിലയില്‍ ശ്രീമൂലം തിരുനാള്‍ മിണ്ടാവൃതം അനുഷ്ഠിക്കുകയായിരുന്നു.
ഈ രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാര്‍ ഇതേവരെ മൂടിവച്ചിരുന്ന ഒരു ചരിത്ര രഹസ്യം കൂടി ഇവിടെ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. പുലയരെന്നു പറഞ്ഞാല്‍ ഈ രാജ്യത്തെ അടിമകളും അയിത്തം തുടങ്ങിയ സാമൂഹ്യ അനീതികളും പേറുന്നവരായി മാത്രം കരുതരുത്. അയ്യന്‍കാളി സഞ്ചാരസ്വാതന്ത്ര്യ സമരങ്ങള്‍ തുടങ്ങിയ കാലത്തിന് 158 വര്‍ഷങ്ങള്‍ക്കു മുന്‍പിലേയ്ക്ക് കടന്നുചെല്ലാം. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരിക്കുന്ന കാലം 1741 ആഗസ്റ്റ് 10ന് ആയിരുന്നു കുളച്ചല്‍ യുദ്ധം നടന്നത്. ഡച്ചുകാരും തിരുവിതാംകൂര്‍ സൈന്യവും കുളച്ചലില്‍ വച്ചുള്ള പൊരിഞ്ഞ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി കടല്‍യുദ്ധത്തില്‍ ഡച്ചുക്യാപ്റ്റന്‍ ഡിലനോയിയെ പിടിച്ചുകെട്ടി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മുന്നില്‍ കൊണ്ടു വന്നിട്ടുള്ളത് പുലയറജിമെന്റില്‍പ്പെട്ട പുലയ സൈനികരായിരുന്നുവെന്ന് ‘ക്യാപ്റ്റന്‍ ഡിലനോയിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന ഗ്രന്ഥത്തില്‍ ‘പുലയറജിമെന്റ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന അദ്ധ്യായത്തില്‍ ഡിലനോയി തന്നെ രേഖപ്പെടുത്തുന്നുണ്ട്. ‘കേരളത്തിലെ പുലയര്‍ യോദ്ധാക്കളാകുന്നു’ വെന്നാണ് വിവരിക്കുന്നത്. ഡച്ചുകാരുടെ പീരങ്കിപ്പട സിലോണില്‍ നിന്നും കുളച്ചല്‍ വന്നിറങ്ങി തലസ്ഥാനമായ കല്‍ക്കുളത്തേയ്ക്ക് മുന്നേറിയപ്പോഴാണ് ഡച്ചുകാരെ നേരിടാന്‍ കടല്‍യുദ്ധത്തില്‍ വൈദഗ്ധ്യം സിദ്ധിച്ച പുലയറജിമെന്റിനെ മാര്‍ത്താണ്ഡവര്‍മ്മ നിയോഗിച്ചത്. മൂന്ന് റജിമെന്റുകളാണ് ഇന്ത്യയില്‍ അന്നുണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ള പുലയറജിമെന്റ്,തമിഴ്‌നാട്ടില്‍ നിന്നുള്ള മറവ റജിമെന്റ്, മഹാരാഷ്ട്രയിലെ മഹര്‍ റജിമെന്റ് തുടങ്ങിയവയായിരുന്നു. 5 ഇത്രയേറെ പ്രാധാന്യമുള്ള ഒരു ജനതയെയാണ് ആയില്യം തിരുനാളിന്റെ കാലഘട്ടത്തില്‍ സാമൂഹ്യ അനാചാരങ്ങള്‍ കൊണ്ട് അശുദ്ധരെന്ന് കല്പിച്ചത്. ഈ പുലയ റജിമെന്റിന്റെ പിന്‍ഗാമികളാണ് അയ്യന്‍കാളിയിലും അയ്യന്‍കാളിപ്പടയിലും ദൃശ്യമാകുന്നത്.
വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും അയിത്ത ജനതയുടെ മറ്റ് അവകാശ ധ്വംസനങ്ങള്‍ക്കുവേണ്ടിയും അയ്യന്‍കാളിയും അദ്ദേഹത്തിന്റെ പടയും വില്ലുവണ്ടിയിലേറി നാടെങ്ങും സഞ്ചരിച്ച് പൊരുതി. അവര്‍ണ വിഭാഗങ്ങള്‍ക്ക് അന്ന് അയിത്തത്തിന്റെ പേരില്‍ ചായ കടകളില്‍ കയറി പോലും ആഹാരം കഴിക്കാന്‍ പാടില്ലായിരുന്നു. ചായ കടകള്‍ക്ക് പിന്നിലുള്ള കാലിത്തൊഴുത്തുകളില്‍ ചിരട്ടയിലും മണ്‍പാത്രത്തിലും (കോപ്പകള്‍) ചായ പകര്‍ന്നു കൊടുത്തിരുന്നു. ഇതൊക്കെ അയ്യന്‍കാളി വില്ലുവണ്ടിയിലെത്തി പിടിച്ചു വാങ്ങി ദൂരത്തെറിയുകയും ചിരട്ടയും മണ്‍പാത്രവും തച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ അയ്യന്‍കാളി സവര്‍ണരുടെ നോട്ടപ്പുള്ളിയുമായി തീര്‍ന്നിരുന്നു.
സഹായഗ്രന്ഥങ്ങള്‍:
1.റവ.ഫാ.ബര്‍ത്തലോമിയോ ഗോവായിലെ ആര്‍ച്ച് ബിഷപ്പിന് എഴുതിയ കത്തില്‍ നിന്നും (1783) തിരുവിതാംകൂര്‍ ചരിത്രം പേജ് 207, 208
2. എസ്.പി.വിജയന്റെ അന്വേഷണ രേഖകളില്‍ നിന്നും (2009)
3. എസ്.പി.വിജയന്റെ അന്വേഷണ രേഖകളില്‍ നിന്നും (2009)
4. അയ്യന്‍കാളിയുടെ അളിയന്‍ ചുടുകണ്ടം വിള വെളുത്ത (ചടയന്‍) മാനേജരുടെ മകന്‍ ബാലകൃഷ്ണന് അച്ഛനില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍നിന്നും.
5. ‘ക്യാപ്റ്റന്‍ ഡിലനോയിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’
Discussion about this post