തിരുവനന്തപുരം: സ്വാതന്ത്ര്യ സമരം ശക്തമല്ലാതിരുന്ന തിരുവിതാംകൂറില്‍ നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഒരുപാട് പേര്‍ ആകൃഷ്ടരായത് അത്ഭുതകരമാണെന്ന് പ്രമുഖ ഗാന്ധിയനും ശതായുഷ്മാനുമായ അഡ്വ.കെ.അയ്യപ്പന്‍പിളള പറഞ്ഞു.
1941 ല്‍ ക്യാപ്റ്റന്‍ ലക്ഷ്മി പ്രസംഗിക്കാനെത്തിയപ്പോള്‍ തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്‍ മൈതാനം ചെറുപ്പക്കാരെയും വനിതകളെയും കൊണ്ട് നിറഞ്ഞുകവിഞ്ഞ കാര്യം അയ്യപ്പന്‍പിളള അനുസ്മരിച്ചു. റെയില്‍വേ സ്റ്റേഷനിലെത്തിയ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്വീകരിച്ചവരില്‍ അയ്യപ്പന്‍പിളള മുന്‍നിരയിലുണ്ടായിരുന്നു. നേതാജിയുടെ ജന്മനാടായ കട്ടക്കിലെ ഒഡിയബസാറില്‍ നിന്നുളള പുണ്യമണ്ണ് നിറച്ച കുംഭവുമായി ജന്മമതി ഭാരത യാത്ര നടത്തുന്ന ഉത്കല വികാസ് ജൂബ പരിഷത്ത് പ്രവര്‍ത്തകര്‍ തൈക്കാട്ടുളള വസതിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. രാവിലെ പി.എം.ജി ജംഗ്ഷനിലുളള നേതാജി പ്രതിമയില്‍ പുഷ്പാര്‍ച്ചന ചെയ്തശേഷമാണ് ദേവി പ്രസാദ് പ്രുസ്തിയുടെ നേതൃത്വത്തിലുളള അഞ്ചംഗ സംഘം അദ്ദേഹത്തെ കാണാനെത്തിയത്. ഇന്ത്യക്കാര്‍ നവാബുമാര്‍ക്കും മഹാരാജാക്കന്‍മാര്‍ക്കും എതിരെ പോരാടരുതെന്ന നിലപാടായിരുന്നു നേതാജിയുടെത്. തിരുവിതാംകൂര്‍ രാജഭരണത്തിനെതിരെയുളള സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കാത്തത് ഇക്കാരണത്താലാണ്. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചി പ്രജാമണ്ഡലവും രൂപീകൃതമായതെന്ന് അയ്യപ്പന്‍പിളള അനുസ്മരിച്ചു.
			


							









Discussion about this post