തിരുവനന്തപുരം: അരുവിക്കരയില്‍ കെ.എസ്.ശബരീനാഥന്റെ വിജയം യുഡിഎഫ് സര്‍ക്കാരിന്റെ വിജയം കൂടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞുവെന്ന് ഫലം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ വന്ന ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചുവെന്നും പ്രതിപക്ഷത്തിന്റെ ആക്ഷേപത്തില്‍ കഴമ്പുണ്ടെങ്കില്‍ ഇത്തരമൊരു വിജയമുണ്ടാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നില്ലെന്നാണ് കോടിയേരിയുടെയും പിണറായിയുടെയും പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. തങ്ങളെ തോല്‍പ്പിച്ച ജനങ്ങളെ പരിഹസിക്കുകയാണ് അവര്‍ ചെയ്യുന്നത്. പണവും മദ്യവും ഒഴുക്കിയാണ് യുഡിഎഫ് വിജയിച്ചതെന്ന ആക്ഷേപം ജനങ്ങള്‍ക്കെതിരാണെന്നും പ്രലോഭനങ്ങളില്‍ വീഴുന്നവരാണോ അരുവിക്കരയിലെ വോട്ടര്‍മാരെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം പ്രവര്‍ത്തന ശൈലി മാറ്റാന്‍ തയാറാകുന്നില്ല. ദീര്‍ഘകാലം ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. ഈ വസ്തുത സിപിഎം മനസിലാക്കണം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബോംബ് രാഷ്ട്രീയത്തിനുമുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അരുവിക്കരയിലെ ജനവിധി സര്‍ക്കാരിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. കൂടുതല്‍ വിനയത്തോടെയും ഉത്തരവാദിത്വത്തോടെയും സര്‍ക്കാര്‍ മുന്നോട്ട് പോകും. വിജയം അഹങ്കരിക്കാനുള്ളതല്ലെന്ന് സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ട് പോയാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് അരുവിക്കര ഫലം വ്യക്തമാക്കുന്നു. അരുവിക്കരയിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ശബരീനാഥന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Discussion about this post