കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റം സൃഷ്ടിക്കുന്നതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. അവിടെ യൂഡിഎഫ് ജയിക്കുകയും ഇടതുമുന്നണി തോല്‍ക്കുകയും ചെയ്തതല്ല വിഷയം. ഭാരതീയ ജനതാപാര്‍ട്ടി മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ചിരട്ടിയോളം വോട്ടുനേടിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ദിശാമാറ്റത്തിന്റെ സൂചന നല്‍കി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്ര പ്രസക്തി. ഇന്ന് കേരളത്തിലെവിടെയും ചര്‍ച്ചാവിഷയവും ഇതുതന്നെയാണ്. ബിജെപിയുടെ വളര്‍ച്ചയില്‍ അന്തംവിട്ടുനില്‍ക്കുകയാണ് ഇരുമുന്നണികളും; പ്രത്യേകിച്ചും ഇടതുമുന്നണി. ബംഗാളിന്റെ അവസ്ഥയിലേക്ക് കേരളത്തിലും സിപിഎം ‘വളരുന്നു’ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ചരിത്രത്തിന്റെ അനിവാര്യതയാണ് അരുവിക്കരയില്‍ സംഭവിച്ചത്. പതിറ്റാണ്ടുകളായി ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷവര്‍ഗീയതയെ പ്രീണിപ്പിച്ചും പ്രോത്സാഹിപ്പിച്ചും വോട്ടുബാങ്കുസൃഷ്ട്രിക്കുകയായിരുന്നു. സമസ്ത മേഖലയിലും ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞു. ഹിന്ദുവിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവ് വൈകിയെങ്കിലും ഹൈന്ദവസമൂഹം മനസിലാക്കി. ഹിന്ദുവോട്ട് വിഘടിപ്പിച്ച് ഇരുമുന്നണികളും തങ്ങളുടെ കീശയിലാക്കുകയും അതേസമയം ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാക്കാലത്തും വാരിക്കോരി നല്‍കുകയുമായിരുന്നു ഇരുമുന്നണികളും ചെയ്തുവന്നത്.
മൂന്നരപതിറ്റാണ്ട് ബംഗാള്‍ ഭരിച്ചുമുടിച്ചു കഴിഞ്ഞപ്പോള്‍ ബംഗാളികള്‍ ഉപജീവനത്തിനായി കേരളത്തിലേക്ക് വണ്ടികയറി എന്നതാണ് പാലുംതേനുമൊഴുക്കി എന്നവകാശപ്പെട്ടതിന്റെ ബാക്കിപത്രം. വരട്ടുതത്വശാസ്ത്രത്തിന്റെ കൂടാരത്തില്‍ നിന്നു മോചനമില്ലാത്ത സിപിഎമ്മില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മറ്റേതൊരു പാര്‍ട്ടിയേയും പോലെ മാറിക്കഴിഞ്ഞുവെന്ന് 96 വയസിലെത്തിനില്‍ക്കുന്ന കെആര്‍ ഗൗരിഅമ്മ തന്നെ തുറന്നു പറയുമ്പോള്‍ മറ്റൊരു സാക്ഷിപത്രം ആവശ്യമില്ല.
ഭാരതത്തില്‍ ഉണ്ടായ രാഷ്ട്രീയമാറ്റം എങ്ങിനെ രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിക്കാന്‍ പോകുന്നുവെന്ന് ഉറ്റുനോക്കുകയാണ് മാറാന്‍ മടിച്ചുനിന്ന കേരളവും. കേരളത്തിനു മാത്രമായി മാറിനില്‍ക്കാനാവില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ ശബ്ദം അരുവിക്കരയില്‍ ഒ.രാജഗോപാലിനു ലഭിച്ച വോട്ടിലൂടെ വ്യക്തമായിക്കഴിഞ്ഞു. ഒറ്റക്കക്ഷിയെന്ന നിലയില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് രാജഗോപാലാണ്. മുന്നണിയായി മത്സരിച്ച ഇടതുപക്ഷത്തിന്റേതില്‍ നിന്നു പന്തീരായിരത്തില്‍പരം വോട്ടുകള്‍ മാത്രമാണ് രാജഗോപാലിനു കുറവുള്ളത്. അക്രമരാഷ്ട്രീയവും ധാര്‍ഷ്ട്യവും കേരളം പൊറുക്കില്ലെന്ന് സിപിഎമ്മിനോടു തുറന്നു പറയുകയാണ് അരുവിക്കര . അഴിമതിആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന യൂഡിഎഫിനെതിരെ ഈ കാലാവസ്ഥയില്‍ പോലും ഒന്നും ചെയ്യാന്‍ ഇടതുപക്ഷത്തിനായില്ലെങ്കില്‍ അവരുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് ബിജെപി ഉയരുമ്പോള്‍ കേരളം പ്രതീക്ഷയോടെയാണ് ആ രാഷ്ട്രീയ പ്രസ്ഥാനത്തെ കാണുന്നത്. കേരളവും മാറുകയാണ്.
Discussion about this post