തിരുവനന്തപുരം: കടുത്ത മല്‍സരം നേടുന്ന നേഴ്‌സിംഗ് മേഖലയില്‍ മികവും അവസരവും കൂട്ടാന്‍ നൈപുണ്യ പരിശീലനം സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ആരംഭിച്ച നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (നേഴ്‌സിംഗ് നൈപുണ്യ വികസനകേന്ദ്രം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ ആദ്യസംരംഭമാണിത്. ലോകത്ത് ഏതു രാജ്യത്തെ ആശുപത്രിയില്‍ ചെന്നാലും മലയാളി നേഴ്‌സുമാരുണ്ടാകും. അവരുടെ സേവനവും ആത്മാര്‍ത്ഥതയും കാരണം ഏവരുടേയും പ്രശംസയും നേടുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ കുത്തകയായിരുന്ന നേഴ്‌സിംഗ് സേവനരംഗത്ത് ഇപ്പോള്‍ കടുത്ത മല്‍സരമാണ്. അതുകൊണ്ടാണ് ഏതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന നൈപുണ്യം നേടാന്‍ ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നത്. പുതിയ സംരംഭം ആരോഗ്യമേഖലയിലെ പാരാമെഡിക്കല്‍ രംഗത്ത് വളരെയധികം പേര്‍ക്ക് തൊഴില്‍ ഒരുക്കാന്‍ സഹായിക്കും. ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മികച്ച പഠനസാഹചര്യമൊരുക്കാന്‍ ഡോ. ബി.ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും സഹായിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ ആസ്ഥാനനിര്‍മാണം കൊല്ലം ചവറയില്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തനം വിലയിരുത്തിയശേഷം ഇത്തരം കൂടുതല്‍ സ്ഥാപനങ്ങള്‍ വ്യാപിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യാന്തരതലത്തില്‍ നേഴ്‌സിംഗ് സാധ്യത പ്രയോജനപ്പെടുത്താനാകുംവിധം ദീര്‍ഘവീക്ഷണമുള്ള സമീപനമാണ് നൈപുണ്യവികസനകേന്ദ്രം തുടങ്ങിയതിലൂടെ തൊഴില്‍ വകുപ്പ് കാഴ്ചവെച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സാംസ്‌കാരിക-നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. നൈപുണ്യവികസനത്തിന് കേരളത്തില്‍ അവസരം കുറവായിരുന്നു. കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ഗുണപരമായ രീതിയില്‍ പരിശീലനത്തിന്റെ ഫീസ് ക്രമീകരിക്കണമെന്നും അദ്ദേഹം ഡോ. ബി.ആര്‍. ഷെട്ടിയോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ ഇലക്‌ട്രോണിക് മെഡിക്കല്‍ സോഫ്ട്‌വെയറിന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനിച്ചു. ശ്രീലക്ഷ്മി എസ്.ആര്‍, രഞ്ജു പോള്‍, ക്രിസ്റ്റീന്‍ മേരി എബ്രഹാം എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ സി.ഇ.ഒയും പട്ടം എസ്.യു.ടി ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഡോ. ബി.ആര്‍. ഷെട്ടി മുഖ്യപ്രഭാഷണം നടത്തി.
ഡോ.എ. സമ്പത്ത് എം.പി, വി.ശശി എം.എല്‍.എ, എസ്.യു.ടി ഹോസ്പിറ്റല്‍ എം.ഡി സുധാകര്‍ ജയറാം, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, വാര്‍ഡംഗം ടെല്‍മാ ജോണ്‍, കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡി എസ്. അബ്ദുല്‍ ഹലീം തുടങ്ങിയവര്‍ സംസാരിച്ചു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ആര്‍. രാഹുല്‍ സ്വാഗതവും, എസ്.യു.ടി ഹോസ്പിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. അബൂട്ടി നന്ദിയും പറഞ്ഞു.
പട്ടം എസ്.യു.ടി ആശുപത്രിയുടെ സഹകരണത്തോടെയാണ് തൊഴില്‍ വകുപ്പിനുകീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ നേഴ്‌സിംഗ് നൈപുണ്യ വികസനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
Discussion about this post