തിരുവനന്തപുരം: ആക്കുളം കായലോര നവീകരണ പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കായലോരത്തെ നടപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കും. കായലിലെ പോളമാറ്റി ഡ്രഡ്ജിംഗ് ജോലികള്‍ അഞ്ചുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കായലില്‍ നിന്നെടുക്കുന്ന മണ്ണ് ലേലം ചെയ്ത് വില്ക്കുന്നതിലൂടെ ലഭിക്കുന്ന തുക ഡി.ടി.പി.സിയ്ക്ക്, കായലോരം വൈദ്യുതീകരിക്കുന്നതിന് കൈമാറും. പ്രവര്‍ത്തന പുരോഗതി ജലവിഭവ വകുപ്പ് സെക്രട്ടറി വി.ജെ.കുര്യന്‍ നേരിട്ട് വിലയിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എ.വാഹിദ് എം.എല്‍.എ. തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post