ഒരു വിദ്യാഭ്യാസ മന്ത്രി എങ്ങനെ ആകരുത് എന്നു ചോദിച്ചാല്‍ ഒരിക്കലും അബ്ദുറബ്ബിനെപ്പോലെ ആകരുത് എന്ന് നൂറുവട്ടം പറയേണ്ടിവരും. സ്‌കൂള്‍തുറന്നു മാസം ഒന്നുകഴിഞ്ഞിട്ടും കുട്ടികളുടെ കൈയില്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ല. ഇതുകാരണം ഓണത്തിനുമുമ്പ് ഓണപ്പരീക്ഷ നടത്താനും കഴിയില്ല. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഉത്തരമാണ് കേമം. ഓണപ്പരീക്ഷ വൈകിയതല്ല ഓണം നേരത്തെ ആയതാണ് കാരണമെന്നാണ് പുതിയ കണ്ടുപിടിത്തം. ഓണം വരുന്നത് ചിങ്ങമാസത്തിലാണെന്ന് മലയാളികള്‍ക്കെല്ലാമറിയാം. അത് ആഗസ്റ്റ് പകുതിക്കും സെപ്റ്റംബര്‍ പകുതിയ്ക്കുമിടയിലാണ് എന്നതും അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഇക്കാലമത്രെയും ഓണപ്പരീക്ഷ നടത്തിയത് ഓണത്തിനുമുമ്പ്തന്നെയാണ്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടുപിടിത്തം എന്തായാലും കേരളീയര്‍ക്കെല്ലാം ബോധിച്ചമട്ടാണ്.
വിദ്യാഭ്യാസവകുപ്പ് കാലങ്ങളായി കൈപ്പിടിയിലൊതുക്കി വര്‍ഗ്ഗീയവല്‍ക്കരണം നടത്തുന്ന മുസ്ലീംലീഗിന് പറ്റിയ മന്ത്രിതന്നെയാണ് അബ്ദുറബ്ബ്. ഓരോ അദ്ധ്യായവര്‍ഷം തുടങ്ങുന്നതിനുമുന്നോടിയായി ചെയ്യേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കി മേയ് അവസാനത്തോടെ എത്തിക്കുക എന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ തെറ്റാണ് വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനു അച്ചടിവകുപ്പിനെയോ മാറ്റാരെയെങ്കിലുമോ കുറ്റംപറഞ്ഞിട്ടുകാര്യമില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് വിദ്യാഭ്യാസമന്ത്രി പന്താടാന്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ഒരു കുറ്റംബോധവും ഇല്ല എന്നാണ് ഓണം നേരത്തെ വന്നതുകൊണ്ടാണ് ഓണപ്പരീക്ഷ വൈകുന്നത് എന്നു പറഞ്ഞുകൊണ്ട് രക്ഷപ്പെടാനുള്ള അബ്ദുറബ്ബിന്റെ ശ്രമം.
ഒരു വിദ്യാഭ്യാസമന്ത്രി സ്വയം പരിഹാസ്യനായിമാറുന്നത് കേരളത്തിനും കേരളീയര്‍ക്കും അപമാനമാണ്; ഒരുപക്ഷേ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒട്ടും ലജ്ജയില്ലെങ്കില്‍പോലും വോട്ടുബാങ്കിന്റെ ബലത്തില്‍ കുറച്ച് എം.എല്‍.എമാരെ നേടിക്കൊണ്ട് പ്രാപ്തിയില്ലാത്തവരെ വിദ്യാഭ്യാസം പോലുള്ള അതിഗൗരവമായ വകുപ്പുകള്‍ എല്‍പ്പിക്കുന്നതിന്റെ പാപഭാരമാണ് കേരളീയര്‍ക്ക് ഇന്ന് ചുമക്കേണ്ടിവരുന്നത്. വിദ്യാഭ്യാസമെന്നത് ഭാവിതലമുറയുടെ സൃഷ്ടിയാണ്. അവിടെ പിഴച്ചാല്‍ ഭാവിയുടെ പ്രതീക്ഷകളാണ് പൊലിഞ്ഞുപോവുക. ഇത് കാണാന്‍ കണ്ണില്ലാത്ത അബ്ദുറബ്ബിനെ എത്രയും വേഗം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കുക എന്നതാണ് സാക്ഷരകേരളം പ്രതീക്ഷിക്കുന്നത്.
Discussion about this post