തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വേഗത്തില്‍ നടപ്പാക്കുമെന്ന് എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന എം.പി.മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കാന്‍ സാങ്കേതിക നടപടപികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് യോഗത്തിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ച് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കടലാക്രമണമാണ് കേരളം നേരിടുന്ന വലിയ ഭീഷണി. കടല്‍ത്തീരം തകരുകയാണ്. കടലാക്രമണം പ്രകൃതിക്ഷോഭത്തില്‍പ്പെടുത്താത്തതു കൊണ്ട് കേന്ദ്രത്തില്‍ നിന്നുള്ള സഹായം ലഭിക്കുന്നില്ല. പ്രശ്‌നത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് എം.പി.മാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുന്നതിന് തീരുമാനമായി. നിലവില്‍ നഷ്ടപരിഹാരം മുഴുവന്‍ സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം.
ശബരി റയില്‍ പാതയുടെ നിര്‍മ്മാണം മുന്നോട്ട് കൊണ്ടു പോകാനുണ്ട്. പദ്ധതി അംഗീകരിക്കുന്ന കാലത്ത് ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തില്‍ പദ്ധതി ചെലവില്‍ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കാനാവുന്നതല്ല. പദ്ധതി മുമ്പ് അംഗീകരിച്ചതുകൊണ്ട് ശബരി പാതയുടെ ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. ശേഷിക്കുന്ന ഭാഗത്താണ് തടസ്സമുള്ളത്. ഇക്കാര്യം യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കെ.സി.ജോസഫ് പറഞ്ഞു. വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരുടെ വിഷയം ഗൗരവതരമാണ്. വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് യോജിപ്പുണ്ട്. നോര്‍ക്കയ്ക്ക് ഒഡേപെക്കിനും റിക്രൂട്ട്‌മെന്റിന്റെ ചുമതല ഏല്‍പ്പിച്ചുകൊണ്ട് തീരുമാനമായിട്ടുണ്ട്. പക്ഷേ ഇതിന്റെ തുടര്‍ നടപടികളായിട്ടില്ല. നിയന്ത്രണം മുന്നോട്ട് പോകുന്ന പക്ഷം നിരവധി നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകും. കേരളത്തിന് ഇതുവഴിയുണ്ടാവുന്ന നഷ്ടം യോഗം ചര്‍ച്ച ചെയ്തു.
മലയോര മേഖലകളില്‍ വന്യജീവികളുടെ ആക്രമണം യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് അത് പുതുക്കി നല്‍കുന്നതിന് കേന്ദ്രത്തിന്റെ പുതിയ നയം തടസമാണ്. കേരളത്തിലെ പത്ത് ജലപാതകള്‍ ദേശീയ ജലപാതയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശുദ്ധജല വിതരണത്തിന്റെ സ്രോതസ്സായ നദികളാണ് ജലപാതക്കായി നിശ്ചയിച്ചിട്ടുള്ളത്. ഈ പദ്ധതിയോടുള്ള കേരളത്തിന്റെ വിയോജിപ്പ് യോഗം ചര്‍ച്ച ചെയ്തു. റബറിന്റെ വിലയിടിവിന്റെ സാഹചര്യത്തില്‍ കേന്ദ്ര വില സ്ഥിരതാ ഫണ്ടില്‍ നിന്നും സഹായം ആവശ്യപ്പെടും. പരമാവധി സഹായം ഇതിനായി ലഭ്യമാക്കാന്‍ എം.പി.മാര്‍ ശ്രമിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ നടപടികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
Discussion about this post