തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എബിസി) വ്യാപകമാക്കും. തെരുവുനായ് ശല്യം ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കി തിരിച്ചറിയല്‍ മുദ്ര അടയാളപ്പെടുത്തും. തെരുവുനായ്ശല്യം അമര്‍ച്ച ചെയ്യുന്നതിന് പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം വിളിക്കും. പേ ബാധിച്ചതും അപകടകാരികളുമായ നായ്ക്കളെ കൊന്നൊടുക്കാന്‍ നിലവിലുള്ള നിയമങ്ങളോ കോടതിവിധികളോ തടസമല്ല. മാലിന്യനിര്‍മാര്‍ജന സംവിധാനം ഫലപ്രദമായാലേ തെരുവുനായ്ശല്യം പരിഹരിക്കാനാവൂ എന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിരോധമരുന്നുകളുടെയും പേവിഷ വാക്‌സിനുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Discussion about this post