കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം ശില്പിയും പണിപൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന് സ്റ്റേഡിയത്തില്‍ സ്മാരകം ഒരുക്കുന്നു. സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ വി.ഐ.പി പവലിയനോടു ചേര്‍ന്നാണ് കെ. കരുണാകരന്‍ സ്റ്റാന്റ് എന്ന പേരില്‍ സ്മാരകമൊരുക്കുന്നത്. ചിങ്ങമാസം ആദ്യം സ്റ്റാന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കുമെന്ന് ജി.സി.ഡി.എ.ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു.
1996ല്‍ പണിപൂര്‍ത്തിയാക്കിയ കലൂര്‍ സ്റ്റേഡിയം കേരളത്തിലാദ്യമായി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പദ്ധതികളിലൊന്നാണ്. കരുണാകരന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയിലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മേളയിലെ രാജ്യാന്തര സേറ്റഡിയം നിര്‍മാണ പ്രഖ്യാപനം തുടങ്ങിയവയുടെ മിഴിവുറ്റ ചിത്രങ്ങളും സ്റ്റാന്റില്‍ ഇടം പിടിക്കും.
മഹാരാജാസ് കോളേജ് മൈതാനിയിലെ താല്‍ക്കാലിക ഗാലറിയില്‍ സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ കൊച്ചിയില്‍ സ്ഥിരം സ്റ്റേഡിയമെന്ന ആശയം അവതരിപ്പിച്ചത്. ജലവിഭവ വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന കലൂരിലെ കേന്ദ്ര കലവറയ്ക്ക് മരടില്‍ ഇന്നത്തെ ദേശീയപാതയ്ക്കരികില്‍ സ്ഥലം നല്‍കിയാണ് ഈ ഭൂമി ജി.സി.ഡി.എ.യുടെ സ്റ്റേഡിയം പദ്ധതിക്കായി കൈമാറിയത്. സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയായിരുന്നു.
Discussion about this post