കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ രാഷ്ട്രീയ പ്രേരിതമായി പ്രതിയാക്കി സിബിഐ അറസ്റ്റ് ചെയ്യാന്‍ നീക്കമുണെ്ടന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്കാന്‍ ഈ ഘട്ടത്തില്‍ കഴിയില്ലെന്ന ഒറ്റവരി വിധി മാത്രമാണ് കോടതി പുറപ്പെടുവിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ വീണ്ടും വിളിപ്പിച്ചേക്കുമെന്നും അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ജയരാജനെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസിലെ മുഖ്യപ്രതിയായ വിക്രമനുമായി ജയരാജനു അടുത്ത ബന്ധമുണ്‌ടെന്ന് സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തു കോടതിയെ ബോധിപ്പിച്ചിരുന്നു. വിക്രമന്റെ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നിലയിലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ ജയജാരന്‍ നിലവില്‍ പ്രതിയല്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ അനുവദിക്കരുതെന്നും സിബിഐ നിലപാടെടുത്തിരുന്നു.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നു ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ ജയരാജന്‍ നിലവില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സയിലാണ്. മനോജ് വധക്കേസില്‍ യുഎപിഎ വകുപ്പില്‍ കേസെടുത്തിരിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നെങ്കില്‍ പോലും പ്രതിയാക്കിയാല്‍ ജയരാജനെ അറസ്റ്റ് ചെയ്യാനാവുമെന്നാണു നിയമ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
Discussion about this post