തിരുവനന്തപുരം: ബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍കുളം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധസൂചകമായി ചെരുപ്പു വലിച്ചെറിഞ്ഞ സംഭവം ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. സിപിഎം പള്ളിച്ചല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു പ്രതിഷേധം നടന്നത്. സംഭവത്തില്‍ ഒരാള്‍ ഇതിനോടകംതന്നെ അറസ്റ്റിലായിട്ടുണ്ട്. 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
ധനമന്ത്രി കെ.എം. മാണിയും പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധിക്കാനാണു സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍, പരിപാടിക്കു മാണി വേറെ വഴിയാണു വന്നത്. ഇതേത്തുടര്‍ന്നാണു മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധക്കാര്‍ തിരിഞ്ഞത്. മുഖ്യമന്ത്രിക്കു നേരേ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്നാണു സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്.












