ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കു സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതിനായി നിയമം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലില്‍ ഇതിനായി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. 1033 എന്ന ടോള്‍ ഫ്രീ നമ്പരും രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യത്തെ 50 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സയും നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ക്കാവും നിര്‍ദിഷ്ട ബില്ലില്‍ പ്രാധാന്യം നല്‍കുകയെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ വ്യക്തമാക്കി.
റോഡപകടങ്ങളിലൂടെ ഓരോ നാലു മിനിട്ടിനിടയിലും ഒരു മരണമുണ്ടാകുന്നുണെ്ടന്നു ചൂണ്ടിക്കാട്ടിയാണു പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. റോഡ് സുരക്ഷയ്ക്കുവേണ്ടി പുതിയ ബോധവത്കരണ രീതികളും റോഡ് നിര്‍മാണ സാങ്കേതികവിദ്യകളും ആവിഷ്‌കരിക്കും. അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കുന്ന വിധത്തിലുള്ള റോഡ് ഗതാഗത സുരക്ഷാ ബില്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ, ദേശീയ റോഡ് ഗതാഗതനയവും റോഡ് സുരക്ഷാ കര്‍മപദ്ധതിയും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരയോദ്ധാക്കള്‍ക്കും അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് ആരംഭിച്ച മൈഗോവ് പോര്‍ട്ടലിന് ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിക്കാനായിട്ടുണ്ട്. ഈ കാലയളവില്‍ രണ്ടു കോടി ജനങ്ങളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തില്‍ താന്‍ നടത്തേണ്ട ചര്‍ച്ചയെപ്പറ്റിയും ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ലഭിക്കാറുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്രത്തില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്മാരോട് അവിടെയുള്ള ഓരോ സംസ്ഥാനത്തും ചെന്നു പഠനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളില്‍ ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാന്‍ മാനവ വിഭവശേഷി വികസന വകുപ്പ് രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കുഗ്രാമങ്ങളില്‍ തടസമില്ലാതെ സ്ഥിരവൈദ്യുതി നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി പദ്ധതിക്കു തുടക്കം കുറിച്ചു.
കാണ്‍പൂര്‍ സ്വദേശിയായ അഖിലേഷ് വാജ്‌പേയ് എന്ന വ്യക്തി മൈഗോവ് പോര്‍ട്ടലില്‍ നല്‍കിയ നിര്‍ദേശം മുഖവിലയ്‌ക്കെടുത്ത് ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ഭിന്നശേഷിയുള്ളവര്‍ക്കു ടിക്കറ്റ് ലഭ്യമാകുന്ന ഒരു സംവിധാനം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണെ്ടന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post