ഗുരുദാസ്പൂര്‍: പഞ്ചാബില്‍ പോലീസ് സ്റ്റേഷനിലും ബസിലും ഭീകരാക്രമണം. പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സൈനിക വേഷത്തിലെത്തിയ തോക്കുധാരികളാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവര്‍ ബസ് ആക്രമിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി നിറയൊഴിക്കുകയായിരുന്നു. എസ്പി അടക്കം ഏഴു പോലീസുകാരും മൂന്നു സാധാരണക്കാരും രണ്ടു ഭീകരരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ലോക്കപ്പില്‍ കിടന്ന രണ്ടു പ്രതികളും ഉള്‍പ്പെടുന്നു.
മൂന്നു ഭീകരര്‍ പോലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ട്. പ്രദേശത്തു തോക്കുധാരികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ആരെയും ബന്ദിയാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു. അഞ്ചിലധികം ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുദാസ്പൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് അഞ്ചു ബോംബുകളും കണ്‌ടെടുത്തു. സംഭവത്തെ തുടര്‍ന്ന് ജമ്മു-പത്താന്‍കോട്ട് ദേശീയ പാത അടച്ചു.
ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. പാക് അനുകൂല ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ സ്ഥലത്തേക്ക് അയച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ജാഗ്രത പാലിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.












