ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം ജന്മനാടായ രാമശ്വരത്തേക്കു കൊണ്ടുപോയി. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണു മൃതദേഹം കൊണ്ടുപോയത്. ഡല്‍ഹിയില്‍ എത്തിയ കലാമിന്റെ ബന്ധുക്കളും കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്നും ഭൗതിക ശരീരവുമായി പുറപ്പെട്ട വിമാനം 11നു മധുര വിമാത്താവളത്തില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം ഉച്ചയ്ക്കു 12 ഓടെ രാമേശ്വരത്തു മൃതദേഹം കൊണ്ടുവരും. തുടര്‍ന്നു 12.30 മുതല്‍ രാമേശ്വരം കിലിക്കട്ട് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. രാത്രി എട്ടുവരെ ഇവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് രാത്രി അദ്ദേഹത്തിന്റെ ജന്മഗൃഹമായ രാമേശ്വരം മോസ്‌ക് സ്ട്രീറ്റിലെ കലാം ഹൗസിലെത്തിക്കും.
വ്യാഴാഴ്ച രാവിലെ ഒന്‍പതുവരെ ജന്മഗൃഹത്തില്‍ ഭൗതീക ശരീരം ദര്‍ശനത്തിനായി വെയ്ക്കും. തുടര്‍ന്നു 10നു വീടിനു സമീപമുള്ള മൊഹിയുദ്ദീന്‍ ആണ്ടവന്‍ ജുമാ മസ്ജിദില്‍ പ്രാര്‍ഥനകള്‍ക്കായി എത്തിക്കും. ഇവിടുത്തെ പ്രാര്‍ഥനകള്‍ക്കു ശേഷം കലാമിന്റെ ഭൗതീക ശരീരം അടക്കം ചെയ്യാനായി സര്‍ക്കാര്‍ നല്കിയിട്ടുള്ള പേകരുണ്ട് എന്ന സ്ഥലത്ത് രാവിലെ പതിനൊന്നോടെ എത്തിച്ചു സംസ്‌കാരം നടക്കും.
കലാമിന്റെ ജന്മഗൃഹം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി രാമേശ്വരത്തേക്ക് എത്തിച്ചേരും.
Discussion about this post