ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍
ശുദ്ധം
മംഗളമയനാകകൊണ്ടു പരമാത്മാവിനെ ശിവനെന്നും, മംഗളം നല്‍കുന്നവനാകയാല്‍ ശങ്കരനെന്നും, വ്യാപിച്ചു നില്‍ക്കുന്നവനാകയാല്‍ വിഷ്ണുവെന്നും, എല്ലാറ്റിലുമിരിക്കുന്നവനാകയാല്‍ നാരായണനെന്നും, ആനന്ദദായകനാകയാല്‍ രാമനെന്നും, ധര്‍മ്മം അനുശാസിക്കുന്നവനാകയാല്‍ ധര്‍മ്മശാസ്താവെന്നും, സത്തും ആനന്ദവുമാകയാല്‍ കൃഷ്ണനെന്നും ആചാര്യന്മാര്‍ വിളിച്ചു. ഈ പ്രപഞ്ചം പരമാത്മാവാകകൊണ്ട് ഈ ലോകത്തുള്ള എല്ലാപേരുകളും എല്ലാ രൂപങ്ങളും പരമാത്മാവിന്റെതന്നെ പേരുകളും രൂപങ്ങളുമാകുന്നു. എങ്കിലും അവയില്‍ ചിലതിനു മാഹാത്മ്യമേറും. അത്തരം നാമങ്ങളെയും രൂപങ്ങളെയും ഒരേ ഈശ്വരന്റെ പല നാമങ്ങളായും രൂപങ്ങളായും പുരാണകര്‍ത്താക്കള്‍ സ്വീകരിച്ചു. അവയെല്ലാമര്‍ത്ഥമാക്കുന്നത് ഒരേ പരമാത്മാവിനെയാണെന്നു മുകളില്‍ കാണിച്ച ഏതാനും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. ഹൈന്ദവമായ ശേഷിച്ച ഈശ്വരനാമങ്ങളും ഇങ്ങനെതന്നെയാണ്. വിഷ്ണസഹസ്രനാമം, ശിവസഹസ്രനാമം, ലളിതാസഹസ്രനാമം തുടങ്ങിയ മന്ത്രഗ്രന്ഥങ്ങളുടെ അര്‍ത്ഥം പഠിക്കുന്നയാളിനു ഇക്കാര്യം വേഗം മനസ്സിലാവും.
ശിവനെന്നും വിഷ്ണുവെന്നുമുള്ള പേരുകള്‍ പരബ്രഹ്മത്തിനും ത്രിമൂര്‍ത്തികളില്‍പ്പെട്ട രണ്ടാള്‍ക്കും പൗരാണികന്മാര്‍ ഉപയോഗിക്കാറുണ്ട്. അതു ശരിയുമാണ്. ഒന്നിലേറെ ആളുകള്‍ക്ക് ഒരേ പേരുണ്ടാവുന്നതിന്നു സദൃശമാണിതെന്നറിയണം. എങ്കിലും ഇതു പലര്‍ക്കും സംശയങ്ങളുണ്ടാക്കാറുണ്ട്. ത്രിമൂര്‍ത്തികളില്‍പ്പെട്ട വിഷ്ണുവും ശിവനുമല്ല പരമാത്മാവായ വിഷ്ണു അഥവാ ശിവന്‍. ത്രിമൂര്‍ത്തികള്‍ മായയ്ക്ക് (പ്രകൃതിക്ക്) ഉള്ളില്‍പ്പെട്ടവരും പരമാത്മാവ് പ്രകൃത്യതീതനുമാണ്.
പരബ്രഹ്മം അഥവാ ശിവനാണു പ്രകൃതിയായി പ്രപഞ്ചമായി നിലകൊള്ളുന്നതെന്നു പറഞ്ഞുവല്ലൊ. പ്രപഞ്ചം ശിവനാണ്. പ്രപഞ്ചത്തില്‍ ആറ്റമുകള്‍മുതല്‍ അണ്ഡകടാഹങ്ങള്‍വരെ അനവരതം ചലിച്ചുകൊണ്ടിരിക്കുന്നു. ശിവന്‍ ചലിക്കുന്നു എന്നര്‍ത്ഥം. ആ ചലനത്തിന് ഒരു ക്രമമുണ്ട്. ക്രമാനുസൃതമായ അഥവാ താളാനുസൃതമായ ചലനമാണു നൃത്തം. സ്ത്രീയുടെ നൃത്തം ലാസ്യം. പുരുഷന്റെ നൃത്തം താണ്ഡവം. ശിവതാണ്ഡവമെന്ന കാവ്യാത്മകവും ശാസ്ത്രീയവുമായ ആര്‍ഷകല്പനയുടെ രഹസ്യമിതാണ്. നൃത്തം ചെയ്യുന്ന ശിവനാണു പ്രപഞ്ചം.
ജയത്വദഭ്രവിഭ്രമ ഭ്രമദ്ഭുജംഗമശ്വസ-
ദ്വിനിര്‍ഗ്ഗമത്ക്രമസ്ഫുരത് കരാളഫാലഹവ്യവാട്,
ധിമിധിമി ധിമിധ്വനന്‍മൃദംഗതുംഗമംഗള-
ധ്വനി ക്രമപ്രവര്‍ധിത പ്രചണ്ഡതാണ്ഡവഃ ശിവഃ
എന്നു പഴയകാലത്തു മുത്തശ്ശിമാര്‍ പാടിയുണര്‍ത്തിയിരുന്നത് ഈ പരമസത്യത്തെയാണ്. ഈ നൃത്തം എന്ന് ആരംഭിച്ചു എന്നും എന്ന് അവസാനിക്കുമെന്നും ആര്‍ക്കും പറയാനാവുകയില്ല. അത്യന്തവിദൂരമായ ഭൂതകാലത്തെന്നോ ആരംഭിച്ച് അനന്തമായി അതു നീണ്ടുകൊണ്ടേയിരിക്കുന്നു. സൃഷ്ടിയും സ്ഥിതിയും ലയവും ഈ നൃത്തത്തിന്റെ ഭാഗമായി നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ അംശമാണ് ഇക്കാണയതോരോന്നും. ഞാന്‍ ഇതില്‍നിന്നെല്ലാം വേറെയാണെന്നു കരുതുന്നത് അറിവില്ലായ്മകൊണ്ടാണ്. ദുഃഖങ്ങളുടെയെല്ലാം സ്രോതസ്സ് അതാകുന്നു. പരമാത്മാവുതന്നെയാണു ഞാനെന്നറിഞ്ഞുകൊണ്ട്, പ്രപഞ്ചകാരണനായ ആ ആദിപുരുഷനെ സേവിക്കുകയാണ് ശരീരമുള്ള കാലത്തോളം തന്റെ കര്‍ത്തവ്യമെന്നറിഞ്ഞ് അനാദിയായ ആ നൃത്തത്തിന്റെ താളത്തിനും രാഗത്തിനും ശ്രുതിക്കും ലയത്തിനുമൊപ്പിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതാണു ശ്രേയസ്സ്. അതാണു ധര്‍മ്മം. അതിനു വിപരീതമാചരിക്കുന്നത് അധര്‍മ്മമാണ്. ശിവതാണ്ഡവത്തിന്റെ താളത്തിനു വിരുദ്ധമായി നില്‍ക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ അഹന്തമൂലം അതിനു ശ്രമിച്ച് തകര്‍ന്നടിഞ്ഞ അസുരസ്വഭാവരുടെ കഥകള്‍കൊണ്ടു നിറഞ്ഞതാണു ലോകചരിത്രം. പാശമമ്പൊടുകൊണ്ടുവാ യദുപാശനെയിഹകെട്ടുവാന്‍’ എന്നാക്രോശിച്ച് ആ വിരാട് രൂപനെ (ശ്രീകൃഷ്ണനെ) പിടിച്ചുകെട്ടുവാന്‍ പുറപ്പെട്ട ദുര്യോധനന്റെ അനുഭവം ഒരുദാഹരണം മാത്രം.
Discussion about this post