രാമേശ്വരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനു ഭാരതം കണ്ണീരോടെ വിട നല്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. അരിയഗുണ്ട് പഞ്ചായത്ത് പേയ്കരുമ്പൂരില് തമിഴ്നാട് സര്‍ക്കാര്‍ വിട്ടുനല്‍കിയ പ്രത്യേക സ്ഥലത്താണു ഭൗതിക ശരീരം സംസ്കരിച്ചത്. സംസ്കാരത്തിനു മുന്നോടിയായി രാവിലെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം മയ്യത്ത് നമസ്കാരം കലാമിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്നുള്ള മുഹിയുദ്ദീന് ജുമാമസ്ജിദിലാണ് നടന്നത്. നമസ്കാരത്തിനു മുഹമ്മദ് മുത്തു മീരാലബ്ബ നേതൃത്വം നല്കി.
കലാമിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സംസ്കാര ചടങ്ങിലേയ്ക്ക് പ്രതിബന്ധങ്ങളെ അവഗണിച്ച് ജനസാഗരമാണ് ഒഴുകിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്, ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍മാരായ പി.സദാശിവം, കെ.റോസയ്യ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അനാരോഗ്യംമൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. സംസ്കാര ചടങ്ങിന് വിഐപികളുടെ നീണ്ട നിരയുണ്ടായിരുന്നതും യാക്കൂബ് മേമന്റെ വധശിക്ഷയും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്കാര ചടങ്ങിന് ഒരുക്കിയിരുന്നത്.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണു കലാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് എത്തിച്ചത്. ഡല്‍ഹിയില്‍ നിന്നും മധുരയില്‍ എത്തിച്ച മൃതദേഹം തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഗവര്‍ണര്‍ കെ.റോസയ്യ, ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ മൂന്നു സേനാവിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. മധുര വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്ടറിലാണു രാമേശ്വരത്തു മൃതദേഹം എത്തിച്ചത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, ഷാനവാസ് ഹുസൈന്, പൊന്‍ രാധാകൃഷ്ണന് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
രാമേശ്വരത്ത് എത്തിച്ച ശേഷമാണ് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം കിട്ടിയത്. മത്സ്യത്തൊഴിലാളികളും കര്ഷകത്തൊഴിലാളികളുമായ ആയിരക്കണക്കിനു ദേശവാസികള്‍ അന്ത്യോപചാരം അര്‍പ്പിക്കാനായി തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് മൃതദേഹം രാത്രി വൈകി ജന്മഗൃഹമായ രാമേശ്വരം മോസ്ക് സ്ട്രീറ്റിലെ കലാം ഹൗസില്‍ എത്തിച്ചു. രാവിലെ എട്ടുവരെ ഇവിടെ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്നാണ് സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം അരിയഗുണ്ട് പഞ്ചായത്ത് പേയ്കരുമ്പൂരില് പ്രത്യേക സ്ഥലത്തേയ്ക്ക് എത്തിച്ചത്.
Discussion about this post