മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമനെ വ്യാഴാഴ്ച രാവിലെ തൂക്കിലേറ്റിയതോടെ ഈ കേസിലെ നീതി നിര്‍വഹണത്തില്‍ ഒരു ഘട്ടം പിന്നിടുകയാണ്. സംഭവത്തിനുശേഷം നീണ്ട 22വര്‍ഷം കഴിഞ്ഞാണ് മേമനെ തൂക്കിലേറ്റിയത്. 2006-ല്‍ ടാഡാകോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചെങ്കിലും പിന്നീട് സ്റ്റേ ചെയ്യുകയും നീണ്ട നിയമപോരാട്ടത്തിന് വഴിയൊരുങ്ങുകയുമായിരുന്നു. മാത്രമല്ല തൂക്കിലേറ്റുന്നതിന് രണ്ടുമണിക്കൂര്‍മുമ്പുവരെ ഇക്കാര്യത്തില്‍ നിയമപോരാട്ടം നടന്നുവെന്നത് ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ സുവര്‍ണ ഏടാണ്. പാതിരാത്രി സുപ്രീംകോടതി ബഞ്ച്കൂടി മേമന്റെ വധശിക്ഷയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തു എന്നതുതന്നെ അവസാനനിമിഷംവരെ മേമന് ലഭിക്കേണ്ട നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതാണ്. എന്നാല്‍ ഈ വിഷയത്തെ വര്‍ഗ്ഗീയവത്ക്കരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ പ്രധാനമായി സിപിഎമ്മും കോണ്‍ഗ്രസ്സുമൊക്കെ രംഗത്തിറങ്ങിയിരിക്കുകയാണ്.
രണ്ടായിരത്തിനുശേഷം രാജ്യത്ത് തൂക്കിലേറ്റിയ മൂന്നുപേരും മുസ്ലീങ്ങളാണ് എന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ടിന്റെ കണ്ടെത്തല്‍! നേരത്തെ, രാജ്യത്ത് വധശിക്ഷ ഏറ്റുവാങ്ങുന്നവരില്‍ കൂടുതലും മുസ്ലീങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ തൂക്കിലേറ്റപ്പെട്ടവരില്‍ അഞ്ചുശതമാനം മുസ്ലീങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു ദേശീയദിനപത്രം റിപ്പോര്‍ട്ട് ചെയ്തതോടെ അവരുടെ വായടഞ്ഞിരുന്നു. ഇതോടെയാണ് രണ്ടായിരത്തിനുശേഷം തൂക്കിലേറ്റപ്പെട്ടവര്‍ മുസ്ലീങ്ങളാണെന്നുപറഞ്ഞുകൊണ്ട് മുസ്ലീം വികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ പ്രകാശ് കാരാട്ട് രംഗത്തെത്തിയത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ഗുരു, മുംബൈ ആക്രമണക്കേസിലെ പ്രതി കസബ്, മുംബൈ സ്‌ഫോടന പരമ്പരയിലെ യാക്കൂബ് എന്നിവരാണ് തൂക്കിലേറ്റപ്പെട്ടവര്‍. കസബ് പാക്കിസ്ഥാന്‍ പൗരനാണ്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഭീകരപ്രവര്‍ത്തനം നടത്തിയതിനാണ് ഇവരൊക്കെ തൂക്കിലേറ്റപ്പെട്ടത്. അതും ഭാരതത്തിന്റെ ശക്തമായ നീതിവ്യവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചതിനുശേഷം. ഈ സാഹചര്യത്തിലാണ് മുസ്ലീങ്ങളില്‍ വര്‍ഗ്ഗീയവിദ്വേഷം കുത്തിവച്ച് സി.പി.എം മുതലെടുപ്പിന് ശ്രമിക്കുന്നത്. കാരാട്ടിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത് നീതിനിര്‍വഹണത്തില്‍ വിവേചനം പാടില്ലെന്നാണ്. മുസ്ലീങ്ങളോട് പ്രത്യേകം വിവേചനം നടത്തുന്നു എന്നാണ് യച്ചൂരി പറയാതെ പറഞ്ഞിരിക്കുന്നത്.
നിരപരാധികളായ 257പേരുടെ മരണത്തിനും 900 പേര്‍ക്ക് പരിക്കേല്ക്കുന്നതിനും കോടികളുടെ നാശനഷ്ടത്തിനും കാരണമായ മുംബൈ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച യാക്കൂബ് മേമന്‍് ഭാരതത്തില്‍ നിലവിലിരിക്കുന്ന നിയമവ്യവസ്ഥപ്രകാരമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മേമന് വേണ്ടി കണ്ണീരൊഴുക്കുന്ന ദേശസ്‌നേഹത്തിന്റെ തരിമ്പുപോലുമില്ലാത്തവര്‍ 257 കുടുംബങ്ങളുടെ കണ്ണീരുകാണാനോ പരിക്കേറ്റ് ഇന്നും മരിച്ചുജീവിക്കുന്നവരുടെ വിലാപം കേള്‍ക്കാനോ തയ്യാറല്ല. മറിച്ച് മുസ്ലീം മതവികാരം ആളിക്കത്തിച്ച് വോട്ടുബാങ്കു രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്.
തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടും. കൊടുംപാതകം നടത്തുന്നവര്‍ക്ക് ശിക്ഷ ഇളവു നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. ഒരു വധശിക്ഷകൊണ്ട് ഭീകരവാദം അവസാനിപ്പിക്കാമോ എന്നു ചോദിക്കുന്നവര്‍ നിയമവ്യവസ്ഥയെയാണ് അവഹേളിക്കുന്നത്. നീതിനിര്‍വഹണത്തിന്റെ അവസാന കണികയും യാക്കൂബിന് ലഭ്യമാക്കിയിട്ടാണ് നീതി നടപ്പാക്കപ്പെട്ടത്. യാക്കൂബ് കൊലക്കയര്‍ കഴുത്തിലണിയുംമുമ്പ് ഇങ്ങനെ പറഞ്ഞെന്നാണ് പുറത്തുവന്ന വിവരം. ‘ഞാന്‍ തെറ്റുകാരനാണ്. അള്ളാ എന്നോടുപൊറുക്കട്ടെ’. ആ അന്ത്യ നിമിഷത്തിലെങ്കിലും തന്റെ തെറ്റ് മേമന്‍ ഏറ്റുപറയുകയായിരുന്നു. ആ തെറ്റിനുള്ള ശിക്ഷയെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കച്ചിത്തുരുമ്പാക്കുന്നവര്‍ക്ക് കാലത്തിന്റെ ചവറ്റുകുട്ടയില്‍പോലും സ്ഥാനമുണ്ടാകില്ല.
Discussion about this post