ഹാര്‍ദ: മധ്യപ്രദേശിലെ ഹാര്‍ദയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു യാത്ര ട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. മരിച്ചവരില്‍ 11 സ്ത്രീകളും അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 50 ഓളം പേര്‍ക്കു ദുരന്തത്തില്‍ പരിക്കേറ്റു. കാമയാനി എക്‌സ്പ്രസും ജബല്‍പൂര്‍-മുംബൈ ജനതാ എക്‌സ്പ്രസുമാണു പാളം തെറ്റിയത്. ഹാര്‍ദ്ദയിലെ മച്ചക്ക് നദിക്കു സമീപമാണു ട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞത്. രണ്ടു ട്രെയിനുകളും ഒരേ സ്ഥലത്താണു പാളം തെറ്റിയത്. കാമയാനി എക്‌സ്പ്രസിന്റെ അഞ്ചു ബോഗികളും ജനതാ എക്‌സ്പ്രസിന്റെ രണ്ടു ബോഗികളുമാണു പാളംതെറ്റിയത്.
മുംബൈയില്‍ നിന്നു വാരണാസിയിലേക്കുളള കാമയാനി എക്‌സ്പ്രസാണ് ആദ്യം അപകടത്തില്‍പെട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ ഇതേസ്ഥലത്തു ജബല്‍പുര്‍-മുംബൈ ജനതാ എക്‌സ്പ്രസും പാളംതെറ്റുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നു റെയില്‍വേ പാളം തകര്‍ന്നതാണ് അപകടകാരണം. ട്രെയിനിന്റെ ബോഗികള്‍ നദിയിലേക്കു മറിഞ്ഞിട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്നു റെയില്‍വേ രക്ഷാസേനയും കേന്ദ്ര ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
അപകടത്തില്‍പെട്ടവര്‍ക്കു റെയില്‍വേമന്ത്രി സുരേഷ് പ്രഭു ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും റെയില്‍വേ സഹായധനം നല്കും.
അപകട സ്ഥലത്തു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തി. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. അപകടത്തെക്കുറിച്ചു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി.
അപകടത്തെ തുടര്‍ന്ന് ഇതുവഴി പോകുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റു ചിലതു വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനു റെയില്‍വേ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, മുംബൈ: 02225280005
Discussion about this post