ജമ്മു: അമര്‍നാഥ് തീര്‍ഥാടകരെ വകവരുത്തുക എന്ന ലക്ഷ്യവുമായി ജമ്മു കാഷ്മീരിലെത്തിയ പാക്കിസ്ഥാന്‍ ഭീകരരിലൊരാള്‍ ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്രാമീണരുടെ പിടിയിലായി. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ ഗുലാം മുസ്തഫാബാദ് സ്വദേശിയായ മുഹമ്മദ് നാവേദ് ആണ് അറസ്റ്റിലായത്. ഇയാളും മോമിന്‍ എന്നറിയപ്പെടുന്ന നൊമാന്‍ എന്ന ഭീകരനും ചേര്‍ന്നു ജമ്മു- ശ്രീനഗര്‍ ഹൈവേയിലെ സിംറോളിയില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനുനേരേ നടത്തിയ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിനെത്തിയ ലഷ്‌കര്‍ ഭീകരനായ അജ്മല്‍ കസബിനുശേഷം ആദ്യമായാണു പാക് ഭീകരനെ ജീവനോടെ പിടികൂടാനായത്.
ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനിടെ മുഹമ്മദ് നാവേദിനെ ഗ്രാമീണര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മോമിന്‍ ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റു മരിച്ചു. പ്രത്യാക്രമണം രൂക്ഷമായതോടെ ഗ്രാമീണരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ നാവേദ് തന്നെ സുരക്ഷിത സ്ഥലത്തെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു വില്ലേജ് പ്രതിരോധസമിതി പ്രതിനിധിയായ രാകേഷ് സിംഗ് വ്യക്തമാക്കി. പിന്നീട് ഗ്രാമീണര്‍ ഭീകരനെ തന്ത്രപൂര്‍വം കീഴടക്കി ഇന്ത്യന്‍ സൈന്യത്തിനു കൈമാറുകയായിരുന്നു.
ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളാണു ഭീകരന്‍ പിടിലായതോടെ ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍കാരനാണെന്ന് ചോദ്യംചെയ്യുന്നതിനിടെ സമ്മതിച്ച ഭീകരന്‍ 12 ദിവസം മുമ്പാണ് താന്‍ ഇന്ത്യയിലെത്തിയതെന്നു പറഞ്ഞു. അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.
പിടിയിലായപ്പോള്‍ ഭീകരന്‍ തനിക്ക് 20 വസയുണെ്ടന്നും കാസിം ഖാന്‍ എന്നാണു പേരെന്നുമായിരുന്നു ആദ്യം പറഞ്ഞതെങ്കിലും പിന്നീട് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നു മാറ്റുകയായിരുന്നു. ഉസ്മാന്‍ എന്നാണു പേരെന്നും പറഞ്ഞു. അതിനുശേഷം പേര് മുഹമ്മദ് നാവേദ് ആണെന്നായി. രജൗരി അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തിയെന്ന് ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞ ഇയാള്‍ ശ്രീനഗര്‍ അതിര്‍ത്തിയിലെ കുപ്‌വാരയിലൂടെ ഇന്ത്യയിലെത്തിയെന്നും അറിയിച്ചു. ആയുധങ്ങളില്ലാതെയാണ് ഇന്ത്യയിലെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ലഷ്‌കറിന്റെ സ്ലീപ്പിംഗ് സെല്ലില്‍നിന്നാണ് ആയുധം ലഭിച്ചതെന്നും പറയുന്നു. ഭീകരനില്‍നിന്ന് എകെ. 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. മൊഴി മാറ്റുന്നതും പ്രായം 18 വയസിനു താഴെയാണെന്നു പറയുന്നതും ലഷ്‌കര്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നു സംശയിക്കുന്നു.
ഒരു മാസം മുമ്പ് കാഷ്മീര്‍ താഴ് വരയിലൂടെ ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. നാല് തീവ്രവാദികള്‍ക്കൊപ്പമാണ് വടക്കന്‍ കാഷ്മീരിലെ കുപ്‌വാരയിലെത്തിയത്. വഴികാട്ടി എത്താത്തതിനെത്തുടര്‍ന്ന് തിരിച്ചുപോവുകയും ചെയ്തു. ഇന്നലെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മോമിന്‍ എന്നറിയപ്പെടുന്ന നൊമാന്‍ പാക്കിസ്ഥാനിലെ ഭവല്‍പുര്‍ സ്വദേശിയാണെന്നും ഇയാള്‍ പറഞ്ഞു.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ബിഎസ്എഫ് വാഹനവ്യൂഹത്തിനുനേരേ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. അതിനു തൊട്ടുമുമ്പ് അമര്‍നാഥ് തീര്‍ഥാടകരുടെ വാഹനം കടന്നുപോയിരുന്നു. വാഹനവ്യൂഹത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ഭീകരാക്രമണമാണെന്നു തിരിച്ചറിഞ്ഞ ബിഎസ്എഫ് ജവാന്മാര്‍ ഉടന്‍ പ്രത്യാക്രമണം നടത്തി. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍നിന്നാണ് ഉസ്മാന്‍ ഖാന്‍ എന്ന മുഹമ്മദ് നാവേദ് ഉള്‍പ്പെട്ട സംഘം എത്തിയത്.
അമര്‍നാഥ് തീര്‍ഥാടകസംഘത്തെ ജമ്മു കാഷ്മീരിലെ ദേശീയപാതയില്‍ ഭീകരര്‍ ആക്രമിച്ചേക്കാമെന്നു നേരത്തേ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പാഠക്കുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post