ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക ഭീകരവാദം കൊടികുത്തിവാഴാന്‍ സാദ്ധ്യതയുണ്ടെന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഏതാണ്ട് ശരിവയ്ക്കുന്നതാണ് ലോകവ്യാപകമായി ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍. ലോകം മുഴുവന്‍ തങ്ങളുടെ പരിധിയിലാക്കി ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകര സംഘടന മുസ്ലീം രാഷ്ട്രങ്ങളില്‍ തഴച്ചുവളരുകയാണ്. അതിന്റെ വേരുകള്‍ പല രാജ്യങ്ങളിലേക്കും പടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ദിവസം കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ കാണേണ്ടത്.
ജമ്മുവിലെ ഉധംപൂരില്‍ ആക്രമണത്തിനുശേഷം പിടിയിലായ മുഹമ്മദ് നവേദ് എന്ന ഭീകരന്റെ വെളിപ്പെടുത്തലില്‍ അയാള്‍ പാക്കിസ്ഥാന്‍ പൗരനെന്ന് വ്യക്തമാണ്. എന്നാല്‍ ഭാരതം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പിടിയിലായ നവേദ് തങ്ങളുടെ പൗരനല്ലെന്നും പറഞ്ഞുകൊണ്ട് പാക്കിസ്ഥാന്‍ രംഗത്തെത്തി. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ പിടിച്ചപ്പോഴും പാക്കിസ്ഥാന്‍ ഇതേ തരത്തില്‍ അസത്യവിളംബരവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ അയാള്‍ പാക്പൗരനാണെന്ന് ഭാരതത്തിന് അസന്നിഗ്ദ്ധമായി തെളിയിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പാക്കിസ്ഥാന്റെ കള്ളപ്രസ്താവനയ്ക്ക് പിന്നാലെ നവേദിന്റെ അച്ഛന്റെതന്നെ വാക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു പാക്കിസ്ഥാന്‍ ദേശീയ ദിനപത്രത്തിന്റെ വെബ്‌സൈറ്റിലാണ് നവേദിന്റെ പിതാവുമായുള്ള ഫോണ്‍ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നവേദിന്റെ ദൗര്‍ഭാഗ്യവാനായ പിതാവാണ് താനെന്നും ലഷ്‌കര്‍ ഭീകരര്‍ തങ്ങള്‍ക്കു പിന്നാലെയുണ്ടെന്നും ചിലപ്പോള്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഫൈസലാബാദ് സ്വദേശിയായ നവേദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് പ്രതികരിച്ചിട്ടുണ്ട്. നവേദില്‍നിന്ന് ചോദ്യം ചെയ്യലില്‍നിന്നു ലഭിച്ച പിതാവിന്റെ ഫോണ്‍നമ്പരില്‍ ഒരുമിന്നിട്ട് ഇരുപത് സെക്കന്റ് സംഭാഷണം നടന്നതായും അതിനുശേഷം ഫോണ്‍ സ്വിച്ച്ഓഫ് ആയതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവേദ് പാക്കിസ്ഥാന്‍ പൗരനാണെന്ന് ഉറപ്പിക്കുന്നതിന് ഇതില്‍കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? നവേദിന്റെ പിതാവ് ഭയപ്പെടുന്നപോലെ ഐ.എസ്.ഐയുടെ സഹായത്തോടെ ലഷ്‌കര്‍ ഭീകരര്‍ തന്നെ ആ കുടുംബത്തെ വകവരുത്തിയേക്കാം. അതോടെ നവേദ് പാക് പൗരനല്ല എന്നുള്ളതിന് തെളിവ് നശിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
പാക്കിസ്ഥാന്‍ ഒരിക്കലും പാഠം പഠിക്കില്ല എന്നതിന് തെളിവാണ് ഇപ്പോഴുണ്ടായ ഭീകരാക്രമണവും അതില്‍നിന്നുള്ള തങ്ങളുടെ ഉത്തരവാദിത്തം കൈകഴുകാനുള്ള വ്യാജ പ്രസ്താവനയും. ഭാരതത്തെ അസ്ഥിരപ്പെടുത്തുകയും ഇവിടെ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇക്കാലമത്രെയും ഭാരതത്തില്‍ ഭീകരപ്രവര്‍ത്തകരെ കടത്തിവിടുകയും ജമ്മുകാശ്മീരില്‍ ഭാരതവിരുദ്ധ വികാരം സൃഷ്ടിക്കുകയുമാണ് പാക്കിസ്ഥാന്‍ ചെയ്തത്. എന്നാല്‍ ഭാരതത്തിന്റെ അചഞ്ചലമായ കെട്ടുറുപ്പും ധാര്‍മ്മികതയിലൂന്നിയ ഇച്ഛാശക്തിയും പാക്കിസ്ഥാന്റെ എല്ലാ ചെയ്തികളെയും നിഷ്പ്രഭമാക്കി.
ഭീകരപ്രവര്‍ത്തനം വളര്‍ത്തുകയും ഭീകരരെ ഇവിടേക്ക് കടത്തിവിടുകയും ചെയ്യുന്ന പാക്കിസ്ഥാനുള്ള ചുട്ട മറുപടി ഭാരതത്തിന് അറിയാഞ്ഞിട്ടല്ല. പക്ഷേ സംഘര്‍ഷത്തിനുപകരം സമന്വയവും സമാധാനവും എന്നതാണ് ഭാരതം എക്കാലവും പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. എന്നാല്‍ ഈ ചിന്താഗതയെ ഭീരുത്വമായി വ്യാഖ്യാനിച്ചാല്‍ അതിനു കാലം നല്‍കുന്ന പ്രഹരം അതിഗുരുതരമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍വേണ്ട എല്ലാ ‘യോഗ്യത’കളും പാക്കിസ്ഥാന്‍ സ്വയം ആര്‍ജ്ജിച്ചുകഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാന്റെ വികൃതമുഖം തിരിച്ചറിയുകയും ചെയ്തു. ഭീകരതയുടെ മുഖവുമായി മുന്നോട്ടുപോകുന്ന പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ.
Discussion about this post