തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം മെട്രോ പീപ്പിള്‍സ് ബസാറിന്റെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്നു. മന്ത്രി വി.എസ്.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഓണക്കാലത്ത് പൊതുവിപണി വില നിയന്ത്രണം ലക്ഷ്യമാക്കി മാര്‍ക്കറ്റ് ഇടപെടല്‍ ശക്തമാക്കുന്നതോടൊപ്പം ഗുണ നിലവാരമുളള നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സപ്ലൈകോ മെട്രോ ഫെയറുകളും, സ്‌പെഷ്യല്‍ മിനി ഫെയറുകളും നടത്തും. തിരുവനന്തപുരത്ത് ഓണം മെട്രോ ഫെയര്‍ പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 10 മുതല്‍ 27 വരെ പ്രവര്‍ത്തിക്കും. സ്‌പെഷ്യല്‍ ഓണം മാര്‍ക്കറ്റുകള്‍ ആഗസ്റ്റ് 20 മുതല്‍ ആഗസ്റ്റ് 27 വരെ ആറ്റിങ്ങലും, നെടുമങ്ങാടും പ്രവര്‍ത്തിക്കും. നിയോജകമണ്ഡലാടിസ്ഥാനത്തിലുളള ഓണം ഫെയറുകള്‍ ആഗസ്റ്റ് 23 മുതല്‍ 27 വരെ പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും ആഗസ്റ്റ് 23 മുതല്‍ 27 വരെയുളള അഞ്ച് ദിവസങ്ങള്‍ ഓണം മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ കിഴിവും ലഭിക്കും. ആഗസ്റ്റ് 10 മുതല്‍ സപ്ലൈകോയുടെ ഓണം ഫെയറുകള്‍/ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുളള എല്ലാ വില്‍പന ശാലകളും (ആഗസ്റ്റ് 15 ഒഴികെ) രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.












