കേരളത്തിന്റെ ചരിത്രത്തിലെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം യാഥാര്‍ത്ഥ്യത്തിലേക്ക് ആദ്യ ചുവടുവച്ചു. കാല്‍നൂറ്റാണ്ടുമുമ്പ് ആരംഭിക്കേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചത് എന്നതില്‍ ആഹ്ലാദമുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ സമീപനംമൂലമാണ് വിഴിഞ്ഞം പദ്ധതിക്ക് ഇപ്പോഴെങ്കിലും കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത്.
വിഴിഞ്ഞം പദ്ധതിയെ പ്രത്യക്ഷമായും പരോക്ഷമായും തടസ്സപ്പെടുത്താന്‍ പല കേന്ദ്രങ്ങളില്‍നിന്നും ശ്രമമുണ്ടായി. അതിനെയൊക്കെ നിയമപരമായും മറ്റു വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയും തരണം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പേരില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഖേദകരമാണ്. അതിന് ക്രൈസ്തവ മതപുരോഹിതന്മാരുടെ പിന്തുണയുമുണ്ട് എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. വിഴിഞ്ഞം പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും ഒക്കെ പ്രശ്‌നങ്ങള്‍ ഉദാരമായി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും പിന്നെയും മുറുമുറുപ്പ് എന്നത് കേരളത്തിന്റെ ശോഭനമായ ഭാവിയെ പ്രതീക്ഷയോടെ കാണുന്നവരെ ഏറെ വേദനിപ്പിക്കുന്നു എന്ന് പറയാതെ വയ്യ.
പുതുവര്‍ഷദിനമായ ചിങ്ങം ഒന്നിന് കരാര്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി ഉറപ്പുനല്‍കിയത് ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിടുമെന്നാണ്. ഈ രംഗത്ത് ഏറെ വൈദഗ്ദ്ധ്യവും പ്രവ്ൃത്തി പരിചയവുമുള്ള അദാനിയുടെ വാക്കുകള്‍ നൂറു ശതമാനവും വിശ്വസിക്കാം. പതിനായിരത്തിലേറെ പേര്‍ക്ക് നേരിട്ടും അമ്പതിനായിരം മുതല്‍ ഒരുലക്ഷംവരെ ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന കേരളത്തിലെ ബൃഹത് പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. പ്രകൃതിദത്തമായ തുറമുഖമെന്ന നിലയില്‍ ഇതിന്റെ സംരക്ഷണവും ചെലവുകുറഞ്ഞതാണ്.
വിഴിഞ്ഞം കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒരു പാഠമാണ്. ഇതുപോലുള്ള പദ്ധതികളെ കാല്‍നൂറ്റാണ്ടു നീട്ടിക്കൊണ്ടുപോയതിനുപിന്നില്‍ ഇടതുവലതു കക്ഷികള്‍ക്ക് പങ്കുണ്ട്. ഇപ്പോഴും ഈ കരാറിനുപിന്നില്‍ അഴിമതി ആരോപിക്കുന്നവര്‍ കേരളത്തിന്റെ ഭാവിയെയോ വരുംതലമുറകളുടെ ശോഭനമായ ജീവിതത്തെയോ കാണുന്നവരല്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്തിലും ഏതിലും അഴിമതികാണുകയും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനത്തിന് ഇനിയെങ്കിലും അറുതിവേണം. കേരളത്തില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തുമ്പോള്‍ അതിനെതിരെ സമരം നയിക്കുകയും കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയും ചെയ്ത സി.പി.എം നേതാക്കള്‍ ഇന്ന് ലാപ്‌ടോപ്പുമായാണ് നടക്കുന്നത്. അവര്‍ അന്ന് ചെയ്തത് തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. പക്ഷേ ഭാരതത്തില്‍തന്നെ ഐ.റ്റി.മേഖലയില്‍ മുന്നിലെത്താമായിരുന്ന കേരളത്തെ പുറകോട്ടടിച്ചതില്‍ സി.പി.എമ്മിന്റെ പങ്ക് വലുതാണ്. പതിറ്റാണ്ടുകള്‍ക്കുശേഷം തെറ്റുതിരുത്തുമ്പോള്‍ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിനു യുവാക്കളുടെ ജീവിതമാണെന്നു മറക്കരുത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യപ്തമായ വിഴിഞ്ഞം പദ്ധതി എത്രയുംവേഗം പൂര്‍ത്തിയാകാന്‍ ഏകമനസ്സോടെ കേരളത്തിന് പ്രാര്‍ത്ഥിക്കാം.
Discussion about this post