തിരുവനന്തപുരം:19-ഇന ‘ഭക്ഷ്യസാധനങ്ങളുമായി സപ്‌ളൈകോ ഓണക്കിറ്റ് പുറത്തിറക്കുന്നു. പൊതുവിപണിയില്‍ 700-ഓളം രൂപ വിലയുള്ള ‘ഭക്ഷ്യസാധനങ്ങളുടെ കിറ്റ് എല്ലാ സപ്‌ളൈകോ മെട്രോടൗണ്‍ ഓണം ഫെയറുകളിലും പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, മുഖ്യകേന്ദ്രങ്ങളിലുള്ള സൂപര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ആഗസ്റ്റ് 23 മുതല്‍ 541 രൂപയ്ക്ക് ലഭിക്കും. ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ മെട്രോ ഓണംഫെയറില്‍ ആഗസ്റ്റ് 22ന് ഉച്ചയ്ക്ക് 1 മണിക്ക് ‘ഭക്ഷ്യപൊതുവിതരണമന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.
പഞ്ചസാര, ശബരി ഉപ്പ്, ശര്‍ക്കര എന്നിവ ഒരു കിലോഗ്രാം വീതവും ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവ അര കിലോഗ്രാം വീതവും അര ലിറ്റര്‍ ശബരി വെളിച്ചെണ്ണയും കിറ്റിലുണ്ടാകും. ശബരി ഗോള്‍ഡ് ചായപ്പൊടി (250 ഗ്രാം), ശബരി മുളക്‌പൊടി (200 ഗ്രാം), ശബരി വാളന്‍പുളി (250 ഗ്രാം), ശബരി സാമ്പാര്‍ പൊടി, രസപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക് (100 ഗ്രാം വീതം), ശബരി കായം, ജീരകം (50ഗ്രാം), കിസ്മിസ്, അണ്ടിപ്പരിപ്പ് എലയ്ക്കപായ്ക്കറ്റ് (50 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), പപ്പടം (20 എണ്ണം) എന്നിവയും സപ്‌ളൈകോ നല്കുന്ന ഓണക്കിറ്റിലുണ്ടാകും.
അഞ്ച് ലക്ഷം കിറ്റുകളാണ് സപ്‌ളൈകോ വില്ക്കാനുദ്ദേശിക്കുന്നത്. സപ്‌ളൈകോയുടെ മെട്രോടൗണ്‍ ഓണം ഫെയറുകളിലും തെരഞ്ഞെടുക്കപ്പെട്ട സപ്‌ളൈകോ വില്പനശാലകളിലും ഹോര്‍ട്ടികോര്‍പുമായി ചേര്‍ന്ന് സദ്യക്ക് അവശ്യമായ പച്ചക്കറികിറ്റും ലഭ്യമാക്കും.












