ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഭാരതത്തിന്‍റെ ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-6 വിജയകരമായി വിക്ഷേപിച്ചു. തദ്ദേശീയ ക്രയോജനിക് എന്‍ജിനുള്ള റോക്കറ്റിലാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണ ത്തറയില്‍നിന്ന് ഇന്നലെ വൈകുന്നേരം 4.52ന് ഉപഗ്രഹം കുതിച്ചുയര്‍ന്നത്.
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ സംഘട(ഇസ്രോ) യുടെ ഓണ സമ്മാനമാണിതെന്നു വിക്ഷേപണത്തിനുശേഷം മിഷന്‍ ഡയറക്ടര്‍ ആര്‍. ഉമാമഹേശ്വരന്‍ പറഞ്ഞു.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിന് രണ്ടര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷിയുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരി അഞ്ചിനാണ് ഇതിനുമുമ്പുള്ള ഉപഗ്രഹം ജിഎസ്എല്‍വി-ഡി5 ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ചത്. അതോടെ ക്രയോജനിക് ശേഷിയുള്ള രാജ്യങ്ങളുടെ സംഘത്തില്‍ ഇന്ത്യയും അംഗമായി.
വിക്ഷേപണത്തിനുള്ള രണ്ടാം തറയില്‍നിന്ന് ഇന്നലെ 2117 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി ജിഎസ്എല്‍വി-ഡി6 റോക്കറ്റ് ഉയര്‍ന്നതു മുതല്‍ ഇസ്രോ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാറും ശാസ്ത്രജ്ഞരും ആകാംക്ഷയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 17 മിനിറ്റിനു ശേഷം കൃത്യമായി ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം എത്തിയതോടെ കരഘോഷമായി. ഇസ്രോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ചെയര്‍മാന്‍ കൂട്ടായപ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്ന് അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രോയുടെ വിജയത്തില്‍ അഭിനന്ദനമറിയിച്ചു.
Discussion about this post