തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ ജയചന്ദ്രനും കാരി സതീഷും അടക്കമുള്ള ആദ്യ ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം കഠിന തടവും പിഴയും. നാലു പ്രതികളെ മൂന്നു വര്‍ഷം വീതം തടവിനും ശിക്ഷിച്ചുകൊണ്ടു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു വിധി പ്രസ്താവിച്ചു.
ഇതോടൊപ്പം കുരങ്ങു നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ 14 പ്രതികളെയും കോടതി ശിക്ഷിച്ചു. നസീറിനെ ആക്രമിക്കാന്‍ വരുന്നതിനിടയിലാണു യുവ വ്യവസായി മുത്തൂറ്റ് പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തുന്നത്.
ഈ രണ്ടു കേസിലുമായി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച എട്ടു പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിന തടവും കോടതി ശിക്ഷ വിധിച്ചു. മുത്തൂറ്റ് പോള്‍ വധക്കേസിലെ പതിനാലാം പ്രതിയും മണ്ണഞ്ചേരി സ്വദേശിയുമായ അനീഷിനെ കുറ്റകാരനല്ലെന്നു കണെ്ടത്തി കോടതി വിട്ടയച്ചു.
പണത്തിനു വേണ്ടി ആളുകളെ ആക്രമിക്കുന്നവര്‍ സമൂഹത്തിനു തീരാ തലവേദനയാണെന്നും ഇവര്‍ക്കു ചെറിയ ശിക്ഷ നല്‍കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വിധിന്യായത്തില്‍ വിലയിരുത്തി. പ്രതികള്‍ എല്ലാം ചെറുപ്പക്കാരാണെന്നതു കോടതി പരിഗണിക്കണമെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാകില്ലെന്നും പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്റെ അനന്തരവകാശികള്‍ക്കു നഷ്ടപരിഹാരത്തിന് അവകാശമുണെ്ടങ്കിലും കുടുംബത്തിന്റെ സാമൂഹിക- സാമ്പത്തിക ഔന്നത്യം കണക്കിലെടുത്ത് നിസാര തുക നഷ്ടപരിഹാരം നല്‍കുന്നത് അവഹേളിക്കുന്നതിനു തുല്യമായതിനാല്‍ നഷ്ടപരിഹാരം ഒഴിവാക്കുന്നതായി വിധിയില്‍ പറയുന്നു.
പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയതിനും ചങ്ങനാശേരി സ്വദേശി കുരങ്ങ് നസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും രണ്ടു കേസുകളായാണു കോടതിയില്‍ വിചാരണ നടന്നത്.പോളിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ആദ്യ ഒമ്പതു പ്രതികളായ ജയചന്ദ്രന്‍, കാരി സതീഷ്, സത്താര്‍, സുജിത്ത്, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ എന്നിവരെയാണ് കോടതി കൊലപാതകക്കുറ്റം കണെ്ടത്തി ജീവപര്യന്തം ശിക്ഷിച്ചത്. ഇതിനുപുറമെ ഇവര്‍ക്കെതിരേ അന്യായമാ യി സംഘംചേരല്‍, മാരകായുധങ്ങളുമായി സംഘംചേരല്‍, ലഹള, ഭീഷണി, മാരകമായി പരിക്കേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, കൊലപാതകത്തിനു പ്രേരണ നല്‍കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കണെ്ടത്തിയിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്കു ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ കഠിനതടവ് ശിക്ഷയായി വിധിച്ചിട്ടുണെ്ടങ്കിലും എല്ലാ ശിക്ഷയും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. ഈ പ്രതികളില്‍ ജയചന്ദ്രന്‍ 50,000 രൂപയും മറ്റു പ്രതികള്‍ 55,000 രൂപ വീതവും പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കേണ്ടി വരും.
കൊലപാതക്കേസില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റം കണെ്ടത്തിയ അബി, റിയാസ്, സിദ്ദിഖ്, ഇസ്മായില്‍ എന്നിവര്‍ മൂന്നുവര്‍ഷം കഠിനതടവിനു പുറമെ 5000 രൂപ പിഴയും ഒടുക്കണം. പിഴത്തുക അടച്ചില്ലെങ്കില്‍ ഇവര്‍ ആറു മാസം തടവ് അധികമായി അനുഭവിക്കണം. കുരങ്ങ് നസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും കോടതി മൂന്നു വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.
കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട പത്തു പ്രതികള്‍ക്കു പുറമെ പ്രകാശ്, സുല്‍ഫിക്കര്‍, സബീര്‍, ഹസന്‍ സന്തോഷ് എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. കോടതി മൂന്നുവര്‍ഷം കഠിനതടവിനു ശിക്ഷിച്ച പ്രതികളില്‍ അബി, റിയാസ്, സിദ്ദിഖ്, ഇസ്മായില്‍, സുല്‍ഫിക്കര്‍, സബീര്‍ എന്നിവര്‍ക്കു കോടതി ജാമ്യം അനുവദിച്ചു.
Discussion about this post