ഭാരതത്തിന്റെയും അതോടൊപ്പം കേരളത്തിന്റെയും രാഷ്ട്രീയ സാഹചര്യം മാറുകയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിന്റെ പ്രതിഫലനം കേരളരാഷ്ട്രീയത്തിലും സംജാതമായി. ഇത് പ്രകടമായത് അരുവിക്കര ഉപതെരഞ്ഞെടുപ്പോടെയാണ്. ബി.ജെ.പി. 34,245 വോട്ട് നേടി നിര്‍ണ്ണായക സ്വാധീനം തെളിയിച്ചതോടെ ജീവശ്വാസംപോകുന്ന മട്ടിലായത് സി.പി.എമ്മാണ്. ഇനി നടക്കാന്‍പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അതിനെ തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പാണ്. അതോടൊപ്പം സി.പി.എമ്മിന്റെ കാല്‍ക്കീഴിലെ മണ്ണ് ഏറെക്കുറേ ഒലിച്ചുപോകുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഒരുവട്ടം കൂടി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സി.പി.എമ്മിന്റെ കേരളത്തിലെ സ്ഥിതി ബംഗാളിന് സമമാകും. ‘അന്തംവിട്ട പ്രതി എന്തും ചെയ്യും’ എന്നതുപോലെയാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ സ്വഭാവത്തിനു വന്ന മാറ്റം.
കേരളത്തിലെ ഏതു രാഷ്ട്രീയ സംഘര്‍ഷമെടുത്താലും അതില്‍ ഒരുഭാഗത്ത് സി.പി.എമ്മായിരിക്കും. അക്രമവും കള്ളവോട്ടും ബൂത്തുപിടിത്തവുമൊക്കെ കൊണ്ടാണ് ബംഗാളില്‍ മൂന്നരപതിറ്റാണ്ട് സി.പി.എം അടക്കിവാണത്. ഇതിനു മാറ്റം വന്നതോടെ സി.പി.എം ആഫീസുകളുടെ മുകളില്‍ ബി.ജെ.പിയുടെ ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നതുവരെ എത്തി കാര്യങ്ങള്‍. കേരളത്തിലും സമാനമായ നിലയില്‍തന്നെയാണ് സി.പി.എം രാഷ്ട്രീയ ബലം നിലനിര്‍ത്തിവന്നത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എമ്മില്‍നിന്ന് ബി.ജെപിയിലേക്ക് അണികളുടെ ഒഴുക്ക് ശക്തമായി. ഇത് തിരിച്ചറിഞ്ഞ അങ്കലാപ്പിലാണ് തിരുവോണനാളില്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളുമായി സി.പി.എം രംഗത്തെത്തിയത്.
മുരടിച്ചുപോയ ആശയംകൊണ്ട് ഇനി രാഷ്ട്രീയ ബല പരീക്ഷണം സാദ്ധ്യമല്ലെന്ന് കണ്ടതോടെ അക്രമത്തിലൂടെ തങ്ങളുടെ ശക്തി നിലനിര്‍ത്താമെന്ന വ്യാമോഹമാണ് സി.പി.എമ്മിനുള്ളത്. കഴിഞ്ഞ 30വര്‍ഷമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി നടക്കുന്ന ശോഭായാത്രകളില്‍ കൃഷ്ണ – രാധാവേഷങ്ങള്‍ ധരിച്ച് പതിനായിരക്കണക്കിനു കുട്ടികളാണ് പങ്കെടുക്കുന്നത്. ഇതുപോലെതന്നെയാണ് ഗണേശോത്സവം, രക്ഷാബന്ധന്‍ തുടങ്ങിയ ആഘോഷങ്ങള്‍. ഇതിലൂടെ സംഘപരിവാര്‍ സംഘടനകള്‍ ജനഹൃദയങ്ങളിലേക്ക് ചേക്കേറി എന്ന തിരിച്ചറിവില്‍നിന്നാണ് ഇക്കുറി ശ്രീകൃഷ്ണജയന്തി ദിനത്തില്‍തന്നെ ഓണാഘോഷമെന്ന പേരില്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഘോഷയാത്ര നടത്താന്‍ സി.പി.എം നീക്കം നടത്തുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെയും ശോഭായാത്രകളെയും ഗണേശോത്സവത്തേയുമൊക്കെ ഹൈന്ദവവര്‍ഗ്ഗീയത വളര്‍ത്താനുള്ള ആഘോഷങ്ങളാണെന്ന് ഇക്കാലമത്രയും പ്രചരിപ്പച്ചിരുന്ന സി.പി.എമ്മിന്റെ മനംമാറ്റം കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള വിവേകമുണ്ട്.
പതിറ്റാണ്ടുകളായി നടത്തിയ നിശ്ശബ്ദ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബാലഗോകുലവും തപസ്യയും അതുപോലെ മറ്റ് സംഘപരിവാര്‍ സംഘടനകളും ജനഹൃദയങ്ങളില്‍ ഇടം നേടിയത്. നാടിന്റെ പൈതൃകത്തെ നെഞ്ചോടു ചേര്‍ത്തു സൂക്ഷിക്കുന്ന സാംസ്‌കാരിക സംഘടനകള്‍ എന്ന നിലയിലാണ് ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ പിറന്ന നാടിന്റെ സംസ്‌കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് വൈദേശിക തത്ത്വസംഹിത വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട സിപിഎമ്മിന് ഇപ്പോഴത്തെ നിലയില്‍ അധികദൂരം മുന്നോട്ടുപോകാനാവില്ല. ഈ അങ്കലാപ്പില്‍ നിന്നാണ് ഹൈന്ദവ ആഘോഷങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടത്തുന്നത്. ഇതുകൊണ്ടൊന്നും ആ പ്രസ്ഥാനത്തിന് രക്ഷപ്പെടാന്‍ കഴിയില്ല.
കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ കാറ്റിനെ തടുത്തുനിര്‍ത്താന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള സി.പി.എമ്മിന്റെ സൂത്രപ്പണികള്‍ക്കാവില്ലെന്ന് തെളിയാന്‍ ഇനി അധികകാലം വേണ്ട.
Discussion about this post