കൊച്ചി: സ്മാര്‍ട് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസംബര്‍ പത്തിനും ഇരുപതിനും ഇടയിലുള്ള തീയതിയാണു പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ദുബായ് ഭരണകൂടവും കൂടിയാലോചിച്ച ശേഷമാകും തീയതിയില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇതിനു സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ദുബായിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒന്നാം ഘട്ടത്തിലെ സ്മാര്‍ട്ട് സിറ്റി മന്ദിരത്തില്‍ 15 കമ്പനികളാണു പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തിനൊപ്പം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ ആറായിരം പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാക്കനാട് സ്മാര്‍ട്ട് സിറ്റി പവലിയന്‍ ഓഫീസില്‍ ഇന്നു രാവിലെ നടന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ 45-മതു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യ ഐടി മന്ദിരത്തിന്റെ നിര്‍മാണപുരോഗതിയും നിര്‍മാണ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്ന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകളും യോഗം വിലയിരുത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ നിലവിലെ അവസ്ഥയും കോ-ഡെവലപ്പര്‍മാരുടെ പദ്ധതികളുടെയും മറ്റ് അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെയും പുരോഗതി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. ഐഎംജി മുതല്‍ എടച്ചിറ വരെയുള്ള റോഡ് പുനര്‍നിര്‍മാണവും ബ്രഹ്മപുരം ബ്രിഡ്ജ് വരെയുള്ള നാലുവരി പാതയുടെ നിര്‍മാണവും സ്മാര്‍ട്‌സിറ്റി ഉദ്ഘാടനത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി പുരോഗമിക്കുകയാണ്.
കൊച്ചി സ്മാര്‍ട്‌സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എംകെ ലുലു ഗ്രൂപ്പ് എംഡി എം.എ.യൂസഫലി, സ്മാര്‍ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ്, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
Discussion about this post