തിരുവനന്തപുരം: അറുപത്തിനാലാമത് ആള് ഇന്ത്യ പോലീസ് അത്ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കമായി. ഇത് നാലാം തവണയാണ് ആള് ഇന്ത്യ പോലീസ് മീറ്റിന് കേരള പോലീസ് ആതിഥ്യം വഹിക്കുന്നത്. സെപ്തംബര്‍ പതിനൊന്ന് വരെ നടക്കുന്ന മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയമാണ് വേദി.
അരുണാചല്‍പ്രദേശ്, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളും ആസാം റൈഫിള്‍സും ഒഴികെ ഇന്ത്യയിലുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ടീമുകളും ബി.എസ്.എഫ്, സി.ആര്.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്ര റിസര്‍വ് സേനകളും മീറ്റില്‍ പങ്കെടുക്കും. പഞ്ചാബ്, ഹരിയാന, കേരള പോലീസ് തുടങ്ങിയ സ്റ്റേറ്റ് ടീമുകളും ടീം ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏകദേശം ആയിരത്തി മൂന്നൂറ് കായിക താരങ്ങള്‍ പങ്കെടുക്കും.
ഈ മത്സരങ്ങളില്‍ നിന്നാണ് അഖിലേന്ത്യാ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യന്‍ പോലീസ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സി.ആര്.പി.എഫ് ആയിരുന്നു പുരുഷ-വനിതാ ചാമ്പ്യന്മാര്.
സെപ്തംബര്‍ 11-ലെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശിഷ്ടാതിഥിയാവും. മീറ്റ് ജേതാക്കള്‍ക്കുള്ള സമ്മാനദാനവും നടക്കും. മീറ്റിന്റെ വിജയകരമായ നടത്തിപ്പിന് എ.ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹ ചെയര്‍മാനായും ഐ.ജി മനോജ് എബ്രഹാം വൈസ് ചെയര്‍മാനായും വിപുലമായ കമ്മിറ്റിയും വിവിധ അനുബന്ധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
Discussion about this post