തിരുവനന്തപുരം: ഓണാഘോഷം ഏറ്റവും നല്ല രീതിയില്‍ വിജയകരമാക്കിയത് ഇത് വീക്ഷിക്കാനെത്തിയ ജനങ്ങളാണെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ‘ഓണാഘോഷം 2015’ അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
29 വേദികളിലായി 5000 ത്തോളം കലാകാരന്മാരാണ് ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തത്. അതോടൊപ്പം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള 150 ഓളം കലാരൂപങ്ങളും അണിനിരന്നു. ഓണം വാരാഘോഷത്തോടനുബന്ധിച്ച ഘോഷയാത്രയില്‍ മികച്ച ഫ്‌ളോട്ടിനുള്ള ഒരുലക്ഷം രൂപ സമ്മാനം മോട്ടോര്‍ വാഹനവകുപ്പ് ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരുക്കിയ ഫ്‌ളോട്ടിനാണ് 50,000 രൂപയുടെ രണ്ടാം സമ്മാനം. തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഒരുക്കിയ ഫ്‌ളോട്ടിന് 30,000 രൂപയുടെ മൂന്നാം സമ്മാനം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മിച്ച ഫ്‌ളോട്ടിനുള്ള സമ്മാനം ഐ.എസ്.ആര്‍.ഒയും, കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും രണ്ടാം സ്ഥാനം മ്യൂസിയം ആന്റ് സൂവും ഏറ്റുവാങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കിറ്റ്‌സിനായിരുന്നു ഒന്നാംസ്ഥാനം.
ദേശീയ ആരോഗ്യ മിഷന്‍ രണ്ടാ ംസ്ഥാനം നേടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാമതും പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് രണ്ടാമതുമെത്തി. സംസ്ഥാന, ജില്ല, പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരുവനന്തപുരം ഒന്നാംസ്ഥാനത്തിനുള്ള പുരസ്‌കാരവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെയ്യാറ്റിന്‍കര രണ്ടാംസ്ഥാനവും ഏറ്റുവാങ്ങി. ഡി.ടി.പി.സി വിഭാഗത്തില്‍ എറണാകുളം ഒന്നാമതും കോട്ടയം രണ്ടാമതുമെത്തി. ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നബാര്‍ഡിന് ഒന്നാംസ്ഥാനവും ഫെഡറല്‍ ബാങ്കിന് രണ്ടം സ്ഥാനവും ലഭിച്ചു. ഇതര സ്ഥാപനങ്ങളില്‍ വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ ഒന്നാംസ്ഥാനവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ – നമ്മുടെ ആരോഗ്യം രണ്ടാം സ്ഥാനവും ഏറ്റുവാങ്ങി. മികച്ച കലാരൂപങ്ങള്‍ക്കുള്ള ആദ്യരണ്ട് സ്ഥാനങ്ങള്‍ നേടിയത് ഡി.പി.ഐ ബാന്റും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിന്റെ പുലികളി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുമായിരുന്നു. മികച്ച വൈദ്യുത ദീപാലങ്കാരം പുരസ്‌കാരം ലഭിച്ചത് നിയമസഭക്കാണ്. തിരുവനന്തപുരം നഗരസഭയും വാട്ടര്‍ അതോറിറ്റിയും രണ്ടാം സ്ഥാനം പങ്കിട്ടു.
ചടങ്ങില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ടൂറിസം സെക്രട്ടറി ജി. കമലവര്‍ധനറാവു, ടൂറിസം ഡയറക്ടര്‍ ഷേക് പരീത്, അഡീ. ഡയറക്ടര്‍ ടി.വി. അനുപമ, പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post