തിരുവനന്തപുരം: പെരുമാതുറ പാലം നാടിന് സമര്‍പ്പിച്ചു മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെരുമാതുറ-താഴംപള്ളി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമാതുറ പാലം യാഥാര്‍ഥ്യമായത് പ്രദേശവാസികള്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും മാത്രമല്ല മേഖലയുടെ ടൂറിസം വികസനത്തിനും ഏറെ സഹായമാകും. എല്ലാവരുടേയും യോജിച്ച പ്രവര്‍ത്തനമാണ് പ്രതിസന്ധികള്‍ മഹറികടന്ന് പാലം യാഥാര്‍ഥ്യമാകാന്‍ കാരണം. മല്‍സ്യബന്ധന തുറമുഖം കൂടി മാര്‍ച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും. 1991ല്‍ താന്‍ ധനമന്ത്രിയായിരിക്കുമ്പോഴാണ് ബജറ്റ് അവതരണത്തില്‍ ഈ പാലം ആദ്യമായി ഉള്‍പ്പെടുത്തിയത്. ഫിഷറീസ്-തുറമുഖ വകുപ്പുകളുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വന്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കൊല്ലം തുറമുഖത്തില്‍ 50 വര്‍ഷത്തിനുശേഷം ആഫ്രിക്കന്‍ കപ്പലടുത്തത് നേട്ടമാണ്. കൂടുതല്‍ കപ്പലുകള്‍ നമ്മുടെ തുറമുഖങ്ങളില്‍ വരണം. വിഴിഞ്ഞം പദ്ധതി സാക്ഷാത്കരിക്കുന്നതിലും തുറമുഖവകുപ്പ് സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. സി.ആര്‍.ഇസഡ് മേഖലകളില്‍ സംസ്ഥാനത്തിന് അര്‍ഹമായ ഇളവുകള്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുതലപ്പൊഴി തുറമുഖനിര്‍മ്മാണം ശാസ്ത്രീയമായി പുരോഗമിക്കുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ-ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അറിയിച്ചു. തുറമുഖം സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. നേരത്തേ തെക്കോട്ട് നിര്‍മ്മിച്ചിരുന്ന പുലിമുട്ടുകള്‍ ശാസ്ത്രീയമായി പടിഞ്ഞാറോട്ട് മാറ്റിയാണ് നിര്‍മാണം തുടരുന്നത്. കല്ലുകള്‍ മൊത്തം നീക്കിയാകും തുറമുഖം നിര്‍മിക്കുക. സ്ഥലം ഏറ്റെടുത്തുനല്‍കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ കായിക്കരയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് പാലം നിര്‍മ്മിച്ചുനല്‍കുമെന്നും മന്ത്രി അറിയിച്ചു.
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പെരുമാതുറ-താഴംപള്ളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് 259.7 മീറ്റര്‍ നീളവും 10.5 മീറ്റര്‍ വീതിയുമുണ്ട്. പാലം യാഥാര്‍ഥ്യമായതോടെ പെരുമാതുറ നിന്ന് താഴംപള്ളി, അഞ്ചുതെങ്ങ്, വര്‍ക്കല ഭാഗങ്ങളിലേക്ക് ഇനി ചുറ്റിക്കറങ്ങാതെ യാത്ര ചെയ്യാം. കൊല്ലം ജില്ലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എളുപ്പം എത്താനും പുതിയ പാലം സഹായകമാകും. 21.17 കോടി രൂപ ചെലവഴിച്ച് നബാര്‍ഡിന്റെ സഹായത്തോടെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് പാലം നിര്‍മ്മിച്ചത്.
Discussion about this post