തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഇ-ഡ്രോപ്പ് പദ്ധതിയുടെ ജില്ലാതല പരിശീലനം സെപ്റ്റംബര്‍ 16,17 തീയതികളില്‍ നടക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) ഉദേ്യാഗസ്ഥര്‍ പരിശീലനത്തിന് സാങ്കേതിക നേതൃത്വം നല്‍കും.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കാണ് പരിശീലനം. പരിശീലന പരിപാടിയുടെ ജില്ലാ തല നോഡല്‍ ഓഫീസറായി അതാതു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ (എ.ഡി.എം) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്‌കൂള്‍ എന്നിവിടങ്ങളിലെ ഉദേ്യാഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുക. ഇവരുടെ പട്ടിക തയ്യാറാക്കല്‍, നിയമനം തുടങ്ങിയ കാര്യങ്ങളാണ് ഇ-ഡ്രോപ്പ് സംവിധാനം വഴി നിര്‍വ്വഹിക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി എന്‍.ഐ.സി യാണ് ഇ-ഡ്രോപ്പ് സംവിധാനത്തിന്റെ സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.
Discussion about this post