പെഷവാര്‍: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പെഷവാറിലെ വ്യോമതാവളത്തിനു നേരെ ഭീകരാക്രമണം. വ്യോമതാവളത്തില്‍ കയറി ആക്രമണം നടത്തിയ ആറു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. 10 അംഗ ഭീകര സംഘമാണ് വ്യോമതാവളത്തിനു അകത്തുകയറി ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ സൈനികര്‍ ഉള്‍പ്പടെ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികളെ തുരത്താന്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. കാവല്‍ക്കാരുടെ പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ശേഷം ബാദബേര്‍ വ്യോമതാവളത്തിലേക്ക് ഭീകരര്‍ ഇരച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം പ്രത്യാക്രമണം നടത്തിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
വ്യോമതാവളത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് താലിബാന്‍ ആക്രമണം നടത്തിയത്. സംഭവ സമയം ഉന്നത ഉദ്യോഗസ്ഥര്‍ വ്യോമതാവളത്തില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ സുരക്ഷിതരാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. വ്യോമതാവളവും പരിസരവും സൈന്യം വളഞ്ഞിരിക്കുകയാണ്.
ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ശക്തമായി അപലപിച്ചു. പാക് മണ്ണില്‍ നിന്നും തീവ്രവാദികളെ തുരത്തുന്നതിനു സൈന്യവും രാജ്യവും പൂര്‍ണ സജ്ജമാണെന്നും പെഷവാറിലെ ആക്രമണത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ പെഷവാറിലെ സൈനിക സ്‌കൂളിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ശേഷമുണ്ടാകുന്ന വലിയ സംഭവമാണിത്. സ്‌കൂളില്‍ അതിക്രമിച്ച കയറി തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ 150 ഓളം കുട്ടികളാണ് മരിച്ചത്.
Discussion about this post