കേരളത്തിന്റെ ചരിത്രത്തില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമരം സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. ട്രേഡ് യൂണിയന്‍ നേതാക്കളെ എന്നുമാത്രമല്ല രാഷ്ട്രീയ നേതാക്കളെയും സ്വന്തംവീട്ടിലെ പുരുഷന്മാരെപ്പോലും സമര രംഗത്തേക്ക് അടുപ്പിച്ചില്ല. അവിടെ നടന്നത് സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ രൂപവും ഭാവവുമാണ്.
കൂലിക്കൂടുതലിനും ബോണസ് വര്‍ദ്ധനയ്ക്കുമായാണ് സമരം നടന്നതെങ്കിലും ഇതിന്റെ പിന്നില്‍ വളരെ നാളത്തെ ആസൂത്രണ പാടവം ഉള്ളതുപോലെയാണ് അനുഭവപ്പെട്ടത്. ലോകത്തെ മികച്ച ഇവന്റ് മാനേജ്‌മെന്റ് മാനേജര്‍മാരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സംഘടന പാടവമായിരുന്നു സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അവരുടെ ഇടയില്‍നിന്നു തന്നെ നേതൃനിരയിലേക്ക് സ്ത്രീകള്‍ സ്വയം രൂപപ്പെടുകയും ആ നേതൃത്വം ആയിരക്കണക്കിനു തൊഴിലാളികള്‍ അംഗീകരിക്കുകയുമായിരുന്നു.
നരകതുല്യമായ അവസ്ഥയിലാണ് തോട്ടം തൊഴിലാളികളുടെ ജീവിതം മുന്നോട്ടു പോകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ രോഗം വന്നാല്‍ ചികിത്സിക്കുന്നതിനോ ഉള്ള തരത്തില്‍ വരുമാനമില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. വീടിന്റെ ചുമതല ഏറ്റെടുക്കേണ്ട പുരുഷന്മാര്‍ കിട്ടുന്ന വരുമാനം മുഴുവന്‍ മദ്യപാനത്തിനും മറ്റുമായി ധൂര്‍ത്തടിക്കുമ്പോള്‍ ഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നത് സ്ത്രീകളായിരുന്നു. എന്നാല്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു ട്രേഡ് യൂണിയന്‍ നേതാക്കള്‍. മാത്രമല്ല മാനേജ്‌മെന്റുമായുള്ള രഹസ്യ ധാരണയിലൂടെ നേതാക്കള്‍ തടിച്ചുകൊഴുക്കുകയായിരുന്നു. നിരവധി ബംഗ്ലാവുകളും ലക്ഷങ്ങളുടെ ബാങ്ക് അക്കൗണ്ടുമുള്ള നേതാക്കള്‍ ഇക്കാലമത്രെയും തോട്ടം തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.
കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോടും തോട്ടം തൊഴിലാളികളോടും വ്യത്യസ്ഥമായ സമീപനമാണ് മാനേജ്‌മെന്റ് ഇക്കാലമത്രെയും സ്വീകരിച്ചത്. ഇതില്‍ ഏറ്റവും പ്രകടമായ ഉദാഹരണം തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരെപ്പോലും താഴെ തട്ടിലുള്ള ജോലികള്‍ക്കു മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. മാത്രമല്ല നാലാം ക്ലാസ് കഴിഞ്ഞാല്‍ പിന്നീട് പഠിക്കണമെങ്കില്‍ തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഫീസ് കൊടുക്കണം. ഉയര്‍ന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് അത് വേണ്ടായിരുന്നു. രോഗം വന്നാല്‍ ചികിത്സിക്കുന്നതിനും കടുത്ത വിവേചനമാണ് നിലനിന്നിരുന്നത്. ഇക്കാര്യങ്ങളൊക്കെ വര്‍ഷങ്ങളായി ട്രേഡ് യൂണിയന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് പരിഹരിക്കുന്നതിനു പകരം മാനേജ്‌മെന്റുമായി ഒത്തുകളിച്ചുകൊണ്ട് അവരുടെ ആനുകൂല്യംപറ്റി തടിച്ചുകൊഴുക്കുകയായിരുന്നു നേതാക്കള്‍.
മൂന്നാര്‍ സമരം ട്രേഡ് യൂണിയനുകള്‍ക്കും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുള്ള വലിയൊരു താക്കീതാണ്. ഒരുകാലത്ത് അസംഘടിതരായിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അവകാശബോധം സൃഷ്ടിച്ച ട്രേഡ് യൂണിയനുകളെത്തന്നെ ഇന്ന് തൊഴിലാളികള്‍ തള്ളിപ്പറഞ്ഞെങ്കില്‍ അതിനുള്ള കാരണം പകല്‍പോലെ വ്യക്തമാണ്. മാത്രമല്ല മൂന്നാറില്‍ നിന്നുള്ള വിജയം ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ മറ്റ് തോട്ടം മേഖലകളിലും തൊഴിലാളികള്‍ കൂലി വര്‍ദ്ധനയ്ക്കും മറ്റുമായി സമരരംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
കേരളം മാത്രമല്ല ഭാരതത്തിലാകമാനം ശ്രദ്ധയാകര്‍ഷിച്ച മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളേയും പുനര്‍ ചിന്തനത്തിന് വിധേയമാക്കിയില്ലെങ്കില്‍ അവരെയൊക്കെ ജനം തള്ളിക്കളയുന്ന കാലം വിദൂരമല്ല. സ്ത്രീകള്‍ അടുക്കളയില്‍ തളയ്ക്കപ്പെടേണ്ടവരല്ലെന്നും മൂന്നാറില്‍ നടന്നതുപോലെയുള്ള സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണെന്നും തെളിയിക്കുകകൂടിയാണ് ഇപ്പോള്‍ ഉണ്ടായത്. സ്ത്രീകള്‍ രചിച്ച ഈ ചരിത്ര വിജയം അവരെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പ്രാപ്തരാക്കുന്നതുംകൂടിയാണ്.
Discussion about this post