തിരുവനന്തപുരം: വോട്ടര്‍പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയ കണ്ണൂര്‍ ജില്ലയിലെ എരിഞ്ഞോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രത്‌നാകരനേയും വേങ്ങാട് ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് ദിനേശന്‍ പാറയിലിനേയും അനേ്വഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വേങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന വേളയില്‍ ഗ്രാമപഞ്ചായത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായിരുന്ന കെ. രത്‌നാകരന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പ് തിരുത്തുന്നതിനുമായി ലഭിച്ച അപേക്ഷകളില്‍ ഹിയറിംഗ് നടത്തിയെങ്കിലും അത് ഓണ്‍ലൈനായി യഥാസമയം അംഗീകരിക്കാതെ സ്ഥലം മാറി പോകുകയുണ്ടായി. തുടര്‍ന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഹെഡ് ക്ലാര്‍ക്ക് ദിനേശന്‍ പാറയില്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ വിവരം മേലധികാരികളുടെ ശ്രദ്ധയില്‍പെടുത്തുകയോ ചെയ്തില്ല. ഇക്കാരണങ്ങളാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച തീയതിയില്‍ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അനേ്വഷണത്തിലും ഉദേ്യാഗസ്ഥരുടെ ഗുരുതരമായ വീഴ്ച കണ്ടെത്തിയിരുന്നു.












