മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് അരശതമാനം കുറച്ചു. പുതിയ റിപ്പോനിരക്ക് 6.75 ശതമാനമാണ്. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ല. സിആര്‍ആര്‍ നാലു ശതമാനമാണ്. ആര്‍ബിഐയുടെ വായ്പാ അവലോകന യോഗത്തിലാണ് തീരുമാനമായത്.
റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോനിരക്ക്. നിലവില്‍ ഇത് 7.25 ശതമാനമാണ്. അരശതമാനം കുറവ് വരുത്തിയതോടെ റിപ്പോ നിരക്ക് 6.75 ശതമാനമായി. ആര്‍ബിഐയില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ പലിശ കുറച്ചതിനാല്‍ ബാങ്കുകള്‍ തങ്ങള്‍ നല്‍കുന്ന വായ്പകളിലും പലിശ കുറച്ചേക്കും. ഇതോടെ ചെറുകിട ഭവന വായ്പ പലിശനിരക്കുകള്‍ കുറയും. ഇത് സാധാരണക്കാര്‍ക്ക് നേട്ടമാകും.
പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതാണ് പലിശ നിരക്ക് കുറയ്ക്കുവാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം പത്ത് മാസങ്ങളായി പൂജ്യത്തിനു താഴെയാണ്. പലിശ നിരക്കില്‍ കാല്‍ശതമാനംവരെ കുറവ് പ്രതീക്ഷിച്ചിരുന്നവരെ അത്ഭുതപ്പെടുത്തിയാണ് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അരശതമാനത്തിന്റെ കുറവ് വരുത്തിയത്. ഈ വര്‍ഷം നാലുതവണയായി 1.25 ശതമാനമാണ് റിപ്പോനിരക്കില്‍ കുറവ് വരുത്തിയത്. നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് പലിശനിരക്കാണ് ഇപ്പോള്‍. പലിശ നിരക്കില്‍ ഉണ്ടായ കുറവ് രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്.
Discussion about this post