തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുമായി സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ഒരു പഞ്ചായത്തിലെ 20 പോളിംഗ് സ്റ്റേഷനുകളിലേക്കായി ഒരു സെക്ടറല്‍ ഓഫീസറേയും, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങിലെ 20 പോളിംഗ് സ്റ്റേഷനുകളിലേയ്ക്ക് ഒന്ന് വീതം സെക്ടറല്‍ ഓഫീസര്‍മാരെയുമാണ് നിയമിക്കുക. വില്ലേജ് ഓഫീസര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് സെക്ടറല്‍ ഓഫീസര്‍ മാരായി നിയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റ് വകുപ്പുകളിലെ ജൂനിയര്‍ സൂപ്രണ്ടുമാരേയും പരിഗണിക്കും. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് മുതല്‍ പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നത് വരെയായിരിക്കും സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനസമയം. ഓരോ സെക്ടറല്‍ ഓഫീസര്‍മാരും വോട്ടെടുപ്പിന് മുമ്പ് തന്നെ അതത് പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് വോട്ടെടുപ്പിന് ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. കൂടാതെ പോളിംഗിന് തലേ ദിവസം എല്ലാ പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിച്ച് പോളിംഗ് ഉദേ്യാഗസ്ഥരെല്ലാം പോളിംഗ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടോ എന്നും, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്തേണ്ടതാണ്. പോളിംഗ് സ്‌റ്റേഷനുകളില്‍ ഏ തെങ്കിലും പോളിംഗ് സാധനങ്ങളുടെ കുറവുണ്ടാകുന്ന സാഹചര്യത്തില്‍ അവ ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിയ്‌ക്കേണ്ടതും, ഇതിനാവശ്യമായിവരുന്ന ഫോറങ്ങളും തിരഞ്ഞെടുപ്പ് സാമഗ്രികളും എല്ലായ്‌പ്പോഴും വാഹനത്തില്‍ കരുതിയിരിക്കേണ്ടതുമാണ്.
ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ അടിയന്തിര സാഹചര്യത്തില്‍ പുതിയ മെഷീന്‍ ആവശ്യമായി വന്നാല്‍ അവ ഉടന്‍ തന്നെ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നതിനുള്ള നടപടി സ്വീകരിയ്‌ക്കേണ്ടതാണ്. കൂടാതെ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോളിംഗ് പുരോഗതി ശേഖരിച്ച് റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതുമാണ്. പോളിംഗ് സ്റ്റേഷനിലോ അവയുടെ പരിസരത്തോ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലീസുമായി ബന്ധപ്പെട്ട് അവ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍, വരണാധികാരി, ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പ്രദേശത്ത് ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദേ്യാഗസ്ഥന്‍മാര്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ ശേഖരിക്കേണ്ടതാണ്. ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥനാണ് സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കുക.
Discussion about this post