തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി കെ.എം. മാണി 25 ലക്ഷം രൂപ കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ആണ് വിധി പ്രസ്താവിച്ചത്.
2014 മാര്‍ച്ച് 22ന് 15 ലക്ഷം രൂപയും ഏപ്രിലില്‍ രണ്ടിന് 10 ലക്ഷം രൂപയും കൈപ്പറ്റിയതിനാണ് തെളിവുള്ളത്. പാലായില്‍ വച്ച് പണം കൈമാറിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് രേഖകളും കണ്ടെത്തലുകളും വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു. കേസില്‍ വിജിലന്‍സ് ഡി.ജി.പി വിന്‍സന്‍ എം പോളിന്റെ നടപടി തെറ്റാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട‌്.
വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണെന്നും അതിനാല്‍ സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കം പതിനൊന്നോളം പേരുടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.












