ഒരിക്കല്‍ക്കൂടി ലോകം നടുങ്ങി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണ പരമ്പരയില്‍ 127പേരാണ് കൊല്ലപ്പെട്ടത്. 150ലേറെപേര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ എന്നു കരുതുന്ന എട്ടുപേരും മരിച്ചതായാണ് വിവരം. സ്‌റ്റേദെ ദെ ഫ്രാന്‍സ്വാ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരവാദം ആയിരിക്കുമെന്ന് ഈ രംഗത്തെ പല വിദഗ്ദ്ധരും മുന്നറിയിപ്പു നല്‍കിയിരുന്നു അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ലോകത്ത് എവിടെയും ഏതു നിമിഷവും ഇത്തരം സ്‌ഫോടനങ്ങള്‍ നടക്കാവുന്ന സ്ഥിതിയാണ്. ഐ.എസ്.എന്ന ഭീകര സംഘടന മാനവരാശിയോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യന്‍ നേടിയെടുത്ത സാംസ്‌കാരിക സത്തയെ മുഴുവന്‍ പിച്ചിചീന്തുകയാണ് ഇസ്ലാമിന്റെ പേരുപറഞ്ഞുകൊണ്ട് ഈ ചെകുത്താന്മാര്‍.
അമേരിക്കയില്‍ 2011 സെപ്റ്റംബര്‍ 11ന് ഉണ്ടായ അല്‍ക്വയ്ദ ആക്രമണം ലോകത്തിന്റെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതുമെന്ന് പലരും പറഞ്ഞതാണ്. ലോകചരിത്രം സെപ്റ്റംബര്‍ 11ന് മുമ്പും ശേഷവുമെന്ന് ഭാവി തലമുറയ്ക്ക് വായിക്കേണ്ടിവരും എന്ന മുന്നറിയിപ്പ് സത്യമായി ഭവിച്ചിരിക്കുന്നു. ആ ആക്രമണത്തിനുശേഷം ഫ്രാന്‍സിലും അമേരിക്കയിലുള്‍പ്പടെ മുസ്ലീങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വന്നു എന്നാണ് പറയപ്പെടുന്നത്. വിവേചനപരമായ പെരുമാറ്റവും നടപടികളുമാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദം ശക്തിപ്രാപിച്ചത്. അവഗണന അനുഭവപ്പെടുന്നു എന്നുതോന്നുന്ന മുസ്ലീംവിഭാഗത്തിലെ ചെറുപ്പക്കാരും ഇതിനുപിന്നാലെപോയി. ഇസ്ലാമല്ലാത്തതെല്ലാം തങ്ങളുടെ ശത്രുപക്ഷത്താണെന്നുള്ള ചിന്ത വ്യാപകമാക്കിക്കൊണ്ട് ഭീകരവാദത്തിന്റെ അപ്പോസ്തലന്മാര്‍ ഈ സാഹചര്യം നന്നായി മുതലെടുത്തു. എന്നാല്‍ ലോകം ഇസ്ലാം മാത്രമല്ലെന്നും മറ്റു മതങ്ങളും മതവിശ്വാസികളല്ലാത്തവരും ചേര്‍ന്നതാണെന്നും വൈവിദ്ധ്യമാണ് ലോകത്തിന്റെ നിലനില്‍പ്പിനാധാരമെന്നുമുള്ള വസ്തുത ഇവരൊക്കെ മറന്നുപോയി.
ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട ശേഷം അല്‍ക്വയ്ദയ്ക്കു സംഭവിച്ച ശക്തിക്ഷയം മുതലെടുത്തുകൊണ്ടാണ് ഇസ്ലാമിക സ്റ്റേറ്റ് ഭീകരതയുടെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. പാശ്ചാത്യ പത്രപ്രവര്‍ത്തകരെയും മറ്റും കഴുത്തറുത്തുകൊണ്ട് പ്രാചീന കാലഘട്ടത്തില്‍പോലും നടന്നിട്ടില്ലാത്തവിധം ക്രൂരമായ സംഭവങ്ങളാണ് അവര്‍ നടത്തിയത്. മനുഷ്യരക്തം പാനം ചെയ്യുന്ന നരഭോജികളായി മാറിയ ഐ.എസ്. ഭീകരതയുടെ ഒടുവിലത്തെ കുരുതിയാണ് ഫ്രാന്‍സില്‍ അരങ്ങേറിയത്.
ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ കഴിഞ്ഞദിവസം ബ്രിട്ടണ്‍ സന്ദര്‍ശിച്ച നരേന്ദ്രമോഡി ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ആ വാക്കുകളുടെ പ്രതിധ്വനി കെട്ടടങ്ങുംമുമ്പാണ് പാരീസില്‍ കൂട്ടക്കൂരുതി നടന്നന്നത്. ഭീകരത ലോകത്തിന്റെ ശത്രുവാണ്. ആ ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ ലോകം ഒത്തൊരുമിച്ചുകൊണ്ട് പോരാടാന്‍ ഇനിയൊട്ടും വൈകിക്കൂടാ. അമാന്തിക്കുന്ന ഓരോ നിമിഷത്തിനും മാനവരാശി വലിയ വിലനല്‍കേണ്ടിവരും.
Discussion about this post