ജീവിതം സഫലവും സാര്‍ത്ഥകവുമെന്നുപറയാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ വളരെ വളരെ കുറവാണ്. നിസ്വാര്‍ത്ഥവും ത്യാഗവും കര്‍മ്മകാണ്ഡത്തിന്റെ പര്യായങ്ങളാക്കിയ വ്യക്തികളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അങ്ങനെ പറയാവുന്ന ഭാരതത്തിന്റെ മഹാനായ വീരപുത്രനാണ് ഇന്നലെ നമ്മെ വിട്ടുപോയ അശോക്‌സിംഗാള്‍ജി.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വിശ്വഹിന്ദുപരിഷത്തിന്റെ പര്യായമായിരുന്നു അശോക് സിംഗാള്‍ജി. ആ പ്രസ്ഥാനത്തിന്റെ അവസാനത്തെ വാക്കും അദ്ദേഹത്തിന്റെതായിരുന്നു. സാംസ്‌കാരിക ദേശീയതയിലൂന്നിയ ഹിന്ദുത്വ പ്രസ്ഥാനത്തെ ഭാരതത്തില്‍ സടകുടഞ്ഞ് എണീപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് അശോക് സിംഗാള്‍ജിയാണ്. ആര്‍.എസ്.എസിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം വെറുമൊരു പരിവാര്‍ സംഘടനയായി അറിയപ്പെട്ടിരുന്ന വിശ്വഹിന്ദുപരിഷത്തിനെ ലോകമാകമാനം വേരുകളുള്ള മഹാപ്രസ്ഥാനമാക്കി മാറ്റി. ആ മഹായാത്രയിലെ അദ്ധ്യായങ്ങളെല്ലാം ഭാരതാംബയുടെ വൈഭവം ഉദ്‌ഘോഷിക്കാനുള്ള കര്‍മ്മമായിരുന്നു.
1964-ല്‍ രൂപംകൊണ്ട വി.എച്ച്.പിയ്ക്ക് പിന്നത്തെ രൂപവും ഭാവവും കൈവന്നത് 1980-ല്‍ സിംഗാള്‍ജി ചുമതല ഏല്‍ക്കുന്നതോടെയാണ്. 1984-ല്‍ ജനറല്‍ സെക്രട്ടറിയും പിന്നീട് വര്‍ക്കിംഗ് പ്രസിഡന്റുമായി മൂന്നു പതിറ്റാണ്ടിലേറെയാണ് അദ്ദേഹം വി.എച്ച്.പി. നയിച്ചത്. അനാരോഗ്യം കാരണം 2011-ല്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗ ദര്‍ശിയായി അദ്ദേഹം തുടരുകയായിരുന്നു. 1981-ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ഹിന്ദുക്കളെ വന്‍തോതില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയപ്പോള്‍ സിംഗാള്‍ജി രംഗത്തെത്തി ആരാധനയ്ക്കായി 200-ലേറെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് വലിയൊരുമാറ്റത്തിനാണ് തുടക്കമിട്ടത്.
ഡല്‍ഹിയില്‍ 1984-ല്‍ ധര്‍മ്മാചാര്യന്മാരെയും സന്യാസിശ്രേഷ്ഠന്മാരെയും വിളിച്ചു കൂട്ടി ധര്‍മ്മസംസദ് ചേര്‍ന്നത് സിംഗാള്‍ജിയുടെ നിര്‍ദേശപ്രകാരമായിരുന്നു. ഈ സദസില്‍ വച്ചാണ് ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. അതിന്റെ പരിണിതഫലമായിരുന്നു ബാബറി മസ്ജിദിന്റെ തകര്‍ച്ച. ഈ സംഭവമാണ് ഭാരതത്തില്‍ ഹൈന്ദവമുന്നേറ്റത്തിന് വഴിവച്ചത്. ഇന്ന് നരേന്ദ്രമോഡി ഒറ്റയ്ക്ക് അധികാരത്തിലേക്ക് എത്തുന്നതിലേക്കുവരെ നയിച്ച സംഭവങ്ങള്‍ക്കു കാരണക്കാരനാണ് അശോക്‌സിംഗാള്‍ജി എന്ന കര്‍മ്മയോഗി.
അധികാരത്തില്‍ നിന്ന് എന്നും അകലം പാലിക്കുകയും ഒരു ഋഷിയെപ്പോലെ ഭാരതാംബയുടെ വൈഭവം ഉയര്‍ത്തുവാനുള്ള കര്‍മ്മത്തില്‍ വ്യാപൃതനാകുകയും ചെയ്തിരുന്ന സിംഗാള്‍ജി ഒരേസമയം കര്‍ക്കശക്കാരനും മൃദുല ഹൃദയനുമായിരുന്നു. ബി.ജെ.പി സര്‍ക്കാരിനെപ്പോലും വിമര്‍ശിക്കാന്‍ മടികാണിച്ചിട്ടില്ലാത്ത സിംഗാള്‍ജിയുടെ പന്ഥാവിലെ വെളിച്ചം എന്നും ധര്‍മ്മമായിരുന്നു.
സിംഗാള്‍ജിയുടെ നിര്യാണം ഞങ്ങളെ സംബന്ധിച്ച് വേദനാജനകമാണ്. ശ്രീരാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത തൊണ്ണൂറുകളുടെ ആരംഭംമുതല്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുമായും ശ്രീരാമദാസമിഷനുമായും അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വല നേതൃത്വത്തോടുള്ള ആദരവ് പ്രകടപ്പിച്ചുകൊണ്ട് 1991-ലെ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചു നടന്ന ഹിന്ദുമഹാസമ്മേളനത്തില്‍വച്ച് സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ സിംഗാള്‍ജിക്ക് ‘വീരമാരുതി പുരസ്‌കാരം’ സമ്മാനിച്ചു. നിരവധി തവണ അദ്ദേഹം ചേങ്കോട്ടുകോണം ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിനുപുറമേ നിരവധി സന്ദര്‍ഭങ്ങളില്‍ സ്വാമികളുമായി അദ്ദേഹത്തിനു ബന്ധപ്പെടാനുളള അവസരം ഉണ്ടായിട്ടുണ്ട്. 1995-ല്‍ ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ദക്ഷിണാഞ്ചല്‍ സന്യാസി സമ്മേളനം, 1998-ലെ പുണ്യഭൂമി അന്തര്‍ദേശീയ സനാതന ദിനപത്രത്തിന്റെ ശിലാന്യാസം, 2000-ല്‍ ട്രിനിഡാഡില്‍ നടന്ന ലോക ഹിന്ദുസമ്മേളനം, 2000-ല്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന സഹസ്രാബ്ദ സമാധാന സമ്മേളനം, 2003-ല്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍നടന്ന സഹസ്രകോടിഅര്‍ച്ചന എന്നിവയിലെല്ലാം ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയോടൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.
ഏതു പ്രതിസന്ധിയിലും എതിര്‍പ്പിലും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കാത്ത അശോക് സിംഗാള്‍ജിയുടെ ജീവിതം ഒരു പാഠവും പ്രചോദനവുമാണ്. ആ കര്‍മ്മകാണ്ഡം ഹൈന്ദവ നവോത്ഥാനത്തിന്റെ രജത ശോഭയാര്‍ന്ന ഏടുകളാണ്. ശ്രീരാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ത്തുക എന്ന സിംഗാള്‍ജിയുടെ സ്വപ്നം പൂവണിയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള മഹാദൗത്യം. അതാണ് കര്‍മ്മയോഗിയോടു നമുക്കു പ്രകടിപ്പിക്കാവുന്ന ഏറ്റവും വലിയ ആദരവ്.
ഭാരതാംബ ജന്മം നല്‍കിയ ഒരു വീരപുത്രന്‍കൂടി മണ്ണിലേക്ക് മടങ്ങി. സന്താപത്തിന്റെ ഈ നിമിഷത്തില്‍, എന്നും ആശ്രമ ബന്ധുവായിരുന്ന അശോക് സിംഗാള്‍ജിയുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ പുണ്യഭൂമിയുടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
Discussion about this post