പുരോഗമനത്തിന്റെയും സാക്ഷരതയുടെയുമൊക്കെ പേരില്‍ അഹങ്കരിച്ചിരുന്ന കേരളം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ തെളിയുന്നത്. ചുംബനസമരത്തിന്റെ പേരില്‍ വിവാദ നായികാനായകന്മാരായ രശ്മി നായരും രാഹുല്‍ പശുപാലനുമാണ് ഇതിലെ പ്രധാന കണ്ണികള്‍. ഇവരുടെ പേര് പുറത്തുവന്നപ്പോള്‍ കേരളം മൂക്കത്ത് വിരല്‍വച്ചുപോയി. ഇവിടെ ലജ്ജിക്കേണ്ടത് മറ്റൊരു കൂട്ടര്‍കൂടിയാണ്. സാദാചാര പോലീസിനെതിരെ എന്നവണ്ണം രംഗത്തെത്തിയ ചുംബന സമരക്കാരെ പ്രോത്സാഹിപ്പിക്കാനും പിന്താങ്ങാനുമായി വിപ്ലവ യുവജനസംഘടനയെന്നഭിമാനിക്കുന്ന ഡി.വൈ.എഫ്.ഐയും ചാനല്‍ ചര്‍ച്ചകളിലൂടെ അതിന് ഏറെ പ്രാധാന്യം നല്‍കിയ കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളുമാണ്. പുരോഗമനത്തിന്റേതെന്ന പേരില്‍ സദാചാര മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ എന്തിനെയും ഏതിനെയും മുന്‍പിന്‍ നോക്കാതെ പിന്താങ്ങുന്നവര്‍ക്ക് മുഖമടച്ചേറ്റ അടികൂടിയാണിത്.
ഭാരതത്തിന്റെ കുടുംബസങ്കല്‍പ്പം വളരെ പവിത്രമാണ്. സദാചാര മൂല്യങ്ങളിലധിഷ്ഠിതമായ കുടുംബവ്യവസ്ഥയാണ് സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്. കൊടിയ ദാരിദ്യത്തിലും പട്ടിണിയിലും പോലും മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോയതുകൊണ്ടാണ് ഇന്നും ഭാരത സംസ്‌കാരം നിലനില്‍ക്കുന്നത്. ലോകം നിലനില്‍ക്കണമെങ്കില്‍ കുടുംബവ്യവസ്ഥ മൂല്യാധിഷ്ഠിതമായിരിക്കണം. അങ്ങനെയല്ലാതായിത്തീര്‍ന്നാല്‍ അത് ഒരു സമാജത്തിന്റെയോ രാഷ്ട്രത്തിന്റെയോ മാത്രമല്ല. ലോകത്തിന്റെ തന്നെ മുന്നോട്ടുള്ള പോക്കില്‍ വന്‍ പ്രത്യാഘാതമാണുണ്ടാക്കുക.
ചുംബന സമരത്തില്‍ ഭാഗഭാക്കായിരുന്ന ചിലര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴും രാഹുല്‍ പശുപാലനെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. രാഹുവിന്റെ അച്ഛന്‍ പശുപാലന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് രാഹുലിനെ ഇഞ്ചനീയറിംഗ് പഠിപ്പിക്കാന്‍ 19 ലക്ഷം രൂപ ചിലവായി എന്നാണ്. താന്‍ ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി സാമ്പാദിച്ച പണം മുഴുവന്‍ രാഹുലിനായി നഷ്ടപ്പെടുത്തേണ്ടിവന്നുവെന്നാണ് പശുപാലന്‍ പറഞ്ഞത്. വീട്ടില്‍ വന്ന് ഒന്നും രണ്ടും ലക്ഷം രൂപ ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി കാര്യം നേടുമായിരുന്നുവെന്നും അന്നേ ധൂര്‍ത്തിന്റെ പര്യായമായിരുന്നു രാഹുല്‍ എന്നുമാണ് പശുപാലന്‍ പറയുന്നത്. രശ്മി നായരാണ് തന്റെ മകനെ വഴിപിഴപ്പിച്ചതെന്നും പശുപാലന്‍ വിലപിക്കുന്നു.
നാണംകെട്ട് പണമുണ്ടാക്കിയാല്‍ ആ പണംകൊണ്ട് നാണക്കേട് മാറ്റാമെന്നൊരു ചൊല്ലുണ്ട്. പണമാണ് എല്ലാത്തിന്റെയും അവസാന വാക്കെന്ന ചിന്ത നശിപ്പിക്കുന്നത് മൂല്യങ്ങളെയും സംസ്‌കാരത്തെയുമായിരിക്കും. ഒരു സമൂഹത്തിന്റെ ആത്മാവാണ് മൂല്യബോധം. അതില്ലാതാകുന്നത് ജഡമായിത്തീര്‍ന്ന ശരീരം പോലെയാണ്. ജഡം അഴുകാന്‍ തുടങ്ങിയാല്‍ അതിന്റെ ദുര്‍ഗന്ധം അസഹനീയമാണ്. ഇതുതന്നെയാണ് പുരോഗമനത്തിന്റെ പേരില്‍ മൂല്യങ്ങളെയും സദാചാര സംഹിതകളെയും നിഷേധിക്കുന്ന ഒരു സമൂഹത്തിനു സംഭവിക്കാവുന്നത്. സമൂഹത്തില്‍ മാറ്റം നല്ലതാണ്. എന്നാല്‍ അത് കുടുംബബന്ധങ്ങളെയും അതിലൂടെ സമാജത്തെയും ശിഥിലമാക്കുന്ന തരത്തിലാകരുത്. ഇക്കാര്യത്തില്‍ യുവജനപ്രസ്ഥാനങ്ങളും മാധ്യമങ്ങളുമൊക്കെ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. അല്ലെങ്കില്‍ രാഹുല്‍ പശുപാലനെയും രശ്മി നായരെയുമൊക്കെ അനര്‍ഹമായി പ്രോത്സാഹിപ്പിച്ചതിന്റെ പാപഭാരം ചുമക്കേണ്ടിവരും.
Discussion about this post