കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ഇന്ന് കാസര്‍കോട് നിന്ന് സമത്വമുന്നേറ്റയാത്ര ആരംഭിക്കുകയാണ്. കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുള്ള തുടക്കം കൂടിയാണിത്. നായാടി മുതല്‍ നമ്പൂതിരി വരെ ഒരേ കുടക്കീഴില്‍ അണിനിരന്നുകൊണ്ടുള്ള ഹൈന്ദവ ഐക്യം സ്വപ്‌നം കാണുകയും അതിനുവേണ്ടി കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ മഹാസമാധിദിനം നാളെ ആണെന്നതും യാദൃശ്ചികമായി കാണാനാവില്ല.
ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനത്തിലൂടെ മാറിമാറി അധികാരം കയ്യേറുകയും ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ അവഗണിക്കുക മാത്രമല്ല അവഹേളിക്കുകയും കൂടിയായിരുന്നു സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. ഹിന്ദുവിന്റെ പേരുപറഞ്ഞാല്‍ അത് വര്‍ഗ്ഗീയതയായി കൊണ്ടാടുകയും മറിച്ച് ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മതേതരത്വമായി ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന അപകടകരമായ രാഷ്ട്രീയ സാമൂഹികാവസ്ഥയില്‍ നിന്ന് കേരളത്തെ കരകയറ്റാനുള്ള മഹായാത്ര കൂടിയാണ് ഇന്ന് ആരംഭിക്കുന്നത്.
ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തീവ്രവാദസംഘടനകളായ മദനിയുടെ പിഡിപിയുമായും എസ്ഡിപിഐയുമായും ബാന്ധവം ഉണ്ടാക്കിയ സിപിഎമ്മാണ് സമത്വമുന്നേറ്റയാത്രയ്‌ക്കെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. കേരളത്തിലെ ഹൈന്ദവര്‍ സംഘടിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴും എന്ന തരത്തിലാണ് സിപിഎമ്മിന്റെതിനു പുറമെ മുസ്ലീംലീഗിന്റെ നേതാക്കളും രംഗത്തു വന്നിരിക്കുന്നത്. കേരളത്തിന്റെ ഖജനാവില്‍ വലിയൊരു ഭാഗം കൊള്ളയടിച്ചുകൊണ്ടുപോകുന്ന മുസ്ലീംലീഗ് അധികാരത്തിന്റെ രുചി നുണയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അത് എക്കാലവും തുടരാന്‍ കഴിയില്ലാ എന്ന മോഹഭംഗമാണ് അവരെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്.
സമത്വമുന്നേറ്റ യാത്രയെ സംബന്ധിച്ച ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചുകൊണ്ട് തങ്ങളുടെ അസഹിഷ്ണുത സിപിഎം നേതൃത്വം മലബാറില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഗുരുദേവന്‍ ജീവിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളിയെ ചാട്ടവാര്‍ കൊണ്ട് അടിക്കുമായിരുന്നുവെന്നാണ് കോടിയേരി പ്രസ്താവിച്ചത്. ഗുരുദേവനെ കുരിശിലേറ്റിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇത് പറയുന്നത് എന്നത് കേരളം പരിഹാസത്തോടെയാണ് കാണുന്നത്. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതില്‍ പരാജയപ്പെട്ട സിപിഎം ആക്രമണമാണ് അതിന് ഉത്തരമായി കാണുന്നത്.
ജനാധിപത്യത്തില്‍ ആക്രമണത്തിന് യാതൊരു സ്ഥാനവുമില്ല. വെള്ളാപ്പള്ളി പറഞ്ഞത് മലബാറില്‍ അത്ര സുപരിചിതനല്ലായിരുന്ന തന്നെ ഇന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായും ഈ എതിര്‍പ്പ് സമത്വമുന്നേറ്റയാത്ര കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഊര്‍ജ്ജം പകരുന്നതുമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഹിന്ദു ശബ്ദമുയര്‍ത്തിയാല്‍ അത് ജാതിയും മറ്റു സമുദായക്കാര്‍ സംസാരിച്ചാല്‍ അത് നീതിയുമാകുന്നത് എങ്ങനെയെന്ന വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് ആയിരം തലങ്ങളുണ്ട്. ‘ഭൂരിപക്ഷ സമുദായമെന്നും ന്യൂനപക്ഷ സമുദായമെന്നും തരംതിരിച്ച് ഭൂരിപക്ഷ സമുദായത്തിന് എന്നും നീതി നിഷേധിക്കുകയാണ് ഇതാണ് സമൂഹത്തില്‍ജാതിചിന്ത വളര്‍ത്തുന്നത്. മറ്റു മതവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ മതപരമായ സംവിധാനം നിലവിലുണ്ട്. ഹിന്ദു വിഭാഗത്തിലെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ ആരുമില്ല. അത് തുറന്നു പറയുമ്പോള്‍ തന്നെ ചിലര്‍ ആക്ഷേപിക്കുകയാണ്. ആശയപരമായി നേരിടുന്നതിന് പകരം തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്നതിലേക്കുവരെ ഇക്കൂട്ടര്‍ എത്തി.’- വെള്ളാപ്പള്ളിയുടെ ഈ വാക്കുകള്‍ ആത്മാഭിമാനത്തിന് പോറലേല്‍പ്പിക്കുകയും ഇക്കാലമത്രയും അവഹേളനം സഹിക്കുകയും ചെയ്ത കേരളത്തിലെ ഹിന്ദുവിന്റെ ശബ്ദമാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മന്നം-ശങ്കര്‍ കൂട്ടുകെട്ട് ഹിന്ദുമഹാമണ്ഡലത്തിന് രൂപം കൊടുത്തെങ്കിലും ഹിന്ദുക്കള്‍ സംഘടിച്ചാല്‍ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമെന്ന് ഭയപ്പെട്ട ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ അത് തുടക്കത്തിലേ തല്ലിക്കെടുത്തുകയായിരുന്നു. പിന്നീട് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി മുന്‍കൈ എടുത്ത് വെള്ളാപ്പള്ളി നടേശനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. നാരായണപ്പണിക്കരെയും ഹിന്ദുഐക്യത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നെങ്കിലും അതും ചില സ്ഥാപിത താല്‍പര്യക്കാര്‍ മുന്നോട്ടുപോകാന്‍ അനുവദിച്ചില്ല. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഹിന്ദുഐക്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഭൂരിപക്ഷം നായര്‍ സമുദായ അംഗങ്ങളും ഹിന്ദുഐക്യമെന്ന മഹാ സ്വപ്‌നത്തെ നെഞ്ചോട് ചേര്‍ക്കുന്നവരെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കാരണം കേരളത്തിലെ ഹിന്ദുസമുദായത്തിന്റെ ഭാഗമാണ് നായര്‍ സമുദായം. അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന എന്‍എസ്എസിന് ഈ ഹൈന്ദവ മുന്നേറ്റത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല.
കേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. ഹൈന്ദവ ഐക്യമെന്ന ആശയം പ്രാവര്‍ത്തികമാകുന്ന ശുഭവേളയാണിത്. അപ്പോഴും നാം ജാഗ്രതയോടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കണം. ഹിന്ദു ഐക്യം തകര്‍ക്കാന്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നവര്‍ നമുക്കുചുറ്റുമുണ്ട്. അധികാരത്തിന്റെ രുചി നുണഞ്ഞവര്‍ അത് നഷ്ടപ്പെടുമ്പോള്‍ മിണ്ടാതിരിക്കില്ല. ഹിന്ദു ഉണര്‍ന്നാല്‍ അത് കേരളത്തിന്റെ അധികാര സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നറിയാം. അതുകൊണ്ടുതന്നെ ഹിന്ദുഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാനുള്ള ബാധ്യതയും ജാഗ്രതയും കേരളത്തിലെ എല്ലാ ഹിന്ദുക്കള്‍ക്കുമുണ്ട്.
Discussion about this post