ഇന്ന് ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട പദമാണ് അസഹിഷ്ണുത. ആര് ആരോടാണ് അസഹിഷ്ണുത കാട്ടുന്നതെന്ന് മാത്രം വ്യക്തമല്ല. ഭാരതം സഹസ്രാബ്ദങ്ങളായി വച്ചു പുലര്‍ത്തുന്ന മൂല്യബോധത്തിന്റെ പ്രകാശപൂര്‍ണ്ണമായ അംശമാണ് സഹിഷ്ണുത. ലോകത്തെ സമസ്ത ജീവരാശികള്‍ക്കും അചേതനവസ്തുക്കള്‍ക്കും ശാന്തിഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ഇന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് ഭാരതം. പിറന്നനാടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട യഹൂദരെയും ക്രൈസ്തവരെയും ഇരുകൈകളും നീട്ടി സ്വീകരിച്ച മഹാപൈതൃകമാണ് ഭാരതത്തിനുള്ളത്. എല്ലാ മതങ്ങളുടെയും നന്മകളെയും ആശയങ്ങളെയും ഉള്‍ക്കൊളളുകയും സ്വാംശീകരിക്കുകയും ചെയ്തു എന്നതാണ് ഭാരത സംസ്‌കാരത്തിന്റെ മഹിമ. ഈശ്വരനിലേക്ക് പല വഴികളുണ്ടെന്നും അതെല്ലാം ശരിയെന്നു വിശ്വസിക്കുകയും നിരീശ്വരവാദികളായ ചാര്‍വാകരെപ്പോലും അംഗീകരിക്കുകയും ചെയ്ത ഒരു രാഷ്ട്രമാണ് ഭാരതം.
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് ആറര ദശാംബ്ദം മാത്രമാണ് പിന്നിട്ടത്. ഭരണഘടനയിലൂടെ നിലവില്‍ വന്നതെല്ലാം ഭാരതത്തിന്റെ മതേതര സംസ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണമാണ്. അത് വേദങ്ങളിലൂടെയും ഉപനിഷത്തുക്കളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും ജനഹൃദയങ്ങളിലൂടെ അമരഗംഗയായി ഒഴുകി ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ രൂപപ്പെട്ട മഹത്തായ ദര്‍ശനമാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഭാരതത്തില്‍നിന്ന് വേര്‍പെട്ടുപോയ പാക്കിസ്ഥാന്‍ മതാധിഷ്ഠിത രാഷ്ട്രമായി മാറിയിട്ടും ഭാരതം മതേതരമായി നിലകൊണ്ടത്.
നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനെ തുടര്‍ന്ന് എല്ലാ രംഗത്തും ഉണര്‍വും പ്രകാശവും പരന്നതോടെ അസഹിഷ്ണുക്കളായിത്തീര്‍ന്ന ഒരു വലിയ വിഭാഗം കരുതിക്കൂട്ടി ഉണ്ടാക്കിയെടുത്ത ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ് അസഹിഷ്ണുതാ വാദം. അതിന് ദേശീയ മാധ്യമങ്ങളെന്ന് ഉദ്‌ഘോഷിക്കുന്ന ദേശവിരുദ്ധരുടെ സഹായവും കൂടിയായപ്പോള്‍ ഭാരതത്തിലെന്തോ അരുതാത്തത് സംഭവിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതിനുപിന്നില്‍ അന്താരാഷ്ട്ര തലത്തിലുള്ള ചില കരുനീക്കങ്ങളില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഭാരതത്തിന് ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായെന്നുവേണം കരുതാന്‍. മൂന്നാം ലോകരാജ്യങ്ങളുടെ ഇടയില്‍നിന്ന് ലോകശക്തിയായി വളരുന്ന ഭാരതം സാമ്പത്തിക വളര്‍ച്ചയില്‍ അമേരിക്കയെയും ചൈനയെയും പിന്തള്ളി സമീപഭാവിയില്‍ ഒന്നാമതെത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരിക്കുകയാണ്. ഭാരതത്തില്‍ അസ്വസ്ഥത സൃഷ്ടിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ രക്ഷയില്ലെന്ന് വരുത്തിതീര്‍ത്ത് ലോകരാജ്യങ്ങളുടെ മുന്നില്‍ പ്രതിച്ഛായ തകര്‍ത്തുകൊണ്ട് യു.എന്നിലെ സ്ഥിരാംഗത്വത്തിന് തടയിടുകയും സാമ്പത്തികവളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഈ വിവാദങ്ങള്‍ക്കുമുന്നില്‍. ഇതറിഞ്ഞോ അറിയാതെയോ ഭാരതത്തിനുള്ളില്‍തന്നെ പ്രതിപക്ഷവും മാധ്യമങ്ങളും കഥയറിയാതെ ആട്ടം കാണുന്നതുപോലെ പ്രതികരിക്കുന്നതിന്റെ ആകെത്തുകയാണ് അസഹിഷ്ണുതാവാദം.
ദാദ്രിയില്‍ പശു ഇറച്ചിയുമായി ബന്ധപ്പെട്ട് ഒരു വൃദ്ധന്‍ മരിക്കുന്നതിനിടയായ സംഭവത്തോടെയാണ് അസഹിഷ്ണുതാവാദത്തിന്റെ തുടക്കം. അതിനുപിന്നാലെ, മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമൊക്കെ വധിക്കപ്പെട്ട സാഹിത്യകാരന്മാരുടെ പേരില്‍ മോദിക്കുനേരെ തിരിയുകയായിരുന്നു. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നിരിക്കെ ഇതിനൊക്കെ നരേന്ദ്രമോഡി എങ്ങനെയാണ് കുറ്റക്കാരനാവുക. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിയുന്നുവെന്നും ഹിന്ദുത്വവിരുദ്ധ ആശയങ്ങളെ വച്ചുപൊറുപ്പിക്കുന്നില്ല എന്നുമാണ് ഇവര്‍ പറയുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ട ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയോ മഹാസംസ്‌കൃതിയുടെ ഈടുവയ്പുകളായ ഇതിഹാസപുരാണങ്ങളെയുമൊക്കെ തകര്‍ക്കാന്‍ ഏതു സാഹിത്യകാരന്‍വിചാരിച്ചാലും കഴിയില്ല. കാരണം സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു ദര്‍ശനവും അതിന്റെ അക്ഷരപ്രകാശങ്ങള്‍ക്കുമെതിരെയാണ് ഇവരൊക്കെ വിരല്‍ചൂണ്ടുന്നത്. ഏറ്റവും ഒടുവില്‍ പ്രമുഖ ബോളിവുഡ്താരത്തിന്റെ പ്രതികരണമാണ് വന്‍വിവാദമായിരിക്കുന്നത്. രാജ്യംവിടാന്‍ ആലോചിച്ചിരുന്നുവെന്ന അമീര്‍ഖാന്റെ ഭാര്യ കിരണിന്റെ നിലപാടിനെക്കുറിച്ചാണ് ഖാന്‍ ഒരു ചടങ്ങിനിടെ പറഞ്ഞത്. അമീറിനെതിരെ എ.ഐ.എം.ഐ.എം പ്രസിഡന്റ് ആസാദുബിന്‍ ഒവൈസി തന്നെ രംഗത്തെത്തി. അമീര്‍ഖാനെപോലെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഒരിക്കലും മുസ്ലീങ്ങള്‍ വശംവദരാകരുതെന്നും മറ്റുള്ളവരില്‍ ഭയം വിതറുന്ന പ്രസ്താവന നടത്തരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് നമ്മുടെ രാജ്യമാണെന്നും മുസ്ലീങ്ങള്‍ ജന്മംകൊണ്ടുമാത്രമല്ല എല്ലാ തരത്തിലും ഭാരതീയരാണെന്നുമുള്ള ഒവൈസിയുടെ പ്രസ്താവന അസഹിഷ്ണുതാവാദത്തിന്റെ വക്താക്കള്‍ ചെവിതുറന്നുകേള്‍ക്കേണ്ടതാണ്.
ബി.ജെ.പി ഭാരതത്തിന്റെ കടിഞ്ഞാണുമായി കുതിക്കുന്നതില്‍ അസഹിഷ്ണുക്കളായ ഒരുകൂട്ടം കപടമതേതരവാദികള്‍ക്കും ദേശവിരുദ്ധ മാധ്യമങ്ങള്‍ക്കുമാണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത. ഇത് കാറ്റുപോയ ബലൂണായി ശുദ്ധശൂന്യതയില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍തന്നെ അവസാനിക്കും. കാരണം അധര്‍മ്മികളുടെ അസത്യവാദം ഒരിക്കലും അങ്ങനെയല്ലാതാവില്ല.
Discussion about this post