സമത്വ മുന്നേറ്റ യാത്രയുടെ നായകനും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരെ ആലുവയില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. മതവിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തി എന്ന പേരിലാണ് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെയുള്ള ഇടതു-വലതു മുന്നണികളുടെ ഇരട്ട നീതിയെ ഉയര്‍ത്തിക്കാട്ടിയാണ് വെള്ളാപ്പള്ളി നടേശന്‍ യാത്ര ആരംഭിച്ചത്. ആലുവയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന മരണത്തിലും വിവേചനം കാട്ടുന്നതിനെതിരെയാണ്. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന് ധനസഹായം നല്‍കിയത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞതാണ് വന്‍ വിവാദമായത്. സ്വന്തം ജീവന്‍ നോക്കാതെ രണ്ട് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണമടഞ്ഞ നൗഷാദിന്റെ ജീവിതം മാതൃകയാണ്.
ത്യാഗപൂര്‍ണ്ണമായ ആ ബലിദാനത്തിന്റെ മഹത്വം കുറച്ചു കണ്ടുകൊണ്ടല്ല വെള്ളാപ്പള്ളി പരാമര്‍ശം നടത്തിയത്. മറിച്ച് ഈ സംഭവത്തിന് മുമ്പ് വാഹനാപകടത്തില്‍ മരിച്ച അത്‌ലറ്റുകളായ മൂന്നു ഹിന്ദു കുട്ടികള്‍ക്ക് കൂടി ധനസഹായം കൊടുക്കാതിരുന്നതിനെ കുറിച്ചാണ്. ഈ വിവേചനത്തെയാണ് പ്രസംഗമദ്ധ്യേ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹൈന്ദവ വിരുദ്ധ മാധ്യമങ്ങളെല്ലാം ചേര്‍ന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവന വളച്ചൊടിച്ചുകൊണ്ട് അദ്ദേഹം കടുത്ത വര്‍ഗ്ഗീയവാദി എന്ന തരത്തിലാണ് പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയത്.
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാമെങ്കില്‍ ഇതിലും ശക്തമായ ഭാഷയില്‍ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ച ചിലര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്ന ചോദ്യം ഉയരുകയാണ്. മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ മുസ്ലീമായതുകൊണ്ടാണ് യാക്കൂബിനെ തൂക്കിലേറ്റിയതെന്നാണ് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. കാന്തപുരം അബൂബേക്കര്‍ മുസലിയാര്‍ സ്ത്രീപുരുഷ സമത്വത്തെ സംബന്ധിച്ച് ഉയര്‍ത്തിയ പ്രാകൃതമായ വാദവും ഈ ഗണത്തില്‍പ്പെടുത്താം. മാത്രമല്ല കൈയേറ്റഭൂമി പിടിച്ചെടുത്താല്‍ രക്തപ്പുഴ ഒഴുകുമെന്ന തരത്തില്‍ ഒരു ബിഷപ്പും മുമ്പ് പ്രസംഗിച്ചിരുന്നു. ചീഫ് സെക്രട്ടറി ജിജിതോംസണ്‍ മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗവും മതവിദ്വേഷത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഇതിന്റെ പേരിലൊന്നും കേസെടുത്തിട്ടില്ലായെന്നു മാത്രമല്ല വെള്ളാപ്പള്ളിക്കെതിരെ ഉറഞ്ഞു തുള്ളുന്ന ഇടതുവലതു നേതാക്കള്‍ ഇതിനെകുറിച്ചൊന്നും പ്രതികരിക്കാന്‍പോലും തയ്യാറായിട്ടില്ല. വെള്ളാപ്പള്ളി ഉയര്‍ത്തിയ ഇരട്ട നീതി എത്ര ശരിയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
വെള്ളാപ്പള്ളിയുടെ യാത്രയെ തുടക്കം മുതല്‍ എതിര്‍ത്തുവന്ന ഇടതു വലതു മുന്നണികള്‍ യാത്ര ആലുവാപ്പുഴ പിന്നിടുമ്പോഴേക്കും ശരിക്കും ഭയവിഹ്വലരായി എന്നാണ് അദ്ദേഹത്തിനെതിരെ എടുത്ത കേസ് തെളിയിക്കുന്നത്. മാത്രമല്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. മുസ്ലീംലീഗിന്റെ താളത്തിനനുസരിച്ച് തുള്ളുന്ന യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല. മുമ്പും ഇതിന് സമാനമായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. മതം നോക്കി സഹായം നല്‍കുന്നത് സംബന്ധിച്ച് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇതൊന്നും യാദൃശ്ചികമെന്ന് കരുതാന്‍ വയ്യ. പതിറ്റാണ്ടുകളായി ഹൈന്ദവ സമൂഹം ഉയര്‍ത്തുന്ന നീതിരാഹിത്യത്തിന്റെ പൊയ്മുഖങ്ങള്‍ വെള്ളാപ്പള്ളി വലിച്ചുകീറുമ്പോള്‍ ഇടതു വലതു നേതാക്കള്‍ക്ക് ഹാലിളകുകയാണ്. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന യാഥാര്‍ത്ഥ്യം അവരെ പേടിപ്പെടുത്തുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കും കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കും ഇടതു -വലതു മുന്നണികളുടെ നേതൃത്വത്തില്‍ നിരവധി യാത്രകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത തരത്തില്‍ യാത്രയ്ക്ക് മുമ്പു മുതല്‍ തന്നെ തുടങ്ങിയ കോലാഹലം ഇപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടുണ്ട്. ഹിന്ദുവിന്റെ പേരുപറയുമ്പോള്‍ അത് വര്‍ഗ്ഗീയമായി കാണുന്ന മതേതര കാപട്യത്തിന്റെ പൊയ്മുഖം കേരളത്തിന്റെ സാമൂഹ്യ മനസാക്ഷി ഇന്ന് തുറന്നു കാണുകയാണ്. മതേതരത്വം എന്ന എടുക്കാ നാണയത്തെ വര്‍ഷങ്ങളായി കീശയില്‍ തിരുകി സ്വന്തം പള്ള വീര്‍പ്പിക്കാനുള്ള ശ്രമമായിരുന്നു അധികാരത്തിലൂടെ ഇരുമുന്നണികളും നടത്തിയത്. പേരില്‍ പോലും വര്‍ഗ്ഗീയതയുള്ള മുസ്ലീംലീഗ് മതേതര കക്ഷിയെന്ന് പറയുന്ന കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകാരെയുമൊക്കെ കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചതിന് കാരണക്കാര്‍ ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ ഇക്കാലമത്രയും അധികാരം കൈയാളിയ മുന്നണികള്‍ തന്നെയാണ്. ഹിന്ദുക്കള്‍ വിറകുവെട്ടികളും വെള്ളംകോരികളുമായി മാറുമെന്ന വ്യാമോഹം അസ്തമിക്കാന്‍ തുടങ്ങുമ്പോള്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഭൂരിപക്ഷ ഹിന്ദുസമൂഹത്തിനു നേരെ കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ഉണരുന്ന ഹിന്ദുവിന്റെ അജയ്യമായ പ്രയാണത്തെ തടയാന്‍ ഇരുമുന്നണികള്‍ക്കുമാവില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലെയും കോണ്‍ഗ്രസ്സിലെയും വലിയൊരു വിഭാഗം തന്നെ ഇപ്പോള്‍ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങളെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ ഇക്കാലമത്രയും തടിച്ചുകൊഴുക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു.
കേരളത്തില്‍ ഹിന്ദുഭൂരിപക്ഷത്തിന്റെ ധ്രുവീകരണം അനിവാര്യമായ ചരിത്രത്തിന്റെ നിയോഗമാണ്. അപ്രതിരോധ്യമായ ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരുശക്തിക്കുമാവില്ല. വെള്ളാപ്പള്ളി തന്നെ സൂചിപ്പിച്ചതുപോലെ അറസ്റ്റു ചെയ്താല്‍ പുറത്തുള്ള വെള്ളാപ്പള്ളിയെക്കാള്‍ ശക്തനായിരിക്കും ജയിലില്‍ എന്നാണ്. കേവലം വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു കേസ് എടുത്തുകൊണ്ട് ഹൈന്ദവ മുന്നേറ്റത്തെ തടയാനാകില്ല. കാരണം അത് ധര്‍മ്മസമരമാണ്.
Discussion about this post