തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലെ വൊക്കേഷണല്‍ വിഷയങ്ങള്‍ മൊഡ്യൂള്‍ രൂപത്തില്‍ പരിഷ്‌ക്കരിച്ച് പാഠ്യപദ്ധതി പുതുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം 2015-16 അക്കാദമിക വര്‍ഷം മുതല്‍ ഓരോ വര്‍ഷവും രണ്ടു മൊഡ്യൂള്‍ വീതം അടങ്ങുന്ന പാഠ്യപദ്ധതിയായിരിക്കും. ഓരോ മൊഡ്യൂളിന്റെയും അവസാനം ആയിരിക്കും പ്രാക്ടിക്കല്‍, പ്രൊഫഷണല്‍ പ്രാക്ടീസ് എന്നിവയുടെ മൂല്യനിര്‍ണയം എന്നിവ അടങ്ങിയ നിരന്തര മൂല്യനിര്‍ണയവും (സി.ഇ)നൈപുണി മൂല്യനിര്‍ണയവും (എസ്.ഇ) നടത്തുക. വര്‍ഷാന്ത്യ മൂല്യനിര്‍ണയം (റ്റി.ഇ) വര്‍ഷാവസാനവും നടത്തും. റ്റി.ഇ. – 40, സി.ഇ – 10 എസ്.ഇ-100 (വി.ഇ – 75, വി.സി.- 25) വെയ്‌റ്റേജ് ഉള്‍പ്പെടെ സ്‌കോര്‍ 150 ആണ്. ആകെ 150 മാര്‍ക്ക്. പ്രാക്ടിക്കല്‍ പരീക്ഷയുടെ സമയദൈര്‍ഘ്യം ആറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയ്ക്കുകയും ഓരോ ബാച്ചിലും ഉള്‍ക്കൊളളുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എട്ടില്‍ നിന്നും പതിനഞ്ചായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മൂന്ന് ദിവസമായി നടത്തിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ ഒരു ദിവസമായി ചുരുക്കി. രണ്ട് ബാച്ചിന്റെയും പ്രാക്ടിക്കലിന്റെ മൂല്യനിര്‍ണയം ഒറ്റ ദിവസം തന്നെയായിരിക്കും. ഓരോ മൊഡ്യൂളിനുമുളള പരീക്ഷയില്‍ ചുരുങ്ങിയത് 50 ശതമാനം സ്‌കോര്‍ നൈപുണി മൂല്യനിര്‍ണയത്തില്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രാക്ടിക്കല്‍ മൂല്യനിര്‍ണയത്തിനുളള പൊതുചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കും. നോണ്‍-വൊക്കേഷണല്‍ വിഷയങ്ങള്‍ക്കുളള പാഠ്യപദ്ധതി നിലവിലുളള രീതിയില്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.












