തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊരട്ടി എന്നീ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മേഖലാ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ നിന്നും സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് പത്ത് നാടകങ്ങള്‍ തെരഞ്ഞെടുത്തു.
അരുത് ഇത് പുഴയാണ് (കൊച്ചിന്‍ കേളി), ആകാശത്തില്‍ തനിയെ (അണിയറ, ചങ്ങനാശേരി, കോട്ടയം), കടത്തനാടന്‍ പെണ്ണ് തുമ്പോലാര്‍ച്ച (തൃശൂര്‍ യമുന എന്റര്‍ടൈനേഴ്‌സ്), കുഴിയാനകള്‍ (കൊല്ലം ആവിഷ്‌കാര, ഓച്ചിറ), കോങ്കണ്ണന്‍ (തൃശൂര്‍ സദ്ഗമയ), ചിലനേരങ്ങളില്‍ ചിലര്‍ (വള്ളുവനാട് കൃഷ്ണ കലാനിലയം, പാലക്കാട്), നീലനിലാവില്‍ ഭാര്‍ഗ്ഗവി നിലയം (തിരുവനന്തപുരം നക്ഷത്ര കമ്മ്യൂണിക്കേഷന്‍), മാമാങ്കം (കോഴിക്കോട് സങ്കീര്‍ത്തന), മേരാ നാം ജോക്കര്‍ (സംസ്‌കൃതി, വെഞ്ഞാറമൂട്, തിരുവനന്തപുരം) ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ്, ആലപ്പുഴ) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍.
തിരുവനന്തപുരത്ത് വില്‍സണ്‍ സാമുവല്‍, തുളസീധരകുറുപ്പ്, കാവില്‍ പി. മാധവന്‍, കോട്ടയത്ത് ഗോപാല്‍ജി, സുധീര്‍പരമേശ്വരന്‍, കെ.ജെ. വില്‍സണ്‍, കോഴിക്കോട് ജയസൂര്യ, ശശിധരന്‍ നടുവില്‍, മഞ്ജുളന്‍, കൊരട്ടിയില്‍ എം. തങ്കമണി, മേതില്‍ വേണുഗോപാല്‍, സേവ്യര്‍ പുല്‍പ്പാട്ട് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നാല് മേഖലകളിലായി 49 നാടകങ്ങളാണ് മത്സരിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട പത്ത് നാടകങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം സബ്‌സിഡി നല്‍കും. സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം 2015 ഡിസംബര്‍ 17 മുതല്‍ 26 വരെ തൃശൂരില്‍ സംഗീത നാടക അക്കാദമി തീയേറ്ററില്‍ നടക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ അറിയിച്ചു.












